Skip to main content
ജനീവ

syria peace talksസിറിയയിലെ ആഭ്യന്തര യുദ്ധത്തിന് പരിഹാരം ലക്ഷ്യമിട്ട് യു.എന്‍ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സമാധാന ചര്‍ച്ച സ്വിറ്റ്സര്‍ലന്‍ഡില്‍ തുടങ്ങി. സ്വിസ് നഗരമായ മോണ്‍ട്രയില്‍ ബുധനാഴ്ച ആരംഭിക്കുന്ന ചര്‍ച്ചകള്‍ രണ്ട് ദിവസത്തിന് ശേഷം സ്വിറ്റ്സര്‍ലന്‍ഡിലെ തന്നെ ജനീവയില്‍ തുടരും. യു.എസും റഷ്യയുമാണ്‌ ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുത്തത്.

 

സിറിയയിലെ അസാദ് ഭരണകൂടവും വിമതരും തമ്മില്‍ നേരിട്ടു നടക്കുന്ന ആദ്യ ചര്‍ച്ചയാണിത്‌. മൂന്ന്‍ വര്‍ഷത്തോളമായി തുടരുന്ന സംഘര്‍ഷങ്ങളില്‍ ഒരു ലക്ഷത്തിലധികം പേര്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍. ലക്ഷക്കണക്കിന്‌ പേര്‍ ഭവനരഹിതരായി.

 

എന്നാല്‍, ചര്‍ച്ച എത്രത്തോളം ഫലപ്രദമായിരിക്കും എന്ന കാര്യത്തില്‍ ഇതിനകം സംശയം ഉയര്‍ന്നുകഴിഞ്ഞു. പ്രസിഡന്റ് ബാഷര്‍ അല്‍-അസാദിനെ സ്ഥാനത്ത് നിന്ന്‍ നീക്കാതെയുള്ള ഒരു പരിഹാരത്തിനും സന്നദ്ധമല്ല എന്ന നിലപാടാണ് വിമതര്‍ സ്വീകരിച്ചിരിക്കുന്നത്. അതേസമയം, ഈ ആവശ്യം അംഗീകരിക്കില്ലെന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ നിലപാട്.

 

അതിനിടെ, അസാദ് ഭരണകൂടം നടത്തിയതായി പറയുന്ന പീഡനങ്ങളുടേയും കൊലപാതകങ്ങളുടേയും തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. കസ്റ്റഡിയില്‍ നടന്ന പീഡനങ്ങളുടേയും മൃതദേഹങ്ങളുടേയും സൈനിക പോലീസിന്റെ ഫോട്ടോഗ്രാഫര്‍ എടുത്ത ചിത്രങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. അസാദിനെതിര കലാപം ആരംഭിച്ച 2011 മാര്‍ച്ച് മുതല്‍ ഇങ്ങനെ 11,000 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ആരോപണം.

 

എന്നാല്‍, ആരോപണം വിശ്വസനീയമല്ലെന്ന് സിറിയ പ്രതികരിച്ചു. വിമതര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന ഖത്തര്‍ ആണ് ഇതിന് പിന്നിലെന്നും സര്‍ക്കാര്‍ വക്താവ് പറഞ്ഞു.