സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍, പീഡനങ്ങള്‍, ചൂഷണങ്ങള്‍ എന്നിവ തടയുന്നതിനുള്ള സര്‍ക്കാരിന്റെ സമഗ്ര പദ്ധതിയായ നിര്‍ഭയ ആറുമാസത്തിനുള്ളില്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തന സജ്ജമാകുമെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. എം.കെ മുനീര്‍. ഇതിനായി സംസ്ഥാനതലത്തില്‍ മുഖ്യമന്ത്രി ചെയര്‍മാനും സാമൂഹ്യനീതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കണ്‍വീനറുമായി ഏകോപന സമിതി രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. പദ്ധതി സംബന്ധിച്ച് വിശദമായ മാര്‍ഗരേഖ ഒരു മാസത്തിനുള്ളില്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കും.
പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച ജാഗ്രതാ സമിതികള്‍ ഈ മാസം പുനര്‍രൂപീകരണം നടത്തുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ തലത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്മാന്, കളക്ടര്‍ വൈസ്ചെയര്‍മാന്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കണ്‍വീനര്‍, പ്രാദേശിക തലത്തില്‍ അതത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, മുന്‍സിപ്പല്‍ ചെയര്പേഴ്സന്/നഗരസഭ മേയര്‍ എന്നിവര്‍ ചെയര്പേഴ്സണ്മാരായും സി.പി.ഡി.ഒ/ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ കണ്‍വീനറായും പ്രവര്‍ത്തിക്കുന്നതാണ് ജാഗ്രതാ സമിതികള്‍. സംസ്ഥാന തലത്തില്‍ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ചെയര്‍മാനും ജന്‍ഡര്‍ ആന്റ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ അഡൈ്വസര്‍ കണ്‍വീനറുമായി എക്സിക്യുട്ടീവ് കമ്മിറ്റിയും പ്രവര്‍ത്തിക്കുന്നുണ്ട്.
ഫെബ്രുവരി മുതല്‍ സ്കൂളുകളില്‍ ചൈല്‍ഡ് ലൈന്‍ നമ്പരുകള്‍ നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ലൈംഗിക പീഡനകേസുകളില്‍ സത്വര നടപടികള്‍ സ്വീകരിക്കുന്നതിനായി ജില്ലകള്‍ തോറും അതിവേഗ കോടതികള്‍ ആരംഭിക്കുന്നതിന് മുഖ്യമന്ത്രി ചീഫ് ജസ്റ്റിസിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. എറണാകുളം കോടതിയില്‍ അതിനുള്ള സൗകര്യം ലഭ്യമായിട്ടുണ്ട്. മറ്റിടങ്ങളില്‍ അതിനായി ശ്രമിക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
എല്ലാ ജില്ലകളിലും നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികളായിട്ടുണ്ട്. ആറ് നിര്‍ഭയ ഷെല്‍ട്ടറുകള്‍ തുടങ്ങുന്നതിനായി മൂന്ന് കോടി രൂപ മാറ്റിവച്ചിട്ടുണ്ട്. അതുവരെ എന്‍.ജി.ഒ.കള്‍ക്ക് അവരുടെ കെട്ടിടങ്ങള്‍ താത്ക്കാലികമായി ഷെല്‍ട്ടര്‍ ഹോമുകളായി പ്രവര്‍ത്തിപ്പിക്കാം. നിലവില്‍ തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍കോഡ്, മലപ്പുറം ജില്ലകളില്‍ കേരള മഹിള സമഖ്യ സൊസൈറ്റിയും കോഴിക്കോട് അന്വേഷിയും എറണാകുളത്ത് കള്‍ച്ചറല്‍ അക്കാഡമി ഫോര്‍ പീസും തൃശൂരില്‍ ബദേസ്തയുമാണ് ഷെല്‍ട്ടര്‍ ഹോമുകള്‍ നടത്തുന്നത്. ഇതിന് വര്‍ക്കിംഗ് ഗ്രൂപ്പ് അനുമതി നല്‍കിയിട്ടുണ്ട്. വെഞ്ഞാറമൂട് ആരംഭിക്കുന്ന പുതിയ ഷെല്‍ട്ടര്‍ ഹോമിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിക്കും.
ജില്ലാ ആശുപത്രികളിലും ഏഴ് താലൂക്ക് ആശുപത്രികളിലും വണ്‍ സ്റ്റോപ്പ് ക്രൈസിസ് സെല്ലുകള്‍ ഉടന്‍ ആരംഭിക്കും. ഇവിടെ ആരോഗ്യ, പോലീസ്, സാമൂഹ്യനീതി, ലീഗല്‍ സര്‍വീസ് അതോറിറ്റി സേവനങ്ങള്‍ ലഭ്യമാകും. സ്കൂള്‍ തലങ്ങളില്‍ നിര്‍ഭയ പദ്ധതികള്‍ നടപ്പിലാക്കും. നിലവില്‍ പ്രവര്‍ത്തിച്ചുവരുന്ന നാല് ജാഗ്രതാ സമിതികള്‍ നിര്‍ഭയ പദ്ധതിക്കായി പ്രത്യേകമായി പ്രവര്‍ത്തിക്കും. വിക്ടിം കോംപന്‍സേഷന്‍ ഫണ്ട് ഇതുവരെ നാല് പേര്‍ക്ക് നല്‍കിയിട്ടുണ്ട്. പോലീസ് പരാതി കാര്‍ഡ് നിര്‍ഭയ അംഗന്‍വാടികള്‍ വഴി വിതരണം ചെയ്യുന്ന സംവിധാനവും ആലോചിക്കുന്നുണ്ട്.
കുടുംബശ്രീ വഴി 77 പഞ്ചായത്തുകളില്‍ ക്രൈം മാപ്പിംഗ് നടത്തുന്നതിനുള്ള നടപടികളുടെ ഭാഗമായി 66 പഞ്ചായത്തുകളില്‍ ക്രൈം മാപ്പിംഗ് നടപ്പാക്കിക്കഴിഞ്ഞു. പ്രതിരോധം, സംരക്ഷണം, നിയമനടത്തിപ്പ്, പുനരധിവാസം എന്നീ നാല് പ്രധാന മേഖലകളിലെ ഇടപെടലുകളാണ് നിര്‍ഭയ പദ്ധതി വഴി ലക്ഷ്യമിടുന്നത്. ജാഗ്രതാസമിതികള്‍ കൂടുതല്‍ അര്‍ത്ഥവത്തായി പ്രവര്‍ത്തിപ്പിക്കുക, സ്കൂള്‍ തലത്തില്‍ കൂടുതല്‍ ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുക, ടോള്‍ഫ്രീ ഹെല്‍പ്പ് ലൈന്‍ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കുക എന്നിവ കര്‍ശനമായി നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.