Skip to main content
ബെംഗലൂരു

bs yeddyurappaമുന്‍ മുഖ്യമന്ത്രി ബി.എസ് യെദ്ദ്യൂരപ്പ ബി.ജെ.പിയിലേക്ക് മടങ്ങുന്നു. താന്‍ അധ്യക്ഷനായ കര്‍ണ്ണാടക ജനതാ പക്ഷം (കെ.ജെ.പി) നിരുപാധികം ബി.ജെ.പിയില്‍ ലയിക്കുമെന്ന് യെദ്ദ്യൂരപ്പ അറിയിച്ചു. രണ്ടുദിവസത്തിനകം ബി.ജെ.പിയില്‍ നിന്ന്‍ ഇത് സംബന്ധിച്ച ക്ഷണം പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

 

രാഷ്ട്ര താല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് ബി.ജെ.പിയിലേക്ക് മടങ്ങുന്നതെന്നും തനിക്കോ തന്റെ അനുയായികള്‍ക്കോ ബി.ജെ.പിയില്‍ എന്തെങ്കിലും പദവികള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും തിങ്കളാഴ്ച ഒരു കെ.ജെ.പി യോഗത്തില്‍ യെദ്യൂരപ്പ പറഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി ആകുന്നതില്‍ സഹായിക്കാന്‍ കൂടിയാണ് താന്‍ മടങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

ഖനന അഴിമതി കേസുകളില്‍ ലോകായുക്ത കുറ്റമാരോപിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പദവിയില്‍ നിന്ന്‍ രാജിവെക്കേണ്ടി വന്ന യെദ്യൂരപ്പ ബി.ജെ.പി വിട്ട് ബി.ജെ.പി വിമതര്‍ നേരത്തെ രൂപീകരിച്ച കെ.ജെ.പിയില്‍ ചേരുകയായിരുന്നു. കഴിഞ്ഞ മെയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറു സീറ്റില്‍ മാത്രമേ വിജയിക്കാന്‍ കഴിഞ്ഞുള്ളൂ എങ്കിലും പത്ത് ശതമാനത്തിലധികം വോട്ടു നേടിയ കെ.ജെ.പി ബി.ജെ.പിയുടെ പരാജയത്തില്‍ നിര്‍ണ്ണായക പങ്കാണ് വഹിച്ചത്.    

 

എന്നാല്‍, യെദ്ദ്യൂരപ്പയുടെ ബി.ജെ.പിയിലെക്കുള്ള മടങ്ങിവരവ് 2014-ലെ പൊതുതിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യാതൊരു സ്വാധീനവും ഉണ്ടാക്കില്ലെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു. ബി.ജെ.പിയുടെ പ്രതിച്ഛായ മോശമാകാനേ ഇത് ഉപകരിക്കുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.