പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണത്തിനായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാനൊരുങ്ങുന്ന കസ്തൂരിരംഗന്‍ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ക്കെതിരെ എല്‍.ഡി.എഫ് തിങ്കളാഴ്ച സംസ്ഥാനവ്യാപകമായി ആഹ്വാനം ചെയ്ത പകല്‍ ഹര്‍ത്താല്‍ പൂര്‍ണ്ണം. ഇടുക്കിയില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടേയും കത്തോലിക്കാ സഭയുടേയും പിന്തുണയുള്ള ഹൈറേഞ്ച് സംരക്ഷണ സമിതി നടത്തുന്ന 48 മണിക്കൂര്‍ റോഡ് ഉപരോധം ഞായറാഴ്ച അര്‍ദ്ധരാത്രി മുതല്‍ തുടങ്ങി. മലയോര പ്രദേശങ്ങളില്‍ റിപ്പോര്‍ട്ടിനെതിരെ നിലപാടെടുത്തിട്ടുള്ള പ്രാദേശിക സംഘടനകളും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
പൊതുഗതാഗതം നിലച്ചതായാണ് വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. ബസ്, ടാക്സി, ഓട്ടോറിക്ഷാ എന്നിവയൊന്നും നിരത്തിലിറങ്ങിയിട്ടില്ല. കടകളും അടഞ്ഞുകിടക്കുകയാണ്. എന്നാല്‍. കെ.എസ്.ആര്‍.ടി.സി പമ്പയിലേക്കുള്ള ശബരിമല സര്‍വീസ് നടത്തുന്നുണ്ട്.
വരുന്ന ലോകസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഈ സമരമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി.റിപ്പോര്‍ട്ടിന്മേല്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന കേന്ദ്ര പരിസ്ഥിതി-വനം വകുപ്പ് മന്ത്രി ജയന്തി നടരാജന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ ഹര്‍ത്താലില്‍ നിന്ന്‍ പിന്തിരിയണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന എല്‍.ഡി.എഫ് തള്ളിയിരുന്നു. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തള്ളി കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് സ്വീകരിച്ചതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളെ അഭിനന്ദിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ എഴുതിയ കത്ത് തന്റെ കൈവശമുണ്ടെന്ന് മുഖ്യമന്ത്രി വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസ്സിനോട് പറഞ്ഞു. എല്ലാവരുമായി ചര്‍ച്ച ചെയ്ത ശേഷം ഈ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്നാണ് പിണറായി കത്തില്‍ പറയുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.