നെയ്യാറില്‍ നിന്നും ജലം വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ഇടക്കാലാശ്വാസമായി കേരളം 150 ഘനയടി വെള്ളം നെയ്യാര്‍ ഡാമില്‍ നിന്നും വിട്ടു നല്‍കണമെന്നായിരുന്നു തമിഴ്നാടിന്റെ ആവശ്യം. കേസ് ഒരുമാസം കഴിഞ്ഞ് വീണ്ടും പരിഗണിക്കും.
നെയ്യാറില്‍ നിന്നുള്ള വെള്ളം വിട്ടു നല്‍കുന്നത് നിര്‍ത്തിയതിനെ തുടര്‍ന്ന് കേരളം സമര്‍പ്പിച്ച സത്യവാങ്മൂലത്തിന് സമര്‍പ്പിച്ച മറുപടിയിലാണ് തമിഴ്നാട് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. അതേസമയം, മുല്ലപ്പെരിയാര്‍ കേസിന്റെ വിധി എല്ലാ രേഖകളും പരിശോധിച്ച ശേഷമാകുമെന്നും ജസ്റ്റിസ് ആര്.എം ലോധ അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.
കന്യാകുമാരിയിലെ കൃഷി ആവശ്യത്തിന് നെയ്യാറിലെ വെള്ളം ആവശ്യമാണെന്നായിരുന്നു തമിഴ്നാടിന്റെ വാദം. എന്നാല്‍ തിരുവനന്തപുരം നഗരത്തിലെ കുടിവെള്ള വിതരണത്തിന് ഉപയോഗിക്കുന്നത് നെയ്യാറിലെ വെള്ളമാണെന്നായിരുന്നു കേരളം ഇതിന് നല്കിയ വിശദീകരണം.