ഒരു പുതിയ മാര്‍പാപ്പ തിരഞ്ഞെടുക്കപ്പെടുന്നു. രണ്ട് സഹസ്രാബ്ദങ്ങളുടെ ചരിത്രത്തില്‍ ആദ്യമായി യൂറോപ്പിന് പുറത്ത് നിന്നാണ് പുതിയ മാര്‍പാപ്പ വരുന്നത്, അര്‍ജന്റീനയിലെ കര്‍ദിനാള്‍ യോര്‍ഗെ മരിയോ ബെര്‍ഗോളിയോ. ഫ്രാന്‍സിസ് ഒന്നാമന്‍ എന്ന പേരില്‍ അദ്ദേഹം ഇനി കത്തോലിക്കാ സഭയെ നയിക്കും.
‘പത്രോസേ, നീ പാറയാകുന്നു. നീയാകുന്ന പാറ മേല്‍ ഞാന്‍ എന്റെ പള്ളി പണിയും’ എന്ന് യേശു പറഞ്ഞതായി ബൈബിള്‍. പത്രോസ് നയിച്ച അപ്പോസ്തലര്‍ എന്നറിയപ്പെടുന്ന യേശുശിക്ഷ്യരുടെ പാരമ്പര്യത്തുടര്‍ച്ചയാണ് മാര്‍പാപ്പ. 120 കോടി വിശ്വാസികളെ നയിക്കുന്ന റോമന്‍ കത്തോലിക്കാ സഭയുടെ തലവനുമാണ് മാര്‍പാപ്പ. പാറയും പള്ളിയും ഒരാളില്‍ ചേരുന്ന അദ്വൈതം. ഇവ തമ്മില്‍ ഒരു വ്യത്യാസമുണ്ട്. ആത്മീയതയും ഭൗതികതയും തമ്മിലുള്ള വ്യത്യാസം. എന്നാല്‍ ഇവ പരസ്പര പൂരകവുമാണ്. ഗുരുവായ യേശുവിന്റെ സന്ദേശങ്ങള്‍ക്ക് ജീവിതം കൊണ്ട് മാതൃക നല്‍കേണ്ട പ്രാഥമികമായ ഉത്തരവാദിത്വം ശിക്ഷ്യനുണ്ട്. ആ ആത്മീയ മാതൃകയിലൂടെ തന്നെ വേണം സഭ എന്ന ക്രൈസ്തവ മതം മുന്നോട്ടു പോകേണ്ടതും.
സമകാലീന ലോകത്തില്‍ സഭയെ എങ്ങിനെ മുന്നോട്ടു കൊണ്ടുപോകാം എന്നതാണ് ഇന്ന് സഭാധികാരികള്‍ നേരിടുന്ന ചോദ്യം. ബെനഡിക്ട് പതിനാറാമന്റെ സ്ഥാനത്യാഗത്തിലേക്ക് നയിച്ചതും, ആരോഗ്യ കാരണങ്ങള്‍ക്കുപരി, ഈ ചോദ്യം ഉയര്‍ത്തിയ വെല്ലുവിളികള്‍ തന്നെയാകണം. സഭയെ നവീകരിക്കാനുള്ള ബെനഡിക്ട് പതിനാറാമന്റെ ശ്രമങ്ങളെ എതിര്‍ക്കുന്നവരെ തുറന്നു കാട്ടുക എന്ന ലക്ഷ്യത്തോടെ രഹസ്യ സഭാരേഖകള്‍ അദ്ദേഹത്തിന്റെ പാചകക്കാരന്‍ ചോര്‍ത്തി നല്‍കിയിരുന്നു. യാഥാസ്ഥിതിക പക്ഷത്ത് നില്‍ക്കുന്നു എന്നറിയപ്പെട്ടിരുന്ന ബെനഡിക്ട് പതിനാറാമന്റെ പിന്‍ഗാമിയായി ഇപ്പോള്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ഫ്രാന്‍സിസ് ഒന്നാമന്‍ മിതവാദി എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ബെനഡിക്ട് പതിനാറാമന്‍ തിരഞ്ഞെടുക്കപ്പെട്ട, ജോണ്‍പോള്‍ രണ്ടാമന്റെ മരണത്തെ തുടര്‍ന്ന് നടന്ന, പേപ്പല്‍ കോണ്‍ക്ലേവില്‍ സജീവമായി പരിഗണിക്കപ്പെട്ട പേരുകാരനാണ് ഇദ്ദേഹമെന്നും മാധ്യമങ്ങള്‍ പറയുന്നു. വത്തിക്കാനില്‍ ഇന്നും സജീവമായ മധ്യകാല യൂറോപ്പ്യന്‍ നിഗൂഡ രീതികള്‍ക്കകത്ത് ഒരു യാഥാസ്ഥിതിക-മിതവാദി തര്‍ക്കം നമുക്ക് അനുമാനിച്ചെടുക്കാം.
പക്ഷെ, ഈ തര്‍ക്കം സഭ നേരിടുന്ന ചോദ്യത്തിന് ഉത്തരം നല്‍കുമോ? ഇന്നത്തെ കാലഘട്ടത്തില്‍ സഭയെ എങ്ങിനെ മുന്നോട്ട് കൊണ്ട് പോകാം എന്ന ചോദ്യം മറ്റൊരു രീതിയിലും ചോദിക്കാം. ഈ കാലഘട്ടത്തില്‍ യേശുവിന്റെ സന്ദേശങ്ങള്‍ക്കനുസൃതമായി എങ്ങിനെ ജീവിക്കാം എന്ന്. യേശുശിക്ഷ്യന്‍ എന്ന നിലയില്‍ മാര്‍പാപ്പ ഉത്തരം നല്‍കേണ്ടത് ഈ ചോദ്യത്തിനാണ്. ഈ ചോദ്യം പരിഷ്കരണ-മിതവാദ-യാഥാസ്ഥിതിക തര്‍ക്കങ്ങളിലൂടെ പരിഹരിക്കാന്‍ മാത്രം അത്ര സങ്കീര്‍ണ്ണമൊന്നുമല്ല. ചരിത്രത്തില്‍ സഭ എത്ര തവണ വഴി തെറ്റിപ്പോയിട്ടും തര്‍ക്കിച്ചു പിരിഞ്ഞിട്ടും യേശു കാലാതിവര്‍ത്തിയായത് ‘നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനേയും സ്നേഹിക്കുക’ എന്ന സന്ദേശത്തിന്റെ ലാളിത്യം ഒന്നുകൊണ്ട് മാത്രമാണ്. യേശുശിഷ്യനായ മാര്‍പാപ്പ ഈ സന്ദേശത്തെ ജീവിച്ചു കാണിക്കുകയേ വേണ്ടൂ. പത്രോസ് പാറയായി മാറുന്നില്ലെങ്കില്‍ പള്ളി പണിയാനാവില്ല. പത്രോസാകുക എന്നാല്‍ ഈ കാലഘട്ടം ആവശ്യപ്പെടുന്നത്, യേശുവാകുക എന്ന് തന്നെയാണ്.