Skip to main content
തിരുവല്ല

rss cpim share stage

ആറന്മുളയിൽ കോണ്‍ഗ്രസിനെതിരെ സി.പി.ഐ.എമ്മും ആർ.എസ്.എസ്സും കൈകോർത്തു. ഇക്കൊല്ലത്തെ ഉതൃട്ടാതി വള്ളംകളിയുടെ സംഘാടനത്തിലാണ് കോൺഗ്രസ്സിനെ ഒഴിവാക്കാന്‍ ഇരുസംഘടനകളും യോജിച്ചത്. ആര്‍.എസ്.എസ് മുഖപത്രമായ കേസരിയുടെ 2012 സെപ്തംബര്‍ 30-ന്റെ ലക്കത്തില്‍ ആര്‍.എസ്.എസ് നേതാവ് കൂടിയായ ടി.ജി മോഹന്‍ദാസ്‌ ആര്‍.എസ്.എസും സി.പി.ഐ.എമ്മും സഹകരിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി ഒരു വര്‍ഷം തികയുന്ന വേളയിലാണ് ഇത്തരമൊരു സംഭവവികാസത്തിന് ആറന്മുള വേദിയായത്.

 

pj kurien, sivadasan nair, anto antonyആറന്മുള എയർപോർട്ടിനെതിരെ ആർ.എസ്.എസ് നടത്തുന്ന പ്രതിഷേധസമരമാണ് സി.പി.ഐ.എമ്മിനേയും ആർ.എസ്.എസ്സിനേയും ഒന്നിപ്പിച്ച ഘടകം. ആറന്മുള വള്ളസദ്യക്ക് എത്തിയ സ്ഥലം എം.എൽ.എയും കോൺഗ്രസ്സ് നേതാവുമായ കെ. ശിവദാസൻ നായർ കൈയ്യേറ്റം ചെയ്യപ്പെട്ടതിനു തൊട്ടുപിന്നാലെയാണ് ഈ പരസ്യമായ സഹകരണം. കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ ആറന്മുള പൈതൃക സംരക്ഷണ സമിതിയാണ് അവിടെ വിമാനത്താവളത്തിനെതിരെ പ്രക്ഷോഭം നടത്തിവരുന്നത്. സമിതിക്ക് ഭരണമുന്നണിയൊഴികെയുള്ള രാഷ്ട്രീയപാർട്ടികളുടേയും സാംസ്‌കാരിക നായകരുടേയും പിന്തുണയുണ്ട്. പ്രതിപക്ഷനേതാവ് വി.എസ് അച്യുതാന്ദനും കവി സുഗതകുമാരിയുടേയുമൊക്കെ പിന്തുണ വിമാനത്താവള പ്രതിഷേധ സമരത്തിനുണ്ട്. അവർ നേരിട്ടെത്തി അത് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഉതൃട്ടാതി വള്ളംകളിയിൽ നിന്ന് കോൺഗ്രസ്സിനെ അകറ്റിനിർത്താൻ  അൻപത്തിയൊന്നു കരപ്രാതിനിധ്യമുള്ള പള്ളിയോട സമിതി തീരുമാനിച്ചത്. പള്ളിയോടസേവാസമിതി പ്രസിഡണ്ട് കോൺഗ്രസ്സ് പ്രതിനിധിയായ സാംബദേവനായിരുന്നു. ഈ തീരുമാനത്തെത്തുടർന്ന് സാംബദേവൻ പ്രസിഡണ്ട് സ്ഥാനം രാജിവെച്ചു.

 

അതോടെ ഇക്കുറി ആറന്മുള പൈതൃക സംരക്ഷണസമിതിയുടെ ബാനറില്‍ വള്ളംകളിയുടെ പൂർണ്ണ ചുമതല അണിയറയിൽ നിന്നുകൊണ്ട് ആർ.എസ്.എസ്സ് ഏറ്റെടുക്കുകയായിരുന്നു. കേന്ദ്രമന്ത്രി പി.ജെ.കുര്യൻ, കെ. ശിവദാസൻ നായർ എം.എൽ.എ, ആന്റോ ആന്റണി എം.പി. തുടങ്ങിയവരെ വള്ളംകളിയോടനുബന്ധമായുള്ള ചടങ്ങിൽ പങ്കെടുപ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. ഇതിന് എൻ.എസ്.എസ് പൂർണ്ണ പിന്തുണയും നൽകി. അങ്ങനെ കോൺഗ്രസ്സ് പ്രതിനിധികൾ പൂർണ്ണമായും  ഒഴിവാക്കപ്പെട്ട വേദിയിൽ ആർ.എസ്.എസ്, എൻ.എസ്.എസ് പ്രതിനിധികൾക്കൊപ്പം സി.പി.ഐ.എം. പത്തനംതിട്ട ജില്ലാ സെക്രട്ടറി അനന്തഗോപൻ, രാജു എബ്രഹാം എം.എൽ.എ, ഇടതുപക്ഷത്തിന്റെ ദേവസ്വം ബോര്‍ഡംഗം പി.കെ. കുമാരൻ എന്നിവർ പങ്കെടുത്തു. ചടങ്ങ് എൻ.എസ്.എസ് പ്രസിഡണ്ട് പി.എന്‍. നരേന്ദ്രനാഥൻ നായർ ഉദ്ഘാടനം ചെയ്തു. വള്ളംകളിയിൽ വിജയിച്ചവർക്ക് എൻ.എസ്.എസ് ട്രഷറർ വിശ്വനാഥൻപിള്ള ട്രോഫികൾ വിതരണം ചെയ്തു.

 

Aranmula Vanchi Pattu

 

വരുന്ന ലോകസഭാതെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാതിരിക്കുക എന്നുള്ളതാണ് കൂടുതൽ സീറ്റ് കരസ്ഥമാക്കി അധികാരത്തിലേറുക എന്നതിനൊപ്പം ബി.ജെ.പിയുടെ ലക്ഷ്യം. കേരളത്തിൽ ഭരണമുന്നണി ന്യൂനപക്ഷപ്രീണനം നടത്തുകയാണെന്ന ഏകദേശം ഒരേ അഭിപ്രായമാണ് ഇക്കുറി വള്ളംകളിയിൽ വേദി പങ്കിട്ടവർക്കെല്ലാമുള്ളത്. ഈ സാഹചര്യത്തിൽ ആറന്മുളയിൽ പൊതു താൽപ്പര്യമുള്ള പ്രാദേശികപ്രശ്‌നത്തിൽ ആർ.എസ്.എസ്സ് വിഭാവനം ചെയ്തതുപോലുള്ള കൂട്ടായ്മ പൊതു തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോ എന്നുള്ളതാണ് കണ്ടറിയേണ്ടത്. പരിസ്ഥിതി വിഷയങ്ങൾ ഉയർത്തിക്കൊണ്ട് അകന്നുനിൽക്കുന്നവരെ  സംസ്ഥാനതലത്തിൽ അടുപ്പിച്ച് വേദി പങ്കിടുവിക്കാനും ആറന്മുള പരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ ആർ.എസ്.എസ്സ് പദ്ധതിയിടുന്നുണ്ട്.

 

യോജിക്കാവുന്ന വിഷയങ്ങളിൽ ഒന്നിക്കണമെന്ന ആർ.എസ്.എസ്സിന്റെ നിർദ്ദേശത്തോട് കഴിഞ്ഞ വർഷം സി.പി.ഐ.എം സെക്രട്ടറി പിണറായി വിജയൻ കടുത്ത ഭാഷയിലാണ് പ്രതികരിച്ചതെങ്കിലും ഒരു വർഷത്തിനകം ആർ.എസ്.എസ്സ് തങ്ങൾ വിഭാവനം ചെയ്തത് പ്രാവർത്തികമാക്കുന്ന ദൃശ്യമാണ് ആറന്മുളയിൽ കണ്ടത്.