Skip to main content

ഇന്ത്യയുമായി ഇടച്ചിൽ നിർത്തൂ - ഷഹബാസിനെ ഉപദേശിച്ച് നവാസ് ഷെരീഫ്

Glint Staff
Nawaz Shereef
Glint Staff

മുന്‍  പാകിസ്ഥാൻ മുഖ്യമന്ത്രിയും ഇപ്പോഴത്തെ മുഖ്യമന്ത്രി ഷഹബാസ് ഷെരീഫിന്റെ ജേഷ്ഠനുമായ നവാസ് ഷെരീഫ് അനുജനെ ഉപദേശിച്ചിരിക്കുന്നു. ഒരു കാരണവശാലും ഇന്ത്യയുമായി കുഴപ്പത്തിനു പോകരുത്. ഇന്ത്യയെ പ്രകോപിപ്പിക്കരുത്.അത്തരത്തിലുള്ള സംഭാഷണം നിർത്തു. പരമാവധി നയതന്ത്ര വഴികളിലൂടെ ഈ പ്രശ്നം വഷളാകാതെ പരിഹരിക്കാൻ ശ്രമിക്കൂ , എന്നൊക്കെയാണ് നവാസ് ഷെരീഫ് അനുജനോട് പറഞ്ഞിരിക്കുന്നത്.
       സിന്ധു നദിജല കരാർ ഒഴിവാക്കിയത് തന്നെ പാകിസ്ഥാന് താങ്ങാൻ കഴിയുന്നതല്ല. പാകിസ്താന്റെ 80 ശതമാനം ജല ആവശ്യകതയും നിറവേറ്റുന്നത് സിന്ധു നദിയിൽ നിന്നുള്ള ജലത്തിൽ നിന്നാണ് . ഝലംനദിയിലെ വെള്ളം വീണ്ടും ഇന്ത്യ തുറന്നു വിടുകയും കാശ്മീരിൽ വീണ്ടും പലഭാഗങ്ങളും വെള്ളത്തിനടിയിലാവുകയും ചെയ്തു. ഇതിനെല്ലാം പുറമേ പാകിസ്ഥാൻ പട്ടാളം തങ്ങളുടെ പട്ടാളക്കാരെ നിയന്ത്രണരേഖയുടെ പല ഭാഗങ്ങളിലും മാറിമാറി വിന്യസിച്ച് ഇന്ത്യയുടെ ആക്രമണം പ്രതീക്ഷിച്ചിരിക്കുകയാണ്. ഇങ്ങനെയുള്ള മാറ്റി വിന്യാസത്തിലൂടെ പട്ടാളവും കുഴഞ്ഞ അവസ്ഥയിലാണ് .
          പാകിസ്ഥാൻ്റെ വെള്ളംകുടി മുട്ടാനുള്ള സാധ്യത ജനം മുന്നിൽ കാണുന്നതോടെ പൊതുജനങ്ങളും ഇന്ത്യയുമായി പ്രശ്നമുണ്ടാക്കരുത് എന്ന സമീപനത്തിലേക്ക് മാറുന്ന കാഴ്ചയാണ് ഇപ്പോൾ പാകിസ്ഥാൻ്റെ ഉള്ളിലും . പാകിസ്ഥാൻ മാധ്യമങ്ങളും ഈ യുദ്ധത്തെ ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചുള്ള റിപ്പോർട്ടുകളാണ് കൊടുക്കുന്നത്. അതിൻറെ ഭാഗമായി നവാസ്  ഷരീഫും ഷഹബാസ് ഷെരീഫും തമ്മിലുള്ള സംഭാഷണത്തിന്റെ വിശദവിവരങ്ങൾ പാകിസ്ഥാൻ പത്രങ്ങളും ചാനലുകളും വെള്ളിയാഴ്ച വിശദമായി കൊടുത്തിട്ടുണ്ട്.അതുപോലെതന്നെ പാകിസ്താന്റെ അമേരിക്കയിലെ അംബാസഡറും ഇന്ത്യയെ പോലുള്ള വലിയ രാജ്യവുമായി തങ്ങൾക്ക് യുദ്ധത്തിന് താല്പര്യമില്ലെന്ന് പ്രഖ്യാപിച്ചിരിക്കുന്നു.
      എന്നാൽ ഷഹബാസ് ശരീഫ് നേരിടുന്ന മുഖ്യപ്രശ്നം പാകിസ്ഥാൻ പട്ടാളത്തെ ഈ അവസ്ഥ എങ്ങനെ ബോധിപ്പിക്കും എന്നുള്ളതാണ്. പട്ടാളക്കാരിൽ നല്ലൊരു ശതമാനവും യുദ്ധത്തിന് എതിരെ പരസ്യമായി രംഗത്ത് വന്നിട്ടുണ്ട്. കാരണം ആവശ്യമായ ആയുധങ്ങളോ മറ്റു സംവിധാനങ്ങളോ പാകിസ്ഥാൻ പട്ടാളത്തിന് ഇല്ലെന്നുള്ളത് മറ്റാരെക്കാളും നന്നായി അറിയാവുന്നത് പട്ടാളക്കാർക്ക് . ഇത്തരത്തിൽ പേടിച്ചു വിരണ്ട, എന്ത് ചെയ്യണം എന്നറിയാൻ വയ്യാത്ത ഒരു അവസ്ഥയിലാണ് ഇപ്പോൾ പാകിസ്ഥാൻ എത്തിനിൽക്കുന്നത്