Skip to main content
Ad Image

മുനമ്പത്ത് പൊട്ടിയ പടക്കം കേരള രാഷ്ട്രീയത്തെ വഴിതിരിക്കുന്നു

Glint Staff
waqf amendment bill 2025, Munambam church
Glint Staff

വ്യാഴാഴ്ച പുലർച്ചെ രണ്ടുമണിക്ക് മുനമ്പം വേളാങ്കണ്ണി മാതാ പള്ളിയങ്കണത്തിൽ പൊട്ടിയ പടക്കം കേരള രാഷ്ട്രീയത്തിൽ വരാൻ പോകുന്ന മാറ്റത്തിന്റെ കാഹളം കൂടിയാണ് .വ്യാഴാഴ്ച പുലർച്ചെ രണ്ടു മണിക്കാണ് പാർലമെൻറ് വഖഫ് ബില്ല് പാസാക്കുന്നത്.172 ദിവസമായി മുനമ്പം പള്ളി അങ്കണത്തിൽ സമരത്തിൽ ഏർപ്പെട്ടിരുന്ന മുനമ്പം നിവാസികളാണ് അതിൽ പടക്കം പൊട്ടിച്ച് ആർത്തിരമ്പിയത്.
    കെസിബിസി ഏതാനും ദിവസങ്ങൾക്കു മുൻപാണ് കേരളത്തിലെ എൽഡിഎഫ് യുഡിഎഫ് എംപിമാരോട് ഒരു അഭ്യർത്ഥന നടത്തിയത്.അതായത് പാർലമെൻറിൽ വ ഖഫ് ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്യണമെന്ന് . എന്നാൽ മുനമ്പം നിവാസികൾ ടെലിവിഷനിൽ കണ്ടത് എൽഡിഎഫ് യുഡിഎഫ് പ്രതിനിധികൾ പാർലമെന്റിൽ ശക്തിയുക്തം ബില്ലിനെ എതിർക്കുന്നതാണ്. നിർമ്മിത ബുദ്ധി സങ്കേതം ഉപയോഗിച്ച് മുനമ്പം നിവാസികൾ പ്രസംഗങ്ങളുടെ തൽസമയ മലയാളം പരിഭാഷയും കേൾക്കുന്നുണ്ടായിരുന്നു.
        ഏതാനും വർഷങ്ങളായി ക്രിസ്ത്യൻ സമൂഹത്തെ തങ്ങളോടൊപ്പം നിർത്താൻ ബിജെപി തീവ്രമായ ശ്രമങ്ങൾ നടത്തിവരികയായിരുന്നു. അതിൻറെ പ്രാഥമിക വിജയമായിരുന്നു തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ വിജയം. കേരളത്തിലെ മാറുന്ന സമവാക്യങ്ങൾ തിരിച്ചറിഞ്ഞു കൊണ്ടാണ് കേന്ദ്ര നേതൃത്വം രാജീവ് ചന്ദ്രശേഖറെ ബിജെപി സംസ്ഥാന പ്രസിഡണ്ടാക്കിയതും . കേരളത്തിൽ ഭരണത്തിലുള്ള എൽഡിഎഫ് സർക്കാരിന് മുനമ്പം വിഷയം പരിഹരിക്കാൻ പറ്റാത്ത സാഹചര്യമാണ് മുനമ്പ നിവാസികളെ 172 ദിവസം സമരപ്പന്തലിൽ ഇരുത്തിയത്.
        വ്യാഴാഴ്ച വഖഫ് ബിൽ രാജ്യസഭ പരിഗണിക്കുന്നു.രാജ്യസഭയിലും ബില്ല് പാസായാൽ പിന്നീട് രാഷ്ട്രപതിയുടെ അംഗീകാരം കിട്ടുന്നതോടെ അത് നിയമമായി. നാട്ടിലെത്തുന്ന എൽഡിഎഫ് യുഡിഎഫ് പ്രതിനിധികൾക്കും ഇരുമുന്നണികൾക്കും മുനമ്പം നിവാസികളോട് ഒരു ന്യായവും നിർത്താൻ പറ്റാത്ത സാഹചര്യം. കേരളത്തിൽ രൂപം കൊണ്ടുവരുന്ന ക്രിസ്തീയ മുസ്ലിം മത വിടവ് മുനമ്പം സംഭവത്തിൽ വലുതായി.പാർലമെൻറിൽ ബില്ലിനെ എതിർത്തവർ ഈ വിഷയവും ഉന്നയിച്ചു. ഈ പശ്ചാത്തലത്തിൽ എൽഡിഎഫ് യുഡിഎഫ് മുന്നണികളിൽ നിന്ന് തങ്ങൾക്ക് നീതി ലഭിക്കില്ല എന്ന ബോധ്യം കേരളത്തിലെ ക്രിസ്തുമത വിശ്വാസികളിലേക്ക് പ്രവേശിക്കുകയാണ് . ഈ രാഷ്ട്രീയ സാഹചര്യം പരമാവധി അനുകൂലമാക്കി കേരളത്തിൽ അധികാരം പിടിക്കുക എന്നതാണ് ബിജെപിയുടെ അജണ്ടയും. ഇവിടെയാണ് വ്യാഴാഴ്ച പുലർച്ചെ മുനമ്പം പള്ളിമുറ്റത്ത് പൊട്ടിയ പടക്കങ്ങൾ പുത്തൻ രാഷ്ട്രീയത്തിന്റെ വിളക്കു കാലാകുന്നത്

Ad Image