Skip to main content

നഴ്സുമാരുടെ ശമ്പളം സംസ്ഥാന സർക്കാർ: കേന്ദ്ര നിർദ്ദേശം നടപ്പാക്കുമോ

സുപ്രീം കോടതി നിർദ്ദേശ പ്രകാരം നഴ്സുമാരുടെ ശമ്പളം ഇരുപതിനായിരം രൂപയിൽ കുറയരുതെന്ന് നിർദ്ദേശിച്ചുകൊണ്ടുള്ള വിദഗ്ധസമിതിയുടെ ശുപാർശ കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരുകൾക്കയച്ചിരിക്കുകയാണ്. ഇത് സംസ്ഥാന സർക്കാർ നടപ്പാക്കുന്നുവെന്ന് ഉറപ്പു വരുത്തുമോ എന്നുള്ളതാണ് അറിയേണ്ടത്. കേരളത്തിലെ സപ്തനക്ഷത്ര നിലയിലുള്ള ആശുപത്രികളിൽ പോലും നഴ്സുമാർ വളരെ പരിമിതമായ ശമ്പളത്തിനാണ് ജോലി ചെയ്യുന്നത്.

                       കേരളത്തിൽ ഏറ്റവും അധികം ചൂഷണത്തിനു വിധേയരാകുന്ന വിഭാഗമാണ് നഴ്സുമാർ. ഒട്ടും വിശ്രമമില്ലാത്ത സമയബന്ധിതമല്ലാത്ത വിധമാണ് നഴ്സുമാർ മിക്ക ആശുപത്രികളിലും പ്രവർത്തിക്കുന്നത്. ചില ആശുപത്രികൾ ഒട്ടും തന്നെ ശമ്പളം കൊടുക്കാതെയും നഴ്സുമാരെക്കൊണ്ട് ജോലി ചെയ്യിക്കുന്നു. കാരണം നല്ലൊരു ശതമാനം നഴ്സുമാർക്കും പരിചയം ആവശ്യമാണ്. വിശേഷിച്ചും വിദേശത്ത് ജോലി സാധ്യത നോക്കുന്നവർക്ക്. അങ്ങനെയുളളവരാണ് ഇത്തരം ചൂഷണങ്ങൾക്ക് ഇരയാകുന്നത്. 

                  സുപ്രീംകോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് കേന്ദ്രസർക്കാർ വിദഗ്ധസമിതിയെ രൂപീകരിച്ചതും ആ സമിതി വിശദമായ റിപ്പോർട്ടു സമർപ്പിച്ചതും. അമ്പതു മുതൽ നൂറ് കിടക്കകളുള്ള ആശുപത്രി മുതൽ കിടക്കകളുടെ എണ്ണമനുസരിച്ച് നഴ്സുമാർക്ക് നൽകേണ്ട ശമ്പളത്തെക്കുറിച്ചും വ്യക്തമായ നിർദ്ദേശം നൽകിയിട്ടുണ്ട്. ഏതു സാഹചര്യത്തിലും നഴ്സുമാരുടെ ശമ്പളം കുറയാൻ പാടില്ലെന്നാണ് നിർദ്ദേശത്തിലെ ഏറ്റവും ശ്രദ്ധേയമായ ഘടകം. ഇത് സംസ്ഥാന സർക്കാർ നടപ്പിലാക്കുമോ ഇല്ലയോ എന്നാതാണ് വിഷയം. കാരണം ആരോഗ്യം സംസ്ഥാന വിഷയമാണ്. എന്തുതന്നെയായാലും ഈ നിർദ്ദേശം സുപ്രീംകോടതിയുടെ നിർദ്ദേശത്തിൻ്റെ ഭാഗമായതിനാൽ സംസ്ഥാനസർക്കാരിന് അവഗണിക്കാനും പറ്റില്ല.