Skip to main content
ന്യൂഡല്‍ഹി

narendra modi

2014 പൊതുതിരഞ്ഞെടുപ്പില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയായിരിക്കും തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്ന് ബി.ജെ.പി. വെള്ളിയാഴ്ച വൈകുന്നേരം ബി.ജെ.പി പാര്‍ലിമെന്ററി ബോര്‍ഡ് യോഗത്തിന് ശേഷം പാര്‍ട്ടി അധ്യക്ഷന്‍ രാജ്നാഥ് സിങ്ങ് ആണ് ഈ പ്രഖ്യാപനം നടത്തിയത്.

 

പ്രതിപക്ഷ മുന്നണിയായ എന്‍.ഡി.എയിലെ മറ്റ് രണ്ട് കക്ഷികളായ ശിരോമണി അകാലി ദളും ശിവസേനയും ബി.ജെ.പി തീരുമാനത്തെ പിന്തുണച്ചു.  എന്നാല്‍, മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയുടെ എതിര്‍പ്പിനെ മറികടന്നാണ് ഈ തീരുമാനം.

 

2014 തിരഞ്ഞെടുപ്പില്‍ ബിജെ.പി വിജയിക്കുമെന്ന വാഗ്ദാനം താന്‍ നല്‍കുന്നതായി ന്യൂഡല്‍ഹിയില്‍ പാര്‍ട്ടി ആസ്ഥാനത്ത് തടിച്ചുകൂടിയ പ്രവര്‍ത്തകരോട് മോഡി പറഞ്ഞു. ഇതിനായി തങ്ങള്‍ കഠിനാധ്വാനം ചെയ്യുമെന്നും കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള ജനങ്ങള്‍ ബി.ജെ.പിക്ക് വോട്ടു ചെയ്യുമെന്ന് തനിക്കുറപ്പുണ്ടെന്നും മോഡി കൂട്ടിച്ചേര്‍ത്തു.

 

പ്രഖ്യാപനത്തിന് ശേഷം മോഡി എല്‍.കെ അദ്വാനിയെ വസതിയില്‍ ചെന്ന് കണ്ടു. എന്നാല്‍, കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ ഇരുനേതാക്കളും വെളിപ്പെടുത്തിയില്ല. പാര്‍ലിമെന്ററി ബോര്‍ഡ് യോഗത്തില്‍ അദ്വാനി പങ്കെടുത്തിരുന്നില്ല. മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുന്നതിനോടുള്ള എതിര്‍പ്പ് അദ്വാനി രാജ്നാഥ് സിങ്ങിനെ അറിയിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.