കേരളത്തില്‍ യു.ഡി.എഫിന്റെ തോല്‍വിക്ക് കാരണം കൊവിഡും പ്രളയവും സംഘടനാദൗര്‍ബല്യവുമെന്ന് രമേശ് ചെന്നിത്തല. കേരളത്തിലെ തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ നിയോഗിച്ച അശോക് ചവാന്‍ സമിതിക്ക് മുന്നിലാണ് മുന്‍ പ്രതിപക്ഷ നേതാവ് കൂടിയായ രമേശ് ചെന്നിത്തലയുടെ വിശദീകരണം.
സംഘടനാ തലത്തില്‍ ദൗര്‍ബല്യങ്ങളുണ്ടായി. ബൂത്തുതല പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ കൊവിഡ് മൂലം കഴിഞ്ഞില്ല. സി.പി.ഐ.എം പാര്‍ട്ടി പ്രവര്‍ത്തകരെ കൊവിഡ് സന്നദ്ധ പ്രവര്‍ത്തകരാക്കിയാണ് പ്രചാരണം ശക്തിപ്പെടുത്തിയത്. പൗരത്വ നിയമവും പ്രതിഷേധ സമരങ്ങളും എല്‍.ഡി.എഫ് അനുകൂല ന്യൂനപക്ഷ വികാരമുണ്ടാക്കിയെന്നും ചെന്നിത്തല. കോണ്‍ഗ്രസിന് സാധ്യതയുള്ള മണ്ഡലങ്ങളില്‍ ബി.ജെ.പി സി.പി.എമ്മിന് വോട്ട് മറിച്ചുവെന്നും രമേശ് ചെന്നിത്തല.
പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നെന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ പ്രവര്‍ത്തനം മികച്ചതായിരുന്നു. സര്‍ക്കാരിന്റെ അഴിമതികള്‍ തുറന്നുകാണിക്കാനും അഴിമതികള്‍ക്ക് തടയിടാനും കഴിഞ്ഞു. പ്രതിപക്ഷം കൊണ്ടുവന്ന കാര്യങ്ങള്‍ ഏറ്റെടുക്കാന്‍ പ്രാപ്തമായിരുന്നില്ല സംഘടനാ സംവിധാനമെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
പ്രതിപക്ഷ നേതാവായി വി.ഡി സതീശനെ നിയമിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് നേതൃതലത്തില്‍ അഴിച്ചുപണിക്കാണ് ഹൈക്കമാന്‍ഡ് നീക്കം. അശോക് ചവാന്‍ റിപ്പോര്‍ട്ടിന് പിന്നാലെ ഡി.സി.സി പ്രസിഡന്റുമാരെ ഉള്‍പ്പെടെ മാറ്റുമെന്നാണ് സൂചന.