Skip to main content
തിരുവനന്തപുരം

BJP Symbol ബി.ജെ.പിയിലെ അന്ത:ഛിദ്രം അനിയന്ത്രിതമാകുന്നു. പാലക്കാട് നടന്ന സംസ്ഥാന സമിതി യോഗം അത് കൂടുതൽ വഷളാക്കി. സോളാർ കേസില്‍ ചർച്ചകളിലൂടെ ബി.ജെ.പിയുടെ സാന്നിധ്യാധിക്യമറിയിച്ച കെ. സുരേന്ദ്രന്റെ സ്ഥാനാർഥിത്വം പുതിയ പ്രശ്‌നങ്ങൾക്കും തിരികൊളുത്തിയിരിക്കുന്നു. സുരേന്ദ്രനെ വരുന്ന ലോകസഭാതിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് മത്സരിപ്പിക്കണമൊവശ്യപ്പെട്ടു കൊണ്ടുള്ള സോഷ്യൽ മീഡിയയിലും അല്ലാതെയുമുള്ള പ്രചരണമാണ് പ്രശ്‌നങ്ങളെ കൂടുതൽ വഷളാക്കിയിട്ടുള്ളത്.

 

സംസ്ഥാനപ്രസിഡന്റ് വി. മുരളീധരൻ ഏകാധിപതിയെ പോലെ പ്രവർത്തിക്കുന്നു എന്നാണ് അദ്ദേഹത്തെ എതിർക്കുന്നവരുടെ പക്ഷം. ആ നിലപാടിൽ പ്രതിഷേധിച്ച് എ.എൻ രാധാകൃഷ്ണൻ, അഡ്വ. പി.എസ് ശ്രീധരൻ പിള്ള, എം.പി രമേശ് എന്നിവർ പാലക്കാട്ടെ സംസ്ഥാനസമിതി യോഗത്തിൽ പങ്കെടുത്തതുമില്ല. മുതിർന്ന നേതാവ് ഒ. രാജഗോപാൽ, മുൻ സംസ്ഥാന പ്രസിഡന്റ് പി.കെ കൃഷ്ണദാസ് തുടങ്ങിയവർ നിരീക്ഷകനായെത്തിയ അഖിലേന്ത്യാ സെക്രട്ടറി ഭണ്ഡാരി ദത്താത്രേയയെ നേരിൽ കണ്ട് കേരളത്തിലെ സംഘടനയുടെ പോക്കിനെതിരെയുളള തങ്ങളുടെ അതൃപ്തിയും പ്രശ്‌നങ്ങളും അവതരിപ്പിക്കുകയുണ്ടായി. അതോടൊപ്പം സംഘപരിവാറിന്റെ അറിവോടെ ആറ് ജില്ലാപ്രസിഡന്റുമാർ നേതൃത്വത്തിനെതിരെ ദത്താത്രേയയക്ക് രേഖാമൂലം പരാതി നൽകുകയും ചെയ്തു.

 

സോളാർ കേസിൽ പാർട്ടിയുടെ സാന്നിദ്ധ്യം ചാനൽ ചർച്ചകൾക്കപ്പുറം കൊണ്ടുപോകാൻ കഴിയാതിരുന്നതും ചേരിതിരിഞ്ഞുള്ള ഉൾപ്പാർട്ടി പോരുമൂലമാണ്. കൂട്ടത്തിൽ സോളാർ കേസില്‍ പെട്ട സീരിയൽ നടി ശാലു മേനോന്റെ വീട് പാലുകാച്ചിന് ബി.ജെ.പി പ്രസിഡന്റ് മുരളീധരൻ പോയതും ഈ വിഷയത്തിൽ ബി.ജെ.പിയുടെ നില പരുങ്ങലിലാക്കുകയുണ്ടായി. രാഷ്ട്രീയമായി ചെറിയ പ്രതിഷേധം പോലും സംഘടിപ്പിക്കാൻ കഴിയാതിരുന്നതിനെതിരെ സംസഥാന സമിതിയിൽ രൂക്ഷവിമർശം നേതൃത്വത്തിന് നേരിടേണ്ടിയും വന്നു.

 

വരുന്ന ലോകസഭാതിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളേക്കുറിച്ചും അതിനുള്ള മുന്നൊരുക്കങ്ങളേക്കുറിച്ചുമൊക്കെയുള്ള ചർച്ചയായിരുന്നു സംസ്ഥാനസമിതിക്കു മുന്നിലുണ്ടായിരുന്ന മുഖ്യ അജണ്ട. പക്ഷേ അത്തരം വിഷയങ്ങളിലേക്ക് വിഭാഗീയത നിമിത്തം കടക്കാൻ കഴിഞ്ഞില്ല. നേതൃത്വത്തിന്റെ അറിവോടെയാണ് കാസർകോട് സീറ്റ് വിട്ട് സുരേന്ദ്രനെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. ഇത് എതിർവിഭാഗത്തെ കൂടുതൽ പ്രകോപിപ്പിച്ചു. തലസ്ഥാനത്ത് രാജഗോപാൽ തന്നെയാവണം ഇക്കുറിയും സ്ഥാനാർഥിയെന്നാണ് അവരുടെ നിലപാട്.

 

സംഘപരിവാറും നേതൃത്വവും തുറന്ന പോരാട്ടത്തിലായത് പല സ്ഥലങ്ങളിലും വ്യത്യസ്ത നിലപാടുകളിലേക്ക് പാർട്ടിയെ തള്ളിവിടുകയും ചെയ്യുന്നു. തിരുവല്ല നഗരസഭയിൽ യു.ഡി.എഫിനെതിരെ എൽ.ഡി.എഫ് അവിശ്വാസപ്രമേയം കൊണ്ടുവന്നപ്പോൾ യു.ഡി.എഫിനെ പിന്തുണയ്ക്കാനായിരുന്നു മുരളീധരന്റെ നിർദ്ദേശം. എന്നാൽ എൽ.ഡി.എഫിനെ പിന്തുണയ്ക്കാൻ സംഘപരിവാർ നിർദ്ദേശിച്ചു. പ്രാദേശികമായി സംഘപരിവാറിന്റെ നിർദ്ദേശത്തിന് എതിര് നിൽക്കാൻ തിരുവല്ലയിലെ പാർട്ടി നേൃത്വത്തിന് കഴിയാതെ വന്നു. തുടർന്ന്‍ അവിശ്വാസത്തെ പിന്തുണയ്ക്കുകയും യു.ഡി.എഫിന് ഭരണം നഷ്ടപ്പെടുകയുമുണ്ടായി. സമാന സാഹചര്യം  മാവേലിക്കര നഗരസഭയിൽ വന്നപ്പോൾ മുരളീധരൻ എൽ.ഡി.എഫിനെ പിന്തുണയ്ക്കാൻ നിർദ്ദേശിച്ചു. എന്നാൽ സംഘപരിവാർ എതിർ നിലപാടെടുത്തു. തുടർന്ന്‍ അവിശ്വാസം അവിടെ പരാജയപ്പെട്ടു. ഇതെല്ലാം സംഘപരിവാറും നേതൃത്വവും തമ്മിലുള്ള പോരാട്ടവും പാർട്ടിക്കുള്ളിലെ വിഭാഗീയതയുമാണ് വെളിവാക്കുന്നത്.

 

കോണ്‍ഗ്രസ് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാതിരിക്കാനുള്ള തന്ത്രങ്ങൾ പയറ്റാനാണ് പാർട്ടി കേന്ദ്രനേതൃത്വം സ്വീകരിച്ചിട്ടുള്ള സമീപനം. അങ്ങനെയെങ്കിൽ കേരളത്തിൽ സ്വീകരിക്കേണ്ട നിലപാടുകളൊക്കെ നിർണ്ണായകമാണ്. അത്തരം വിഷയങ്ങളിലേക്കൊന്നും സംസ്ഥാനസമിതി യോഗത്തിന് പ്രവേശിക്കാനായില്ല.