ബീജിംഗ്: ചൈനയുടെ പാര്‍ലിമെന്റായ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ്സിന്റെ വാര്‍ഷിക സമ്മേളനം തുടങ്ങി. കമ്മ്യൂണിസ്റ്റ് പാര്‍ടി ജനറല്‍ സെക്രട്ടറി ശി ചിന്ഭിംഗ് സമ്മേളനത്തില്‍ രാജ്യത്തിന്റെ പ്രസിഡന്റായി അധികാരമേല്‍ക്കും. കഴിഞ്ഞ നവംബറില്‍ കമ്മ്യൂണിസ്റ്റ് പാര്‍ടി കോണ്‍ഗ്രസ്സില്‍ ആരംഭിച്ച അഞ്ചാം തലമുറ അധികാര കൈമാറ്റം ഇതോടെ പൂര്‍ണ്ണമാകും.
സമ്മേളനത്തില്‍ പ്രധാനമന്ത്രി വന്‍ ചിയാപാവോ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അഴിമതി തുടച്ചു നീക്കാനും പരിസ്ഥിതി സംരക്ഷിക്കാനും ജനങ്ങളുടെ ജീവിത ചുറ്റുപാടുകള്‍ ഉയര്‍ത്താനും സര്‍ക്കാര്‍ ശ്രമിക്കുമെന്നു വന്‍ പറഞ്ഞു. റിപ്പോര്‍ട്ട് അടുത്ത വര്‍ഷത്തില്‍ 7.5 ശതമാനം സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിടുന്നു.
ഏതാണ്ട് 3000 പേരോളം സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. രണ്ടാഴ്ച നീണ്ടു നില്ക്കുന്ന സമ്മേളനത്തില്‍ പുതിയ പ്രധാനമന്ത്രിയായി ലി ഖെചിയാംഗും അധികാരമേല്‍ക്കും. അഞ്ചു വര്‍ഷം വീതമുള്ള രണ്ടു ടേം പൂര്‍ത്തിയാക്കുകയോ 70 വയസ്സ് ആകുകയോ ചെയ്താല്‍ നേതൃത്വം ഒഴിയണമെന്നതാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കീഴ്വഴക്കം