തമിഴ്‌നാട്ടിലെ 1018 സ്ഥലപ്പേരുകള്‍ ഇംഗ്ലീഷ് ഉച്ചാരണത്തില്‍ നിന്ന് തമിഴ് ഉച്ചാരണത്തിലേക്ക് മാറ്റിക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. വിദഗ്ദ സമിതിയുടെ ശുപാര്‍ശയിലാണ് തീരുമാനം. തദ്ദേശ സ്ഥാപനങ്ങള്‍ വഴി ജില്ലാ കളക്ടര്‍മാര്‍ തുടര്‍നടപടികള്‍ സ്വീകരിക്കും.
സ്ഥലപ്പേരുകള്‍ മാറ്റുന്നത് സംബന്ധിച്ച് പ്രഖ്യാപനം 2018 ഡിസംബറില്‍ നടത്തിയിട്ടുണ്ടെങ്കിലും കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട് സര്‍ക്കാര്‍ ഔദ്യോഗികമായി ഉത്തരവിറക്കിയത്. വ്യവസായ നഗരങ്ങളിലൊന്നായ കോയമ്പത്തൂര്‍ ഇനി കോയംപുത്തൂര്‍ ആയി അറിയപ്പെടും. അംബട്ടൂര്‍ അംബത്തൂര്‍ എന്നും വെല്ലൂര്‍ വേലൂര്‍ എന്നും അറിയപ്പെടും. പെരമ്പൂര്‍ പേരാമ്പൂര്‍ എന്നും തൊണ്ടിയാര്‍പേട്ട് തണ്ടിയാര്‍പേട്ടൈ എന്നും എഗ്മോര്‍ എഴുമ്പൂര്‍ എന്നുമാകും ഇനി അറിയപ്പെടുക.