എം.എല്‍.എയും മുന്‍ ബി.ജെ.പി നേതാവുമായ കുല്‍ദീപ് സിങ് സെംഗാര്‍ പ്രതിയായ ഉന്നാവ് ബലാത്സങ്ങ കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയുടെ രഹസ്യ മൊഴി പ്രത്യേക കോടതി ജഡ്ജി രേഖപ്പെടുത്തി. വാഹനാപകടത്തില്‍ പരിക്കേറ്റ് ഡല്‍ഹി എയിംസ് ആശുപത്രിയില്‍ കഴിയുകയാണ് പെണ്‍കുട്ടിയിപ്പോള്‍. ആശുപത്രയിലേക്ക് നേരിട്ടെത്തിയാണ് ജഡ്ജി ധര്‍മ്മേഷ് ശര്‍മ മൊഴി രേഖപ്പെടുത്തിയത്.
പ്രത്യേക വിചാരണ നടത്തുന്നതിനായി പ്രതിയായ കുല്‍ദീപ് സിങ് സെംഗാറിനേയും ആശുപത്രിയിലെത്തിച്ചിരുന്നു. എയിംസില്‍ വെച്ച് പ്രത്യക വാദം കേള്‍ക്കണമെന്ന് വിചാരണ കോടതി ജഡ്ജിയുടെ ആവശ്യത്തിന് ഡല്‍ഹി ഹൈക്കോടതിയാണ് അനുമതി നല്‍കിയത്. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമായിരുന്നു ഇത്. ആശുപത്രിയില്‍ സജ്ജീകരിച്ച താത്കാലിക കോടതിയില്‍ രഹസ്യ വിചാരണയാണ് നടക്കുന്നത്. പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് വിചാരണ എയിംസിലേക്ക് മാറ്റിയത്.
കഴിഞ്ഞ ജൂലായിലാണ് കുടുംബത്തോടൊപ്പം സഞ്ചരിക്കവെ പെണ്‍കുട്ടിക്ക് കാറപകടത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുന്നത്. ബലാത്സംഗ കേസിലെ സാക്ഷികളും പെണ്‍കുട്ടിയുടെ ബന്ധുക്കളുമായ രണ്ടു പേര്‍ അപകടത്തില്‍ മരിച്ചിരുന്നു. പരിക്കേറ്റ പെണ്‍കുട്ടിയെ സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരമാണ് ഡല്‍ഹി എയിംസിലേക്ക് മാറ്റിയത്. ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ കേസുകളും ഉത്തര്‍പ്രദേശില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാറ്റാനും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. നിലവില്‍ സി.ബി.ഐയാണ് അപകടം സംബന്ധിച്ച കേസ് അന്വേഷിക്കുന്നത്.