Skip to main content
kottayam

പാലായില്‍ കേരള കോണ്‍ഗ്രസിന് ഔദ്യോഗിക സ്ഥാനാര്‍ഥിയില്ലെന്ന് പി.ജെ ജോസഫ്. കേരള കോണ്‍ഗ്രസ് പിന്തുണക്കുന്ന സ്ഥാനാര്‍ഥി മാത്രമാണ് ജോസ് ടോം. ജോസ് കെ മാണിയാണ് പാര്‍ട്ടി ചെയര്‍മാനെന്ന് പറയുന്ന ജോസ് ടോമിന് താനെന്തിന് ചിഹ്നം അനുവദിക്കണമെന്നും ജോസഫ് ചോദിച്ചു.സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശ പത്രികയില്‍ ഒപ്പുവയ്ക്കില്ലെന്നും ജോസഫ് വ്യക്തമാക്കി.

അതേസമയം ചിഹ്നം ലഭിക്കാന്‍ ധാരണയുണ്ടാക്കിയെന്ന ജോസ് വിഭാഗത്തിന്റെ പ്രസ്താവന ജോസഫ് ഗ്രൂപ്പ് തള്ളി. പാര്‍ട്ടി ഭരണഘടന പ്രകാരം ചിഹ്നം അനുവദിക്കേണ്ടത് താനെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പി.ജെ ജോസഫ് കത്തയച്ചു.രണ്ടില ചിഹ്നം അനുവദിക്കണമെന്നാവശ്യപ്പെട്ട് ജോസ് കെ. മാണി വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിരുന്നു. അതേസമയം ചിഹ്നം യു.ഡി.എഫ് തീരുമാനിക്കുമെന്ന് ജോസ് കെ. മാണി എം.പി പ്രതികരിച്ചു.

എന്നാല്‍ പാലായില്‍ ചിഹ്നത്തിന് പ്രസക്തിയില്ലെന്ന് ജോസ് ടോം പറഞ്ഞു. എഴുത്തും വായനയും അറിയാത്തവരെ സഹായിക്കാനാണ് ചിഹ്നം ഉപയോഗിച്ചിരുന്നത്. എങ്കിലും പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കണമെന്ന് ആഗ്രഹമുണ്ടെന്നും ജോസ് ടോം പറഞ്ഞു.