എന്തുകൊണ്ട് ഇന്ത്യയിലെ ബുദ്ധിജീവികളുടെയും മാധ്യമങ്ങളുടെയും വിശ്വാസ്യത നഷ്ടമാകുന്നു. ഇതഅറിയുന്നതിന് കാശ്മീർ വിഷയത്തിലേക്ക് നോക്കിയാൽ മതി .72 വർഷം പരീക്ഷിച്ച് പരാജയപ്പെട്ട ഭരണഘടനാ വഴിയെ മാറ്റാൻ കേന്ദ്രം തീരുമാനിച്ചു. ഭരണഘടനയുടെ 370, 35a അനുഛേദങ്ങൾ മാറ്റിയെഴുതി. കാശ്മീർ താഴ്വര യുദ്ധഭൂമിയായി വേറിട്ട് നിൽക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ ഈ തീരുമാനം എടുത്തത് .കാശ്മീരിൽ പാക്കിസ്ഥാൻ നേരിട്ടുള്ള ഇടപെടൽ നടത്തുന്നുവെന്ന് പാക്കിസ്ഥാൻ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. സ്വാഭാവികമായും ഇത്തരം ഒരു ചരിത്ര തീരുമാനം എടുക്കുമ്പോൾ കാശ്മീരിൽ തുടർന്നു വന്നിരുന്ന അന്തരീക്ഷം മൂർച്ഛിക്കാൻ സാധ്യതയുണ്ട്. അത് മുന്നിൽ കണ്ട് സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള നിരോധനങ്ങളെ ഉയർത്തിപ്പിടിച്ചുകൊണ്ടാണ് ഇന്ത്യയിലെ ബുദ്ധിജീവികളും ഇടതുപക്ഷവും പ്രതിപക്ഷവും പുരോഗമന ചിന്താഗതിക്കാരുമൊക്കെ കേന്ദ്ര സർക്കാരിൻറെ നടപടിയെ എതിർത്തത്. ആ എതിർപ്പിനെ മുഖ്യധാരാ മാധ്യമങ്ങളിൽ ഭൂരിപക്ഷവും അനുപാതരഹിതമായി ഉയർത്തിക്കാട്ടി .നമ്മുടെ നാട്ടിൽ പോലും ചെറിയൊരു സംഘർഷം ഉണ്ടായാൽ പോലീസ് നിയമപ്രകാരം 144 പ്രഖ്യാപിക്കുക പതിവാണ്. മനുഷ്യൻറെ ജീവനും സ്വത്തിനും ഉറപ്പു നൽകുക എന്നതാണ് ഭരണകൂടത്തെ സംബന്ധിച്ച് പ്രാഥമികമായ ഭരണഘടന ബാധ്യത.
ജമ്മുകാശ്മീരിൽ മാറ്റം വരുത്തി ദിവസങ്ങൾ കഴിഞ്ഞിട്ട് ഒരു ജീവഹാനി പോലും ഉണ്ടായില്ല .ഭരണകൂടം ഉയർത്തിക്കാട്ടുന്നത് അതാണ്. സാമാന്യ ബുദ്ധിയുള്ള ഏതൊരു വ്യക്തിക്കും അത് അംഗീകരിക്കേണ്ടി വരുന്നു. ഓഗസ്റ്റ് 19ന് താഴ്വരയിൽ സ്കൂളുകൾ തുറന്നു. ക്രമേണ നിരോധനങ്ങൾ ക്ക് ഇളവ് വരുത്തുന്നു. ലഭ്യമായ വിവരങ്ങളനുസരിച്ച് ഇതുവരെ യുദ്ധസമാനമായ അന്തരീക്ഷം കാശ്മീരിൽ മാറ്റത്തിന് ശേഷം അരങ്ങേറിയിട്ടില്ല. അതിനർത്ഥം കാശ്മീർ താഴ്വര ശാന്തമായി എന്നല്ല. അതേസമയം ഭരണകൂടം അതിനുള്ള പരിഹാര നടപടിയുമായി മുന്നോട്ടു നീങ്ങുന്നു.
ജമ്മു കാശ്മീർ ഇപ്പോൾ പൂർണമായും ഭാരതത്തിൻറെ ഭാഗമായി. എല്ലാ അർത്ഥത്തിലും. ലഡാക്കിലെ ജനങ്ങൾ മാറ്റത്തെ ആഘോഷപൂർവ്വം സ്വാഗതം ചെയ്യുന്നു. യൂണിയൻ ടെറിട്ടറി ആക്കുക എന്നുള്ളത് അവിടുത്തെ ജനതയുടെ ദീർഘകാല ആവശ്യമായിരുന്നു. ഈ വസ്തുതകൾ ഇന്ത്യൻ ജനത കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ചില അസൗകര്യങ്ങളെയും നിയന്ത്രണങ്ങളെയും ഉയർത്തിക്കാട്ടി കൊണ്ട് ബിജെപി സർക്കാരിനെ പ്രതിപക്ഷവും ബുദ്ധിജീവികളും മുഖ്യധാരാ മാധ്യമങ്ങളിൽ ഒരു വിഭാഗവും എതിർക്കുന്നത്. ബിജെപിക്ക് ഏതു തീരുമാനവുമായി മുന്നോട്ടു പോകുവാൻ കരുത്തുപകരുന്നതും ഈ അന്തരീക്ഷമാണ് .ഏത് യുക്തിസഹമായ തീരുമാനമെടുത്താലും പ്രതിപക്ഷവും ബുദ്ധിജീവികളും ചില മാധ്യമങ്ങളും അതിനെ കണ്ണടച്ച് എതിർക്കുമെന്ന് ഭരണപക്ഷം പറഞ്ഞാൽ അത് സാമാന്യജനങ്ങൾക്ക് തള്ളിക്കളയാൻ പറ്റാത്ത അവസ്ഥ ഇവർ ഒരുക്കി കൊടുക്കുന്നു .യഥാർത്ഥത്തിൽ ബിജെപി സർക്കാർ ഏകാധിപത്യ പ്രവണത കാണിക്കുന്നു എങ്കിൽ അതിനുള്ള വളവും അന്തരീക്ഷവും ഒരുക്കിക്കൊടുക്കുന്നത് ഇവരാണ്.
സ്വന്തം വിശ്വാസ്യത നഷ്ടപ്പെടുത്തിക്കൊണ്ട് . മറിച്ച് വിഷയങ്ങളെ ആസ്പദമാക്കി അവയെ യുക്തി ബോധത്തോടുകൂടി സമീപിച്ച് പ്രതികരിക്കുകയും എതിർക്കുകയും പിന്താങ്ങുകയും ഒക്കെ ചെയ്യുകയാണെങ്കിൽ സ്വാഭാവികമായും മാധ്യമങ്ങൾക്കും പ്രതിപക്ഷത്തിനും ബുദ്ധിജീവികൾക്കും വിശ്വാസ്യത ഉണ്ടാക്കും .അപ്പോൾ വിനാശകരമായ ഒരു തീരുമാനവുമായി സർക്കാർ മുന്നോട്ട് പോവുകയാണെങ്കിൽ അതിനെ തടയുവാൻ ഫലപ്രദമായ പ്രചാരണം നടത്തുവാനും ജനങ്ങളെ ഏകോപിപ്പിക്കാനും ഇന്നത്തെ മാധ്യമ നിയന്ത്രിത അന്തരീക്ഷത്തിൽ സാധ്യത ഏറെയാണ്. അത് മനസ്സിലാക്കാതെയുള്ള ഹ്രസ്വ ബുദ്ധിത്വമാണ് ഇപ്പോൾ പ്രകടമാകുന്നത്. ബിജെപിയുടെ ആരോപിക്കപ്പെടുന്ന ഏകാധിപത്യ പ്രവണത യെക്കാൾ ഇന്ത്യൻ ജനാധിപത്യത്തിന് ദോഷകരം ആകുന്നതും ഈ സമീപനമാണ്. കാരണം എന്തിനും വളരണമെങ്കിൽ വെള്ളവും വളവും ആവശ്യമാണ്. ഏകാധിപത്യത്തിന് ആവശ്യമായ സമൃദ്ധമായ വളവും വെള്ളവും ആണ് ഇന്ത്യയിലെ പ്രതിപക്ഷവും ബുദ്ധിജീവികളും മുഖ്യധാരാ മാധ്യമങ്ങളിൽ ചിലരും നൽകിക്കൊണ്ടിരിക്കുന്നത്.