Skip to main content
Thiruvananthapuram

സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 107 ആയി. മഴയുടെ ആശങ്ക അകലുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ മാത്രമാണ് മഴയുടെ മുന്നറിയിപ്പുള്ളത്. മറ്റ് ജില്ലകളില്‍ മഴയ്കുള്ള സാധ്യത കുറവാണ്.

കഴിഞ്ഞ ഒരാഴ്ചക്കാലമായി കേരളത്തിലെ ദുരിതത്തിലാഴ്ത്തിയ മഴ അകലുന്നതായാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ഇന്നും, വരും ദിവസങ്ങളിലും കേരളത്തില്‍ ഒരു ജില്ലയിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. എന്നാല്‍ ഇവിടേയും അതിശക്തമായ മഴ ഉണ്ടാകില്ല. നാളെ ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്
തുടര്‍ന്നുള്ള ദിവസങ്ങളി‍ല്‍ ഒരു ജില്ലയിലും മുന്നറിയിപ്പില്ല. ഉരുള്‍പൊട്ടലുണ്ടായ മേഖലകളില്‍ നിന്ന് വരും മണിക്കൂറുകളില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ സാധ്യതയുള്ളത് കൊണ്ട് മരണസംഖ്യ ഉയരാനാണ് സാധ്യത. വിവിധ ജില്ലകളിലെ 1,091 ക്യാമ്പുകളിലായി 1,80,164 പേരാണുള്ളത്. 11,286 വീടുകള്‍ ഭാഗികമായി തകര്‍ന്നപ്പോള്‍ 1060 വീടുകള്‍ മഴക്കെടുതിയില്‍ പൂര്‍ണ്ണമായും നശിച്ചു.