പാലാരിവട്ടം എന്ന പേര് ഇപ്പോൾ കേരളത്തിലെവിടെയും പരിചിതമാണ്. പണിതീർത്ത് രണ്ടുവർഷത്തിനകം തകർച്ചയുടെ വക്കിലെത്തിയ ഫ്ലൈ ഓവറിലൂടെ ആണ് പാലാരിവട്ടം ഇവ്വിധം പരിചിതത്വം നേടിയത്. പണി നടന്നു കൊണ്ടിരുന്നപ്പോൾ അത് നടപ്പിലാക്കിയ റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ എം ഡിയായിരുന്ന എ പി എ മുഹമ്മദ് ഹനീഷിനെ മെട്രോ റെയിൽ എം ഡി സ്ഥാനത്തുനിന്ന് മാറ്റി വ്യവസായ സെക്രട്ടറിയായി നിയമിച്ചു. നിർമ്മാണസമയത്ത് മരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞ് പറയുന്നു ,ഉദ്യോഗസ്ഥതലത്തിൽ നടന്ന അഴിമതിയെ തുടർന്നാണ് ഫ്ലൈഓവർ രണ്ടു കൊല്ലത്തിനു മുമ്പ് ഉപേക്ഷിക്കേണ്ടിവന്നതെന്ന്.
ഒരു കാര്യത്തിൽ മാത്രം സംശയമില്ല. അഴിമതി നടന്നു എന്നുള്ള കാര്യത്തിൽ. ആവശ്യത്തിന് സിമൻറ് പോലും ഉപയോഗിച്ചില്ല എന്ന് കണ്ടെത്തിയിരിക്കുന്നു. അപ്പോൾ എത്രമാത്രം ഗുരുതരവും വ്യാപകവുമായ അഴിമതിയാണ് നടന്നിട്ടുണ്ടാവുക എന്ന് അനുമാനിക്കാം. കമ്പിയുടെയും മറ്റും കാര്യം ചിന്തനീയം. കിലോമീറ്ററോളം ദൈർഘ്യത്തിൽ മെട്രോ റെയിൽ പണി നടക്കുമ്പോഴും അതിനോടനുബന്ധമായി ഏതാണ്ട് അര ഡസനോളം ഫ്ലൈ ഓവറുകളും പാലങ്ങളും എസ്റ്റിമേറ്റ് തുകയേക്കാൾ വളരെ കുറവിൽ ബലവത്തായി നിർമ്മിച്ച് രാജ്യത്തിന് സമർപ്പിക്കപ്പെട്ട വേളയിലാണ് സർക്കാർ നേരിട്ട് പാലാരിവട്ടം ഫ്ലൈ ഓവർ നിർമ്മിച്ചത്.
കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിൽ ഇതിൽ അഴിമതി നടന്നിട്ടുണ്ട്. കാരണക്കാരെ എല്ലാവരെയും വെളിച്ചത്തു കൊണ്ടുവരിക എന്നുള്ളത് പിണറായി വിജയൻ സർക്കാരിൻറെ പ്രാഥമിക ഉത്തരവാദിത്വമാണ്. ഫ്ലൈഓവർ പുതുക്കിപ്പണിയോ മാറ്റിപ്പണിയോ തുടങ്ങുന്നതിനു മുൻപേ അഴിമതി കാട്ടിയ രാജ്യദ്രോഹികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. അത് മന്ത്രിയായാലും ഉദ്യോഗസ്ഥരായാലും കരാറുകാരായാലും. അത് ചെയതിട്ട് വേണം സർക്കാർ അടുത്ത നടപടിയിലേക്കു നീങ്ങാൻ. അല്ലാത്ത പക്ഷം പാലാരിവട്ടം ഫ്ലൈഓവർ അഴുമതിക്കാർക്ക് പ്രചോദനവും പ്രോത്സാഹനവുമായി മാറും. കളവിനെക്കാൾ ഗുരുതരവും ഭയാനകവുമാണ് കൊള്ള. കാരണം കൊള്ളയിൽ കൊള്ളയടിക്കപ്പെടുന്നവർ നിസ്സഹായരായ ഇരകളായി മാറുന്നു. ഈ ഫ്ലൈഓവർ പകൽകൊള്ളയുടെ ഉദാഹരണമാണ്. കൊള്ളക്കാരെ വെറുതെ വിടുന്നത് കൊള്ളയെ അനുവദിച്ചു കൊടുക്കുകയുംപ്രോത്സാഹി'പ്പിക്കുന്നതിനും തുല്യമാണ്.