രോഗം കൃത്യമായി നിർണയിക്കുക. അതിൻറെ അടിസ്ഥാനത്തിൽ യുക്തമായ മരുന്ന് നൽകുക. ഇതാണ് ഒരു വ്യക്തിയാണെങ്കിലും പ്രസ്ഥാനമാണെങ്കിലും രോഗബാധിതമാണെങ്കിൽ ചെയ്യേണ്ട അടിയന്തര ആവശ്യം. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം നടന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ആ നിലയ്ക്ക് പരാജയപ്പെട്ടതാണ് സിപിഎമ്മിന്റെ കേരളത്തിലെ ഭാവിയും ത്രിപുരയിലേതിന്റെയും പശ്ചിമ ബംഗാളിലെയും തുടർച്ചയാകുമെന്ന് സൂചിപ്പിക്കുന്നത് .
ഇന്ത്യൻ രാഷ്ട്രീയ നേതാക്കളുടെ ഇടയിൽ ഏറ്റവും വലിയ ബുദ്ധിജീവി. പ്രഗത്ഭനായ സംഘാടകൻ. വാഗ്മി .എന്നൊക്കെ വിശേഷണമുള്ള വ്യക്തിത്വമാണ് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടേത്. എന്നാൽ കേന്ദ്രകമ്മിറ്റി വിശകലനത്തിനു ശേഷം അദ്ദേഹം പ്രകടമാക്കിയിരിക്കുന്നത് വളരെ ദുർബലവും ക്ഷീണിതവുമായ ഒരു നേതൃത്വ സാന്നിധ്യമാണ്. കോൺഗ്രസും ബിജെപിയും ചേർന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിൽ വിജയിച്ചു എന്ന് പറയുമ്പോൾ സുശക്തമായ കേഡർ സംവിധാനം ഉള്ള സിപിഎം അതിൻറെ ഘടനാപരമായ ഉലച്ചിലും തകർച്ചയുടെ സൂചനകളുമാണ് മുഴക്കുന്നത് .അതിനേക്കാൾ ദയനീയമാണ്, വിശ്വാസികളായ പാർട്ടി അനുഭാവികളെ തിരികെ കൊണ്ടു വരാൻ ശ്രമിക്കുമെന്ന് അദ്ദേഹം പറയുന്നത് .കഴിഞ്ഞ പാർട്ടി കോൺഗ്രസ് വരെ വിശ്വാസങ്ങൾക്ക് എതിരെ നിലപാടെടുത്ത്, പാർട്ടി അംഗങ്ങൾ ആചാരങ്ങൾ അനുഷ്ഠിക്കുന്ന തൊക്കെ വിലക്കുകയും അതിലൂടെ കമ്യൂണിസ്റ്റ് മുഖത്തെ മിക്ക വെക്കാൻ ശ്രമിക്കുകയും ഒക്കെ ചെയ്തത്.ആപാർട്ടിയാണ് ഇപ്പോൾ സ്വയരക്ഷയ്ക്ക് വേണ്ടി വിശ്വാസികളുടെ പേരിൽ കേഴുതുന്നത് .വ്യക്തിയാണെങ്കിലും പ്രസ്ഥാനമാണെങ്കിലും സമൂഹമാ ണെങ്കിലും ദൗർബല്യം കൊണ്ട് രക്ഷപ്പെടാൻ സാധ്യമല്ല .അതിനു ശക്തി തന്നെ അനിവാര്യം .ആ ശക്തിയുടെ അവസാനത്തെ തുള്ളികളും ചോർന്നുപോകുന്ന ദയനീയമായ കാഴ്ചയാണ് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയിലൂടെ കാണപ്പെടുന്നത്.