രാഹുല്‍ ഗാന്ധിയുടെ വരവിലൂടെ കോണ്‍ഗ്രസ് ഒരു വെടിക്ക് ഒരുപാട് പക്ഷികളെ വീഴ്ത്തിയിരിക്കുന്നു. രാഹുല്‍ ഗാന്ധിയുടെ ജയമുറപ്പിക്കുക എന്ന ദേശീയ ആവശ്യത്തേക്കാള്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുടെ താല്‍പര്യം രണ്ട് പ്രധാന കാര്യങ്ങളിലാണ്. ഒന്ന് അനിയന്ത്രിതമായ ഗ്രൂപ്പ് പോര് ഒഴിവാക്കുക. രണ്ടാമത്തേത് കോണ്‍ഗ്രസിനെയും ഐക്യജനാധിപത്യ മുന്നണിയെയും പരാജയപ്പെടുത്തുക എന്ന ലക്ഷ്യമിട്ടുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ശബരിമല വിഷയത്തെ കൈകാര്യം ചെയ്തതിനുള്ള മറുമരുന്ന്. ശബരിമല വിഷയം കൈകാര്യം ചെയ്തതിലൂടെ പിണറായി ബി.ജെ.പിയെ വളര്‍ത്തി തങ്ങളെ തളര്‍ത്തുന്നു എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചിരുന്നത്. അതോടൊപ്പം ന്യൂനപക്ഷങ്ങളെയും കൂടെ നിര്‍ത്താനുള്ള സി.പി.എം ശ്രമവും കോണ്‍ഗ്രസിനെ ബുദ്ധിമുട്ടിലാക്കിയിരുന്നു.ഈ സാഹചര്യത്തെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ രാഹുല്‍ ഗാന്ധിയെ വയനാട്ടിലേക്ക് കൊണ്ടുവന്നതിലൂടെ അതിവിദഗ്ധമായി അതിജീവിച്ചിരിക്കുന്നത്. അതിലവര്‍ ദേശീയ രാഷ്ട്രീയത്തെ തെല്ലും പരിഗണിച്ചിട്ടില്ല.
ഇതാണ് സി.പി.എമ്മിനും ഇടതുപക്ഷത്തിനും അപ്രതീക്ഷിതവും കനത്തതുമായ പ്രഹരമായി മാറിയിരിക്കുന്നത്. പാര്‍ലമെന്റില്‍ നിന്ന് സി.പി.എമ്മിന്റെ സാന്നിധ്യം പൂര്‍ണമായും തുടച്ച് നീക്കുക എന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ താല്‍പര്യവും കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അനുകൂലമായി. തൂക്ക് മന്ത്രിസഭയുണ്ടാകുന്ന സാഹചര്യത്തില്‍, ഏറിവന്നാല്‍ പത്തോ പന്ത്രണ്ടോ അംഗങ്ങളുണ്ടായേക്കാവുന്ന സി.പി.എമ്മിനേക്കാള്‍ 38 എം പിമാരുടെ ബലസാധ്യതയുമായാണ് മമതാ ബാനര്‍ജിയുടെ നില്‍പ്പ്. മാത്രമല്ല സി.പി.എമ്മിന്റെ ചുരുങ്ങിയ അംഗങ്ങളുടെ പിന്തുണയില്‍ മന്ത്രിസഭ രൂപീകരിക്കേണ്ടി വരികയാണെങ്കില്‍ അവരുടെ മേല്‍ക്കൊയ്മ കോണ്‍ഗ്രസിന് നന്നായി അനുഭവമുള്ളതാണ്. ഈ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്ന് പരമാവധി കോണ്‍ഗ്രസ് എം.പിമാരെ നേടുകയും മമതാ ബാനര്‍ജിയുടെ പിന്തുണ ഉറപ്പാക്കുകയും ചെയ്യുക എന്ന ദേശീയ തന്ത്രമാണ് കേരള നേതാക്കള്‍ ആശയക്കുഴപ്പത്തിന്റെ ദിവസങ്ങളിലൂടെ കോണ്‍ഗ്രസ് നേതൃത്വത്തെ ബോധ്യപ്പെടുത്തിയത്.
ഇടതുപക്ഷം പ്രത്യേകിച്ച് സി.പി.എം അതിന്റെ എക്കാലത്തെയും വലിയ തയ്യാറെടുപ്പുകളോടെയാണ് ഈ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. സി.പി.എമ്മിന് ഇന്ന് കേരളത്തില്‍ അവതരിപ്പിക്കാന്‍ കഴിയുന്ന ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥികളെ വളരെ മുന്‍കൂട്ടി രംഗത്തിറക്കി പ്രചാരണം തുടങ്ങിയതും അതിന്റെ ഭാഗമായാണ്. കാരണം അവര്‍ക്കിത് ദേശീയ രാഷ്ട്രീയത്തിലെ നിലനില്‍പ്പിന്റെ ജീവന്‍മരണ പ്രശ്‌നമാണ്. ബി.ജെ.പിക്കും മോദിക്കുമെതിരെ ബദല്‍ എന്നുള്ളത് രണ്ടാമത്തെ വിഷയമാണ്. ആ നിലനില്‍പ്പിന് ഭീഷണിയേല്‍ക്കുന്നു എന്നുള്ള ആഘാതത്തിന്റെ പ്രതിഫലനമാണ് നിലമറന്നതുപോലെ രാഹുല്‍ ഗാന്ധിയെ പപ്പു പരാമര്‍ശത്തിലൂടെ ആക്രമിക്കാന്‍ സി.പി.എമ്മിന്റെ മുഖപത്രമായ ദേശാഭിമാനി ശ്രമിച്ചത്.