മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാന്‍ കേരളത്തെ അനുവദിക്കില്ലെന്നും വേണ്ടിവന്നാല്‍ അണക്കെട്ട് നിര്‍മ്മിക്കാന്‍ തയ്യാറാണെന്നും തമിഴ്‌നാട്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീംകോടതിയില്‍ അന്തിമ വാദം നടക്കുന്ന സാഹചര്യത്തിലാണ് തമിഴ്‌നാട് അഭിഭാഷകന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
നിലവിലെ സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമാണെന്നും അണക്കെട്ട് കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ക്ക് തമിഴ്‌നാടിനെ കേരളം അനുവദിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഡാമിന് ചുറ്റുമുള്ള പ്രദേശങ്ങള്‍ പൂര്‍ണമായും കേരളത്തിന്റെ നിയന്ത്രണത്തിലാണെന്നും ഡാമിലേക്ക് ഒരു റോഡ് നിര്‍മ്മിക്കാന്‍ പോലും കേരളം അനുവദിക്കുന്നില്ലെന്നും കോടതിയില്‍ തമിഴ്‌നാട് അഭിഭാഷകന്‍ വ്യക്തമാക്കി.
മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്തണമെന്ന തമിഴ്‌നാടിന്റെ ആവശ്യം കേരള സര്‍ക്കാര്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് അണക്കെട്ടിനെ ചൊല്ലിയുള്ള തര്‍ക്കം ആരംഭിച്ചത്. പുതിയ അണക്കെട്ട് നിര്‍മ്മിക്കുകയാണെങ്കില്‍ അത് തമിഴ്‌നാട് സ്വന്തം ചിലവില്‍ നിര്‍മ്മിക്കും. പുതിയ ഡാം പണിയാന്‍ കേരളത്തെ അനുവദിക്കില്ലെന്നും തമിഴ്നാട് വ്യക്തമാക്കി.
ഇപ്പോഴുള്ള അണക്കെട്ട് സ്ഥിതി ചെയ്യുന്നതിന് താഴെയായി പുതിയ അണക്കെട്ട് നിര്‍മ്മിക്കാമെന്നും അവിടെ ജലനിരപ്പ് 136 അടിയായി നിലനിര്‍ത്തി തമിഴ്‌നാടിന് നല്‍കിവരുന്ന വെള്ളം തുടര്‍ന്നും നല്‍കാമെന്നും കേരളം സുപ്രീംകോടതിയില് അറിയിച്ചിരുന്നു. ഇതിനെതിരെയാണ് പുതിയ വാദങ്ങളുമായി തമിഴ്നാട് രംഗത്തെത്തിയിരിക്കുന്നത്.