Skip to main content
 vellappally
മുഖ്യധാരാ മാധ്യമത്തിന്റെ പ്രാദേശിക ലേഖകന്‍ സാക്ഷിയായ ഒരു സന്ദര്‍ഭം. ഒരേസമയം രസകരവും അതേസമയം കേരളത്തിലെ വര്‍ത്തമാനകാല രാഷ്ട്രീയത്തിന്റെ സൂക്ഷ്മതലങ്ങളെയും ആ സന്ദര്‍ഭം സൂചിപ്പിക്കുന്നു. നവോത്ഥാന നായകനായി സംസ്ഥാന സര്‍ക്കാരിനാല്‍ വാഴ്ത്തപ്പെട്ടയാളാണ് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഒരു വാര്‍ത്താ ശേഖരണത്തിന്റെ  ഭാഗമായിട്ടാണ് പ്രാദേശിക ലേഖകന്‍ മാര്‍ച്ച് 24 ന്  അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. 
 
 
ലേഖകന്‍ അവിടെ ചെല്ലുമ്പോള്‍ വെള്ളാപ്പള്ളി നടേശനും അദ്ദേഹത്തിന്റെ ഭാര്യ പ്രീതി നടേശനും ചേര്‍ന്ന് ചില രേഖകള്‍ പരിശോധിക്കുകയും അടുക്കുകയും ചെയ്യുകയായിരുന്നു. അതില്‍ ചില പ്രമാണങ്ങളെപ്പോലുള്ള രേഖകള്‍ ഉണ്ടായിരുന്നു. തങ്ങളുടെ മകന്‍ തുഷാര്‍ വെള്ളാപ്പള്ളി തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ നാമനിര്‍ദേശപത്രിക കൊടുക്കുന്നതിലേക്കുള്ള തയ്യാറെടുപ്പിന്റെ  ഭാഗമായിട്ടാണ് ഇവര്‍ ഈ രേഖ രേഖകള്‍ പരിശോധിക്കുകയും അടുക്കുകയും ചെയ്തുകൊണ്ടിരുന്നത്.
 
 
ഇതിന്റെ തലേദിവസമാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വെള്ളാപ്പള്ളിയുടെ വീട്ടിലെത്തിയത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ അഞ്ചോളം മന്ത്രിമാര്‍ ഉള്‍പ്പെട്ട ഇടതുപക്ഷ മുന്നണി നേതാക്കളും വെള്ളാപ്പള്ളിയെ സന്ദര്‍ശിക്കാന്‍ എത്തിയിരുന്നു. വെള്ളാപ്പള്ളി നടേശന്‍ പരസ്യമായി ഇക്കുറി ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയാണ്  പിന്തുണയ്ക്കുന്നത്. അതു സംബന്ധിച്ചുള്ള  ഔപചാരിക ധാരണകള്‍ ഉണ്ടാക്കിയില്ലെങ്കിലും. തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുന്നതാകട്ടെ  ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായും. വര്‍ത്തമാനകാല കേരളരാഷ്ട്രീയത്തിലെ ചലനാത്മകതയുടെ രസതന്ത്രത്തിനാണ് ഈ പ്രാദേശിക ലേഖകന്‍ സാക്ഷിയായത്.
 

മാതാപിതാക്കള്‍ എന്നനിലയില്‍ ഇതില്‍ ഒരു അസ്വാഭാവികതയില്ല. അച്ഛനും മകനും വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളില്‍ വിഭിന്ന ആശങ്ങളുമായി നില്‍ക്കുന്നതും അസ്വാഭാവികമല്ല. കേരളം അതും കണ്ടിട്ടുണ്ട്. എന്നാല്‍ ഒരേ സംഘടനയില്‍ ഭാരവാഹിത്വം വഹിക്കുകയും ആ സംഘടനയുടെ പിന്‍ബലത്തല്‍ ഒന്നിച്ച് രാഷ്ട്രീയ പാര്‍ട്ടി തുടങ്ങുകയും പിന്നീട് പാര്‍ട്ടിക്ക് സംഘടനയുമായി ബന്ധമില്ലെന്ന് പറയുകയും ആ സംഘടനയിലെ ഭാരവാഹിത്വം തുടര്‍ന്നുകൊണ്ട് തന്നെ മകന്‍ മത്സരിക്കാനൊരുങ്ങുകയും ആ തീരുമാനം തെറ്റാണെന്ന് നിലപാടെടുത്ത അച്ഛന്റെ നേതൃത്വത്തില്‍ ആധാരാവും പ്രമാണവും ഒരുക്കുന്നതാണ് ഇതിലെ വൈചിത്ര്യം. രണ്ട് പേരുടെയും ആശയങ്ങളും അഭിപ്രായങ്ങളും ഒന്ന് തന്നെ. രണ്ട് പേരും കേസുകളിലും ഉള്‍പ്പെട്ടവരാണ് ആ കേസുകളാകട്ടെ ധനമിടപാടുമായി ബന്ധപ്പെട്ടതും.

 

Ad Image