Skip to main content

2019 Election

ഒരു ലോക്‌സഭാ സ്ഥാനാര്‍ത്ഥി എഴുപത് ലക്ഷം രൂപയില്‍ കൂടുതല്‍ പ്രചാരണത്തിനായി ചെലവഴിക്കാന്‍ പാടില്ല. 10,000 രൂപയില്‍ കൂടുതല്‍ സ്വീകരിക്കുന്ന സംഭാവന രേഖാമൂലം ആയിരിക്കണം. ഇതൊക്കെ കര്‍ശനമായി പാലിക്കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. സ്ഥാനാര്‍ത്ഥിയുടെ ചെലവുകള്‍ വളരെ സൂക്ഷ്മതയോടെ നിരീക്ഷിക്കുകയാണെന്ന് ഇടയ്ക്കിടയ്ക്ക് ഓര്‍മിപ്പിക്കുകയും ചെയ്യുന്നുണ്ട്. കേരളത്തില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസര്‍ കളക്ടര്‍മാര്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ ജനായത്ത സംവിധാനത്തിന്റെ  ധാര്‍മികവശം ഇതിലേക്ക് നോക്കിയാല്‍ വ്യക്തമാകും. കളവും കുറ്റകൃത്യങ്ങളും ചെയ്യപ്പെടാം. സാങ്കേതികമായി പിടിക്കപ്പെടരുത് എന്നുമാത്രം.

 

ഏപ്രില്‍ 23നാണ് കേരളത്തില്‍ വോട്ടെടുപ്പ്. ചിത്രം ഇപ്പോഴും പൂര്‍ണമായി തെളിഞ്ഞു വന്നിട്ടില്ല. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രചാരണം വളരെ മുന്നേറിക്കഴിഞ്ഞു. അവരുടെ തിരഞ്ഞെടുപ്പ് ചെലവിലേക്ക് നോക്കിയാല്‍ ചില മണ്ഡലങ്ങളില്‍ ഒരുപക്ഷേ 70 ലക്ഷത്തിലേറെ രൂപ ഇതിനകം ചെലവഴിച്ചിട്ടുള്ളതായി മനസ്സിലാക്കാവുന്നതാണ്. മുന്നണികളുടെ പ്രചാരണം ചൂടുപിടിക്കാന്‍ ഇരിക്കുന്ന വരും ദിവസങ്ങളിലാണ് അന്തരീക്ഷം കൊടുമ്പിരിക്കൊള്ളുന്നത്. അപ്പോള്‍ ചെലവഴിക്കപ്പെടുന്നത് കോടികള്‍ ആയിരിക്കും.

 

ഇത് എല്ലാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും വോട്ടര്‍മാര്‍ക്കും, വോട്ടവകാശം എത്തിയിട്ടില്ലാത്ത അത്യാവശ്യം കാര്യങ്ങള്‍ മനസ്സിലാക്കാന്‍ പ്രായമുള്ളവര്‍ക്കും, തിരഞ്ഞെടുപ്പ് കമ്മീഷനും, ജില്ലാ കളക്ടര്‍മാര്‍ മുതല്‍ വില്ലേജ് ഓഫീസര്‍ വരെ ഉള്ളവര്‍ക്കും ഇതറിയാം. ഇതേപോലുള്ള മാനദണ്ഡം എല്ലാ തിരഞ്ഞെടുപ്പുകളിലും ഉണ്ട്.  എന്നാല്‍ നിര്‍ദ്ദിഷ്ട തുകയ്ക്ക് അധികം ചെലവഴിച്ചതിന്റെ പേരില്‍  എന്തെങ്കിലും നടപടികള്‍ ഇതുവരെ ഉണ്ടായിട്ടുള്ളതായി എന്തായാലും കേരളത്തില്‍ അറിവ് അറിവില്ല.

 

എല്ലാ മുന്നണികളും എതിരാളികളെ മോശക്കാരാക്കി തങ്ങള്‍ സംശുദ്ധരാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തി വോട്ടു നേടാന്‍ ശ്രമിക്കുന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സംഭാവനകള്‍ സ്വീകരിക്കുന്നത് കോടികളും ലക്ഷങ്ങളും ആയിട്ടാണെന്ന് ഏവര്‍ക്കും അറിവുള്ളതുമാണ്. അതിനുപുറമെയാണ് മുന്നണികള്‍ വീടുകളില്‍ എത്തി ചെറിയ പിരിവ് സംഘടിപ്പിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്  കണക്ക് സമര്‍പ്പിക്കുമ്പോള്‍  അത് തീര്‍ച്ചയായും 70 ലക്ഷത്തില്‍ താഴെയായിരിക്കും. ഇന്ത്യന്‍ ജനായത്ത സംവിധാനത്തിന്റെ ഏറ്റവും വലിയ ദൗര്‍ബല്യവും പുഴുക്കുത്തുമാണിത്. ഗതികേടും. ഒരേസമയം പ്രവര്‍ത്തിയിലൂടെ അഴിമതിയെ ആഘോഷിക്കുകയും ആ ആഘോഷത്തെ വോട്ടെടുപ്പില്‍ ആയുധമാക്കി മുന്നേറാന്‍ ശ്രമിക്കുകയും ചെയ്യുന്ന കാഴ്ചയാണ് ഇവിടെ നടക്കുന്ന ഓരോ തെരഞ്ഞെടുപ്പുകളും.

 

Ad Image