Skip to main content

extramarital

മാധ്യമങ്ങള്‍ക്കിന്ന് പത്രാധിപ തസ്തികയുണ്ട്. എന്നാല്‍ പത്രാധിപത്യം ഫലത്തില്‍ ഇല്ല. പത്രാധിപന്മാര്‍ ഇല്ലാത്ത മാധ്യമലോകമാണ്. അതേസമയം എല്ലാ മാധ്യമങ്ങളെയും ഒരു അജ്ഞാത പത്രാധിപന്‍ നയിക്കുകയും ചെയ്യുന്നുണ്ട്. അത് അജ്ഞാത പത്രാധിപയും അല്ല. അജ്ഞാത പത്രാധിപന്‍ ആകട്ടെ പത്രാധിപയെ പോലെ പെരുമാറുകയും ചെയ്യും. ആ അജ്ഞാത പത്രാധിപന്റെ മാനദണ്ഡങ്ങളാണ് ഇന്ന് പുരോഗമന സ്വഭാവമുള്ള കാഴ്ചപ്പാടായി അംഗീകരിക്കപ്പെട്ടിരിക്കുന്നത്. അതിനാല്‍ വ്യക്തികളും സംഘടനകളും രാഷ്ട്രീയപാര്‍ട്ടികളും എന്തിന് സുപ്രീംകോടതി പോലും ആ അജ്ഞാത പത്രാധിപന്റെ പുരോഗമന മൂല്യത്തെ പിന്‍പറ്റുന്നു. ആ പുരോഗമനമൂല്യ സമവാക്യത്തിന് ഒരു പൊതുസ്വഭാവമുണ്ട്. അത് വളരെ ലളിതവുമാണ്. വ്യക്തി സ്വാതന്ത്ര്യമാണ് മുഖ്യമായി ഉയര്‍ത്തിപ്പിടിക്കുന്നത്. സ്വാതന്ത്ര്യം എന്നാല്‍ എന്തും ചെയ്യാനുള്ള വ്യക്തിയുടെ സ്വാതന്ത്ര്യം. ഇതിന്റെ ഫലമായി നിലവിലുള്ള മൂല്യങ്ങളും സംവിധാനങ്ങളും തകര്‍ക്കപ്പെടേണ്ടതാണ് എന്ന പൊതുബോധം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. അതിന്റെ ഫലമായി നിലയില്‍ നിലവില്‍ ഹിതം ആയിട്ടുള്ളതെല്ലാം അഹിതവും ഹിതമായിട്ടുള്ളതെല്ലാം അവിഹിതവും എന്ന സമവാക്യം രൂഢമൂലമാകപ്പെട്ടു. ഇക്കാരണം കൊണ്ടുതന്നെ ഇതുവരെ അശ്ലീലമായി കരുതിയിരുന്നത് ശ്ലീലവും, ശ്ലീലമായി കരുതപ്പെട്ടിരുന്നതൊക്കെ അശ്ലീലവുമായി കണക്കാക്കപ്പെട്ടുതുടങ്ങി.

 

ഈ ലളിത സമവാക്യം അജ്ഞാത പത്രാധിപരായി മാധ്യമങ്ങളെ നയിച്ചുകൊണ്ടിരിക്കുന്നു. മാധ്യമങ്ങള്‍ സമൂഹത്തെ സ്വാധീനിക്കുകയും ചെയ്യുന്നു. ഈ അജ്ഞാത പത്രാധിപ സാന്നിധ്യത്തിനുദാഹരണമായി മാതൃഭൂമി ദിനപത്രത്തില്‍ വന്ന ഒരു റിപ്പോര്‍ട്ട് നോക്കാം. തലവാചകം ഇങ്ങനെ 'യുവാവിന്റെ കൊലപാതകം;ഏഴ് പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു', കൊച്ചി: കാക്കനാട് വാഴക്കാലയില്‍ ജിബിന്‍ എന്ന 34കാരനാണ് കൊലചെയ്യപ്പെട്ടത്. ആ കേസില്‍ 14 പ്രതികള്‍ ഉള്ളതില്‍ 13 പേര്‍ അറസ്റ്റിലായി. പ്രതികളെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. 2019 മാര്‍ച്ച് 15ന് പ്രതികളുമായി പോലീസ് സംഭവ സ്ഥലത്ത് തെളിവെടുപ്പിനായി എത്തി. അതിനെ കുറിച്ചുള്ളതാണ് റിപ്പോര്‍ട്ട്. മാധ്യമ റിപ്പോര്‍ട്ടുകളുടെ തന്നെ അടിസ്ഥാനത്തില്‍ ജിബിന്‍ കൊലചെയ്യപ്പെട്ടത് ഇങ്ങനെ- ഒരു യുവതിയുടെ വാട്‌സാപ്പ് മെസ്സേജ് അര്‍ധരാത്രിയില്‍ ജിബിന് ലഭിക്കുന്നു. ജിബിനെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചുകൊണ്ട്. ജിബിന്‍ പതിവുപോലെ ആ യുവതിയുടെ വീട്ടിലെത്തുന്നു. യുവതിയുടെ ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തിയ ഭര്‍ത്താവും ഭര്‍ത്താവിന്റെ അച്ഛനും സഹോദരനും മറ്റ് ബന്ധുക്കളും ചേര്‍ന്ന് ജിബിനെ ചുറ്റികകൊണ്ട് മറ്റും മര്‍ദ്ദിച്ച് കൊല്ലുന്നു. അതിനുശേഷം ജിബിന്റെ മൃതദേഹം പാലച്ചുവട് പാലത്തിനു സമീപം അദ്ദേഹത്തിന്റെ സ്‌കൂട്ടറിനോടൊപ്പം കൊണ്ട് തള്ളി.

 

ഇനി മാതൃഭൂമി റിപ്പോര്‍ട്ടിലെ അജ്ഞാത പത്രാധിപരുടെ സ്വാധീനത്തെക്കുറിച്ച്. ആ റിപ്പോര്‍ട്ടിന്റെ അവസാനം ഇങ്ങനെ പറയുന്നു 'ചക്കരപ്പറമ്പ് സ്വദേശി ജിബിനെ (34) കഴിഞ്ഞ വെള്ളിയാഴ്ച അര്‍ധരാത്രി വാഴക്കാലയില്‍ അസീസിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ഈ വീട്ടിലെ യുവതിയുമായി ജിബിന്റെ ദീര്‍ഘനാളത്തെ സൗഹൃദത്തിന്റെ പേരിലുണ്ടായിരുന്ന പ്രശ്‌നങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചത്.'

 

അജ്ഞാത പത്രാധിപരുടെ പുരോഗമന വീക്ഷണത്തിന് യോജിക്കാത്ത വിധം എഴുതുകയോ പറയുകയോ ചെയ്യുന്നവര്‍ സ്ത്രീ വിരുദ്ധരും ആണധികാര വക്താക്കളുമായി ചിത്രീകരിക്കപ്പെടും. ഈ അജ്ഞാത പത്രാധിപര്‍ക്ക് കുടുംബ വ്യവസ്ഥിതിയോട് യോജിപ്പില്ല. അതിനെ തകര്‍ക്കുന്നതിനോടാണ് ആഭിമുഖ്യം. അതാണ് പുരോഗമനം. ഭദ്രമായ വിവാഹ ജീവിതം ഈ അജ്ഞാത പത്രാധിപരുടെ കാഴ്ചപ്പാടില്‍ ജീര്‍ണ്ണിച്ച കുടുംബസംവിധാനത്തിന്റെ  മൂല്യവ്യവസ്ഥയാണ്. അതുകൊണ്ടുതന്നെ വിവാഹേതരബന്ധം വ്യക്തിയുടെ സ്വാതന്ത്ര്യമായി ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നു. സുപ്രീംകോടതി വിവാഹേതര ബന്ധം കുറ്റകരമല്ലാതാക്കിയത് ആക്ടിവിസ്റ്റ് ഫെമിനിസ്റ്റ് ചിന്താഗതി പുലര്‍ത്തുന്ന ഈ അജ്ഞാത പത്രാധിപരുടെ വീക്ഷണ ഫലമാണെന്ന് ഈ അജ്ഞാത പത്രാധിപരും ആ അജ്ഞാത പത്രാധിപര്‍ ഊര്‍ജ്ജം ശേഖരിക്കുന്ന ഫെമിനിസ്റ്റ് ആക്ടിവിസ്റ്റ് ചിന്താഗതിക്കാരും വിശ്വസിക്കുന്നു. മനുഷ്യസമൂഹത്തില്‍ ഒരു വ്യക്തിയുടെ ഏറ്റവും അങ്ങേയറ്റം സാമൂഹികവും ഉദാത്തവുമായ പെരുമാറ്റ പ്രകടനമാണ് സൗഹൃദം. ഹൃദയംകൊണ്ട് രണ്ട് വ്യക്തികള്‍ ഒന്നാകുന്ന പക്രിയയെയാണ് സൗഹൃദം എന്ന് പറയുന്നത്. സൗഹൃദത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കും സമൂഹത്തിനും ആ ബന്ധം കൊണ്ട് സുഖമാണ് ലഭ്യമാകുക. സൗഹൃദം എന്ന വാക്ക് അതിനെയാണ് ദ്യോതിപ്പിക്കുന്നത്. അതുകൊണ്ടാണ് ഹൃദയത്തിന്റെ മുമ്പില്‍ സൗ എന്ന പ്രത്യേകം കൂടി വന്നത്.

 

മാതൃഭൂമിയിലെ ഈ റിപ്പോര്‍ട്ടിലെ അവസാന വാചകം വായിക്കുമ്പോള്‍ ഇത്ര നിര്‍മ്മലമായ ഒരു ബന്ധത്തില്‍ ഏര്‍പ്പെട്ടതിന്റെ പേരിലാണ് ജിബിന്‍ കൊലചെയ്യപ്പെട്ടത് എന്ന് അനുഭവപ്പെടും. അവിടെ ദീര്‍ഘനാളത്തെ സൗഹൃദം എന്ന പ്രയോഗത്തിലൂടെ ജിബിന്റെയും ആ യുവതിയുടെയും സൗഹൃദത്തെ മഹത്വവല്‍ക്കരിക്കുകയാണ്. സമൂഹത്തില്‍ അവിഹിതമായി കണക്കാക്കപ്പെട്ടു പോന്നിരുന്ന ഒരു ബന്ധത്തെയാണ് പരോക്ഷമായ രീതിയില്‍ ഇവിടെ മഹത്വവല്‍ക്കരിക്കുന്നത്. മാര്‍ക്‌സ് പറഞ്ഞതുപോലെ 'മനുഷ്യന്‍ അവന്റെ വികാസത്തിന് ഉന്നതിയില്‍ എത്തുമ്പോള്‍ സ്റ്റേറ്റ് താനെ കൊഴിഞ്ഞുവീഴും. അങ്ങനെ കൊഴിഞ്ഞു വീഴണമെങ്കില്‍ പോലും, കൊഴിഞ്ഞു വീഴുന്നതുവരെയങ്കിലും സ്റ്റേറ്റ് നിലനില്‍ക്കേണ്ടത് ആവശ്യമാണ്'. അതുപോലെ, ലൈംഗികത വ്യക്തിയുടെ സ്വാതന്ത്ര്യം തന്നെ. സംശയമില്ല. സ്വതന്ത്രമായ ലൈംഗികതയ്ക്ക് തോന്നുംപോലെ പെരുമാറാനുള്ള അവകാശത്തിനുവേണ്ടി നിലകൊള്ളുന്ന അജ്ഞാത പത്രാധിപരുടെ സ്വാധീനമാണ് ഈ റിപ്പോര്‍ട്ടിലൂടെ ദീര്‍ഘമായ സൗഹൃദം എന്ന പ്രയോഗം.

 

ആക്ടിവസത്തിന്റെയും ഫെമിനിസത്തിന്റെയും പാശ്ചാത്യ മാതൃക ഇവിടെ നടപ്പാക്കുമ്പോള്‍ ഈ അജ്ഞാത പത്രാധിപര്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. പാശ്ചാത്യര്‍ ഈ ലൈംഗിക സ്വാതന്ത്ര്യത്തില്‍ ചുരുങ്ങിയ സത്യസന്ധത പാലിക്കുന്നു. അവര്‍ കുടുംബസംവിധാനത്തില്‍ നിന്ന് പുറത്തേക്കിറങ്ങി വന്നിട്ടാണ് തങ്ങള്‍ക്ക് ഇഷ്ടമുള്ള രീതിയിലുള്ള ലൈംഗിക ആസ്വാദനത്തില്‍ ഏര്‍പ്പെടുക. ഇവിടെ ഒരേസമയം കുടുംബസംവിധാനത്തെ മുറുകെപ്പിടിക്കുകയും അതേസമയം തോന്നുന്ന രീതിയിലുള്ള ലൈംഗിക സ്വാതന്ത്ര്യത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ടാണ് ഈ അജ്ഞാത പത്രാധിപര്‍ ശരാശരി മനുഷ്യരെ എരിപിരി കൊള്ളിക്കുന്നത്.

 

രാത്രിയില്‍ ഒരു യുവതി തന്റെ പുരുഷ സുഹൃത്തിന് സന്ദേശം അയക്കുന്നത് അപരാധമൊന്നുമല്ല. ഓരോ ആവശ്യത്തിനായി ഇപ്പോള്‍ അങ്ങനെ സന്ദേശം കിട്ടുന്നവരും സന്ദര്‍ശനം നടത്തുന്നവരുമുണ്ട്. എന്നാല്‍ ഇവിടെ കൊലപാതകത്തിലേക്ക് നയിച്ച സംഭവം വെറും സൗഹൃദംപങ്കിടല്‍ മാത്രമായിരിക്കാന്‍ വഴിയില്ല. ഈ യുവതിയുടെ വീട്ടില്‍ അര്‍ധരാത്രിയില്‍ പതിവായി ജിബിന്‍ വന്നു പോകാറുണ്ടായിരുന്നു. അത് അവര്‍ തമ്മിലുള്ള ശാരീരിക ബന്ധത്തിന് വേണ്ടിയായിരുന്നു എന്നുള്ളത് ഈ 'ദീര്‍ഘനാളത്തെ സൗഹൃദം' അടങ്ങിയ വാചകത്തിലൂടെ തന്നെ ആ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. അര്‍ധരാത്രിയില്‍ സന്ദേശം കിട്ടിയപ്പോള്‍ ജിബിന്‍ തന്റെ ഭാര്യയോട് പറഞ്ഞിട്ട് ഈ യുവതിയുടെ വീട്ടിലേക്ക് പോകുന്ന അവസ്ഥയൊക്കെ വളരെ മാതൃകാപരം തന്നെ. അങ്ങനെ വരുന്ന ജിബിനെ ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തിയ യുവതിയുടെ ഭര്‍ത്താവും വീട്ടുകാരുമൊക്കെ ഊഷ്മളമായി സ്വീകരിക്കുന്നതും യുവതിയെയും ജീബിനെയും സൗഹൃദം പങ്കുവെയ്ക്കാന്‍ സന്തോഷത്തോടെ അനുവദിക്കുന്നതും ഒക്കെ ഒരുപക്ഷേ ഈ അജ്ഞാത പത്രാധിപര്‍ തന്റെ പരിപ്രേക്ഷ്യത്തില്‍ കാണുന്നുണ്ടാവും.

 

എന്നാല്‍ ജിബിന്റെ ഭാര്യയും യുവതിയുടെ ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തിയ ഭര്‍ത്താവും അയാളുടെ പിതാവും, സഹോദരനും, മറ്റു ബന്ധുക്കളും ഒന്നും നിലവാരത്തിലേക്ക് ഉയരാത്തിടത്തോളം കാലം അവരുടെ മൂല്യവ്യവസ്ഥയെ, അതുമല്ലെങ്കില്‍ അവരെ കുടുംബമായി നിലനിര്‍ത്തുന്ന ആവശ്യം ചില ഘടകങ്ങളെ അംഗീകരിക്കേണ്ടതുണ്ട്. ഒരിക്കലും സൗഹൃദം കൊണ്ട് വ്യക്തിയും കുടുംബവും സമൂഹവും തകരില്ല. സമൂഹത്തിലെയും ലോകത്തിലെയും പുരോഗതിയുടെ അടിസ്ഥാന ഘടകങ്ങള്‍ തന്നെ ഇത്തരം സൗഹൃദങ്ങളാണ്. ഇവിടെ തകര്‍ന്നത് എത്ര കുടുംബങ്ങള്‍ ആണെന്ന് നോക്കുക ജിബിന്റെ കുടുംബം, യുവതിയുടെ കുടുംബം, യുവതിയുടെ ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും കുടുംബങ്ങള്‍ അങ്ങനെ അനേകം കുടുംബങ്ങളുടെ തകര്‍ച്ചയിലേക്കാണ് ആ യുവതിയും യുവാവും തമ്മിലുണ്ടായിരുന്ന ബന്ധം കാര്യങ്ങളെ നയിച്ചത്.

 

നിലവിലെ സാമൂഹിക അന്തരീക്ഷത്തില്‍ ഈ വിവാഹേതര ബന്ധത്തെ ദീര്‍ഘനാളത്തെ സൗഹൃദമായി മഹത്വവല്‍ക്കരിക്കുന്നത് ഇത്തരം സൗഹൃദങ്ങള്‍ വര്‍ദ്ധിപ്പിക്കാനും അവയ്ക്ക് സാധൂകരണവും മാന്യതയും നല്‍കുവാനും മാത്രമേ സഹായിക്കുകയുള്ളൂ. ഒരു ദൃശ്യം, ഒരു വാക്ക് എന്നിവ മാധ്യമങ്ങള്‍ കാണിക്കുമ്പോഴും കേള്‍പ്പിക്കുമ്പോഴും വായിപ്പിക്കുമ്പോളും അത് വഹിക്കുന്ന ദൗത്യത്തെക്കുറിച്ച് അത് സൃഷ്ടിക്കുന്ന വ്യക്തിക്കും ആ വ്യക്തക്ക് നേതൃത്വം നല്‍കുന്നവര്‍ക്കും ധാരണയും നിയന്ത്രണവും ഉണ്ടാകണം. വാക്കിനെ അതിന്റെ മൂല്യത്തില്‍ അവതരിപ്പിക്കപ്പെടണമെങ്കില്‍, അത് ആലങ്കാരിക പത്രാധിപരിലൂടെയല്ല മറിച്ച് വാക്കിന്റെ മൂല്യം അളന്ന് നിശ്ചയിക്കാന്‍ കഴിയുന്ന പത്രാധിപന്റെയോ പത്രാധിപയുടെയോ നേതൃത്വത്തിലേ സാധ്യമാകൂ. നിലവിലെ  പത്രാധിപന്മാര്‍ ഇല്ലാത്ത മാധ്യമലോകത്ത് നിന്നും അജ്ഞാത പത്രാധിപരുടെ വീക്ഷണം മാത്രമേ പ്രതീക്ഷിക്കാന്‍ വകയുള്ളൂ.

 

അതിനാല്‍ മാധ്യമങ്ങളിലൂടെ കേള്‍ക്കുകയും കാണുകയും വായിക്കുകയും ചെയ്യുമ്പോള്‍ ഓരോ വായനക്കാരിയും വായനക്കാരനും ഒരു പത്രാധിപ ജാഗ്രത പുലര്‍ത്തേണ്ട കാലമാണിത്. കാരണം മാധ്യമങ്ങളുടെ സ്വാധീനം അത്രയ്ക്ക് വലുതും സങ്കീര്‍ണ്ണവുമാണ്. നിലവിലുള്ള സാമൂഹിക വ്യവസ്ഥിതിയിലും കുടുംബ സംവിധാനത്തിലും ജീര്‍ണതകള്‍ അനേകമാണ്. അവ തകര്‍ച്ചയുടെ ലക്ഷണങ്ങള്‍ കാണിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും അവ നിലനില്‍ക്കുന്നു എന്നുള്ളത് ആശ്വാസവും പ്രതീക്ഷയും നല്‍കുന്നു. തകര്‍ക്കേണ്ടതാണെങ്കില്‍ തകര്‍ക്കപ്പെടുക തന്നെ വേണം. അതില്‍ സംശയത്തിന്റെ ആവശ്യമില്ല. പക്ഷേ തകര്‍ക്കുമ്പോള്‍ പകരംവയ്ക്കാന്‍ ബദല്‍ ഒന്ന് ഉണ്ടായിരിക്കണം. കുടുംബ സംവിധാനത്തിന് ബദലായി മറ്റൊരു സംവിധാനം മുന്നോട്ടുവയ്ക്കാന്‍ ഇല്ലാത്തിടത്തോളം കാലം ഈ സംവിധാനത്തിലെ ജീര്‍ണതയെ ഇല്ലാതാക്കുകയാണ് വേണ്ടത്. അതിനുള്ള ശ്രമമാണ് വേണ്ടത്. മറിച്ച് അതിനെ ഇല്ലാതാക്കുക എന്നതല്ല. ലൈംഗികത വ്യക്തിയുടെ സ്വാതന്ത്ര്യം തന്നെ. നിലവിലുള്ള കുടുംബ വ്യവസ്ഥിതിയില്‍ വിവാഹേതരബന്ധം അശ്ലീലവും അവിഹിതവും ആണ്. അത് ഒരു കാരണവശാലും ദീര്‍ഘനാളത്തെ ഉദാത്തമായ സൗഹൃദം ആവില്ല. അജ്ഞാത പത്രാധിപരുടെ സ്വാധീനത്തില്‍ പെടുന്ന മാധ്യമപ്രവര്‍ത്തകര്‍ ഇത് തിരിച്ചറിഞ്ഞില്ലെങ്കില്‍ അവര്‍ വ്യക്തിപരമായി വൈകൃതമായ വീക്ഷണങ്ങളുടെ തടവറയില്‍ അകപ്പെടും. അതും ഈ സമൂഹത്തിന് ഏറ്റുവാങ്ങേണ്ടിവരുന്നു എന്നുള്ളിടത്താണ് അത് ഒറ്റപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ പ്രശ്‌നം മാത്രം അല്ലാതായി മാറുന്നത്.