Skip to main content
തിരുവനന്തപുരം

ജയകൃഷ്ണന്‍ വധക്കേസിന്റെ പുനരന്വേഷണം സി.ബി.ഐക്കു വിട്ടു. ഇതിനുള്ള ഉത്തരവില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒപ്പ് വച്ചു. കേസ് പുനരന്വേഷിക്കുന്നതിലുള്ള നിയമപ്രശ്നം ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് കേസില്‍ നിന്നും പിന്മാറിയിരുന്നു. കേസിലെ ഗൂഡാലോചന തടയാന്‍ സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും ക്രൈംബ്രാഞ്ച് ശുപാര്‍ശ ചെയ്തിരുന്നു.

 

ടി.പി ചന്ദ്രശേഖരന്‍ വധത്തില്‍ അറസ്റ്റിലായ ടി.കെ രജീഷ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജയകൃഷ്ണന്‍ വധം പുനരന്വേഷിപ്പിക്കണം എന്ന ആവശ്യമുയര്‍ന്നത്. ജയകൃഷ്ണന്‍ വധക്കേസിലെ പ്രതികളുടെ പേരുകളും രജീഷ് വെളിപ്പെടുത്തിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തിയത്.

 

കേരള പോലീസ് അന്വേഷിച്ചു സുപ്രീം കോടതി വരെയെത്തി തീര്‍പ്പാക്കിയ കേസ് പോലീസിലെ തന്നെ വിഭാഗമായ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതിലെ അപാകത ചൂണ്ടിക്കാട്ടി കഴിഞ്ഞ മേയിലാണ് ക്രൈംബ്രാഞ്ച് കേസില്‍ നിന്നും പിന്മാറിയത്. പോലീസിനു കൊടുത്ത മൊഴി കോടതിയില്‍ ടി.കെ രജീഷ് മാറ്റിപ്പറയുകയും ചെയ്തിരുന്നു.

 

1999 ഡിസംബറിലാണ് ടി.കെ ജയകൃഷ്ണന്‍ വധിക്കപെട്ടത്. കേസില്‍ ഉള്‍പെട്ട എല്ലാ പ്രതികള്‍ക്കും വിചാരണക്കോടതി വധശിക്ഷ വിധിച്ചിരുന്നു. പിന്നീട് അപ്പീലില്‍ സുപ്രീം കോടതി ചിലരെ വെറുതെ വിടുകയും ശിക്ഷ ജീവപര്യന്തമായി ചുരുക്കുകയും ചെയ്തിരുന്നു.

Tags