Skip to main content

women-wall-flood

വനിതാ മതില്‍ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയപ്പോള്‍ ഹൈക്കോടതി ചോദിക്കുകയുണ്ടായി പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കാണോ അതോ വനിതാ മതില്‍ നിര്‍മ്മാണത്തിനാണോ സര്‍ക്കാരിന്റെ മുന്‍ഗണന എന്ന്. സ്ത്രീ സുരക്ഷയ്ക്കായി ബജറ്റില്‍ നീക്കി വച്ചിട്ടുള്ള 50 കോടി രൂപ വനിതാ മതില്‍ ചെലവിലേക്ക് വിനിയോഗിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചപ്പോഴാണ് കോടതി മുന്‍ഗണനയെ പറ്റി ആരാഞ്ഞത്.

 

ചെങ്ങന്നൂര്‍, കുട്ടനാട് തുടങ്ങി പ്രളയം ഗുരുതരമായി ബാധിച്ച ഒട്ടേറെ ഇടങ്ങളില്‍ അനവധി കുടുംബങ്ങള്‍ വീടും ജീവനോപാധികളും നശിച്ച് നിരാലംബരായി എന്ത് ചെയ്യണമെന്നറിയാതെ കഴിയുന്നുണ്ട്. ഇങ്ങനെ അനാധമാക്കപ്പെട്ട കുടുംബങ്ങളില്‍ ദുരിതം ഏറ്റവും കൂടുതല്‍ സഹിക്കേണ്ടി വരുന്നത് അവിടുത്തെ സ്ത്രീകള്‍ക്കുമാണ്. ഹൈക്കോടതി സൂചിപ്പിച്ചതുപോലെ പ്രളയ ദുരിതാശ്വാസത്തിന് മുന്‍ഗണന നല്‍കിയിരുന്നെങ്കില്‍ അഞ്ച് ലക്ഷം രൂപ ചെലവിലുള്ള ആയിരം വീടുകള്‍ ഈ മതില്‍ ചെലവ് കൊണ്ട് നിര്‍മ്മിക്കാമായിരുന്നു.

 

മാനുഷിക മൂല്യങ്ങല്‍ സംഘര്‍ഷത്തിലൂടെയല്ല സമൂഹത്തില്‍ സ്ഥാപിതമാക്കേണ്ടത്. പ്രളയമയത്ത് നിര്‍ധനരായ കുടുംബങ്ങളിലെ കുട്ടികള്‍ പോലും തങ്ങളുടെ കുടുക്ക പൊട്ടിച്ച് അതിലെ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത് നാം കണ്ടതാണ്. അത്തരം ഉദാത്തമൂല്യങ്ങള്‍ മനുഷ്യരില്‍ അവശേഷിക്കുന്നുണ്ട്. അത് പ്രേരണയില്ലാതെ പ്രകടിതമാകുമ്പോഴാണ് അതിനെ സംസ്‌കാരമെന്ന് വിളിക്കപ്പെടുന്നത്. അത്തരം മൂല്യങ്ങളുടെ പ്രളയാഘോഷം തന്നെയായിരുന്നു പ്രളയവേളയിലും ശേഷവും നാം കണ്ടത്. അത്തരത്തില്‍ സര്‍ക്കാരില്‍ വന്ന് ചേര്‍ന്ന ഒരോ പൈസയും ഉത്തരവാദിത്വത്തോടെ മുന്‍ഗണന അനുസരിച്ച് ചെലവഴിക്കുമ്പോഴാണ് ആ മൂല്യങ്ങളുടെ അതേ തോതിലുള്ള പ്രതിഫലനം ഉണ്ടാകുന്നത്. അത്തരം പ്രതിഫലനങ്ങളാണ് സാംസ്‌കാരികമായി സമൂഹത്തിലേക്ക് വിന്യസിക്കപ്പെടുന്നത്. അത് സാധ്യമായാല്‍ സമൂഹത്തിലെ ദുര്‍ബലര്‍ ശക്തരാവുകയും ശക്തര്‍ ദുര്‍ബലരെ സഹായിക്കുകയും ചെയ്യുന്ന പ്രതിഭാസം കാണാന്‍ കഴിയും.