കെ.എസ്.ആര്‍.ടി.സിയുടെ നിലവിലെ അവസ്ഥയ്ക്ക് കാരണം ഒന്നേ ഉള്ളൂ. അത് കെടുകാര്യസ്ഥതയാണ്. ആ കെടുകാര്യസ്ഥതയില്‍ നിന്ന് മോചിതമാകാന്‍ കെ.എസ്.ആര്‍.ടി.സി ശ്രമങ്ങള്‍ നടത്തുന്നില്ല. ആകെ നടത്തുന്നതാകട്ടെ ചെപ്പടിവിദ്യകളും. ചെപ്പടിവിദ്യകളല്ല മാനേജ്‌മെന്റ്. മാനേജ്‌മെന്റ് ഒരു ശാസ്ത്രമാണ്. അത് ശാസ്ത്രീയമായി പ്രയോഗിക്കുമ്പോള്‍ സ്ഥാപനവും വളരും സ്ഥാപനംകൊണ്ടുള്ള പ്രയോജനം ഗുണഭോക്താക്കള്‍ക്ക് ലഭിക്കുകയും ചെയ്യും. കെ.എസ്.ആര്‍.ടി.സിയിലെ കെടുകാര്യസ്ഥതയുടെ ഏറ്റവും നല്ല ഉദാഹരണമാണ് താല്‍ക്കാലിക ജീവനക്കാരെ നിയോഗിച്ചുള്ള സര്‍വീസ് നടത്തല്‍. അതുകൊണ്ടാണിപ്പോള്‍ ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സിക്ക് താല്‍ക്കാലിക ജീവനക്കാരെ ഒറ്റയടിക്ക് പിരിച്ചുവിടേണ്ടി വന്നത്.
ഇത് ഒരേ സമയം കെ.എസ്.ആര്‍.ടി.സി സ്വയവും താല്‍ക്കാലിക ജീവനക്കാരോടും ചെയ്ത അപരാധമാണ്. പത്ത് വര്‍ഷം വരെ സേവനമനുഷ്ടിച്ച താല്‍ക്കാലിക ജീവനക്കാരെയുള്‍പ്പെടെയാണ് ഇപ്പോള്‍ പിരിച്ചുവിടുന്നത്. കെ.എസ്.ആര്‍.ടി.സിയിലെ കണ്ടക്ടര്‍ ജോലിപോലുള്ള ഒരു മേഖലയില്‍ പത്ത് വര്‍ഷം പ്രവര്‍ത്തിച്ച് കഴിഞ്ഞാല്‍ ആ വ്യക്തിക്ക് പുതിയൊരു തൊഴില്‍ കണ്ടെത്താന്‍ സാധാരണ ഗതിയില്‍ പ്രയാസമാണ്. പുതിയ തൊഴില്‍ പരിചയപ്പെടാനുള്ള പ്രായപരിമിതിയും ഒരു ഘടകം തന്നെ.
മാനേജ്‌മെന്റെന്ന് പറയുന്നത് സര്‍ഗാത്മകമായ തീരുമാനമെടുക്കലും അതിന്റെ സൃഷ്ടിപരമായ നടത്തിപ്പുമാണ്. കെ.എസ്.ആര്‍.ടി.സിയിലെ ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പരീക്ഷ നടത്തുകയും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയുമുണ്ടായി. എന്നിട്ടും നിയമനം ലഭിക്കാത്തതിനെ തുടര്‍ന്ന് റാങ്ക്ലിസ്റ്റിലുള്‍പ്പെട്ടവര്‍ ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് താല്‍ക്കാലിക ജീവനക്കാരെ പിരിച്ച് വിട്ട് പകരം സ്ഥിരം നിയമനം നടത്താന്‍ ഉത്തരവിറക്കി. റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം നടത്താതിരുന്നത് കുറഞ്ഞ ചെലവില്‍ താല്‍ക്കാലിക ജീവനക്കാരെ ലഭ്യമായതുകൊണ്ടാണ്. അര്‍ഹമായ ആനുകൂല്യങ്ങളും, വേതനവും ലഭ്യമാക്കതെ തൊഴിലെടുപ്പിക്കുന്നത് പൗരാവകാശ ലംഘനവും മനുഷത്വ രഹിതവുമാണ്. ഒരു സര്‍ക്കാര്‍ സ്ഥാപനം ഈ വിധം പ്രവര്‍ത്തിക്കുന്നത് വിശാലമായ അര്‍ത്ഥത്തില്‍ ജനായത്ത സംവിധാനത്തിലെ പുഴുക്കുത്തും അങ്ങേയറ്റം തെറ്റായ പ്രവണതയുമാണ്. ജീവനക്കാരുടെ വേതന ആനുകൂല്യങ്ങള്‍ പരിമിതപ്പെടുത്തിക്കൊണ്ടാകരുത് ഒരു സ്ഥാപനം നിലനില്‍ക്കേണ്ടതും വളരേണ്ടതും. കെ.എസ്.ആര്‍.ടി.സിയുടെ ഇന്നത്തെ പരിതാപകരമായ അവസ്ഥയ്ക്ക് കാരണം ശാസ്ത്രീയമായി വിശകലനം ചെയ്ത് കണ്ടെത്തി അവ പരിഹരിക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചാല്‍ നടക്കാവുന്നതേ ഉള്ളൂ. ആ ദിശയിലുള്ള ശ്രമം ഇപ്പോഴും കെ.എസ്.ആര്‍.ടി.സിയുടെ കാര്യത്തില്‍ സംഭവിച്ചിട്ടില്ല. പകരം ചെപ്പടിവിദ്യകളിലൂടെ കരകയറാനുള്ള ശ്രമങ്ങളാണ് നടത്തിവരുന്നത്.