Kochi
ശബരിമലയിലെ പോലീസ് ഇടപെടലുകള്‍ക്കെതിരെ ഹൈക്കോടതിയെ സമീപിച്ച ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന് പിഴ ശിക്ഷയും രൂക്ഷ വിമര്‍ശനവും. കോടതിയുടെ സമയം ദുരുപയോഗം ചെയ്തതിനാണ് 25000 രൂപ പിഴ വിധിച്ചത്. ഹര്‍ജി തള്ളുകയും ചെയ്തു. ഇതേ തുടര്‍ന്ന് ശോഭ സുരേന്ദ്രന്റെ അഭിഭാഷകന്‍ കോടതിയോട് മാപ്പ് പറഞ്ഞു.
ശോഭാ സുരേന്ദ്രന്റേത് വിലകുറഞ്ഞ പബ്ലിസിറ്റി സ്റ്റണ്ടാണെന്നും ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്നും കോടതി പറഞ്ഞു. എല്ലാവര്‍ക്കും ഒരു പാഠമാകുന്നതിന് വേണ്ടിയാണ് നടപടി. ഈ തുക ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് കൈമാറണമെന്നും നിര്‍ദേശിച്ചു.
എന്നാല്‍ താന്‍ പബ്ലിസിറ്റിക്കുവേണ്ടിയല്ല പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയതെന്നും കോടതി വിധിച്ച പിഴ അടയ്ക്കില്ലെന്നും ശോഭാ സുരേന്ദ്രന്‍ പ്രതികരിച്ചു. ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിക്കുമെന്നും അവര്‍ അറിയിച്ചു.