Skip to main content

Flood, Muralee Thummarukudy

എന്റെ മരുമകനായ ശ്രീകാന്ത് കുട്ടിയായിരുന്നപ്പോള്‍ അവന്‍ അച്ഛനായും ഞാന്‍ മകനായും അഭിനയിക്കുന്നത് പതിവായിരുന്നു.

ഞാന്‍ (മകന്‍) : ''അച്ഛാ, എനിക്ക് വിശക്കുന്നു.''

ശീകാന്ത് (മകന്‍): ''മോന് ഞാന്‍ പഴം പുഴുങ്ങിയത് തരാം.''

ഞാന്‍ : ''അച്ഛാ എനിക്ക് അപ്പിയിടണം.''

ശ്രീ : ''ഞാന്‍ പോട്ടി എടുത്തുകൊണ്ടു വരാം.''

ഒരിക്കല്‍ ഞാന്‍ പറഞ്ഞു: ''അച്ഛാ, ദേ ഒരാന വരുന്നു. എനിക്ക് പേടിയാകുന്നു.''

അവന്‍ അല്‍പനേരം അമ്പരന്നുനിന്നു. എന്നിട്ട് പറഞ്ഞു,

''മോനെ, ആന വന്നാല്‍ അച്ഛനും പേടിയാണ്.''

സാധാരണഗതിയില്‍ അച്ഛന്മാര്‍ എപ്പോഴും ധൈര്യശാലികള്‍ ആണ്. പേടിയും, ദുഖവും ഒന്നും അവര്‍ പുറത്തു കാണിക്കാറില്ല. അതുകൊണ്ടുതന്നെ ഈ വെള്ളപ്പൊക്കക്കാലത്ത് അച്ഛന്മാരുടെ കാര്യത്തില്‍ നാം പ്രത്യേകം ശ്രദ്ധിക്കണം. കാരണം നമ്മള്‍ കാണുന്ന ടി വി ചിത്രങ്ങളിലൊക്കെ കുട്ടികളും സ്ത്രീകളും കരയുന്നുണ്ട്. എന്നാല്‍ പുരുഷന്മാര്‍ കരയാതെ - ടെന്‍ഷന്‍ പുറത്തു കാണിക്കാതിരിക്കുകയാണ്. സ്വന്തം കുടുംബത്തിന് ധൈര്യം പകരാനോ അല്ലെങ്കില്‍ പുരുഷന്മാര്‍ കരയുന്നത് മോശമാണെന്ന തെറ്റിദ്ധാരണ കൊണ്ടോ ആകാം ഇത്.

 

ഇത്തരം ഒരു ദുരന്തമുണ്ടാകുമ്പോള്‍ അതില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും മാനസിക സംഘര്‍ഷം ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഇത് പല തരത്തിലാണ് പ്രതിഫലിക്കുന്നത്. ചിലപ്പോള്‍ ആദ്യ ദിവസങ്ങളില്‍ ധൈര്യമായി ഒരു കുഴപ്പവും കാണിക്കാതെ ഇരിക്കുന്നവര്‍ മാസങ്ങള്‍ക്ക് ശേഷമായിരിക്കും ഈ സംഘര്‍ഷത്തിന്റെ കുഴപ്പങ്ങള്‍ പുറത്തു കാണിക്കുന്നത്. ഇത്തരം മാനസിക പ്രശ്‌നങ്ങള്‍ വിഷാദത്തിലേക്കും, കഴിഞ്ഞ ദിവസം കണ്ടതു പോലെ ആത്മഹത്യയിലേക്കും നയിക്കും.

 

കേരളത്തിലെ മൊത്തം ജനങ്ങളേയും ഈ ദുരന്തം മാനസികമായി ഉലച്ചിട്ടുണ്ട്. ഈ ദുരന്തത്തില്‍ എത്രമാത്രം നേരിട്ട് ഇടപെട്ടിട്ടുണ്ടോ അത്രയും കൂടുതലായിരിക്കും മാനസിക ആഘാതം. രണ്ടോ മൂന്നോ ദിവസം വീടിനു മുകളില്‍ കുരുങ്ങിക്കിടന്നവരെയൊക്കെ ജീവിതകാലം മുഴുന്‍ ആ അനുഭവം ദു:സ്വപ്നമായി വേട്ടയാടും.

 

ദുരന്തങ്ങള്‍ ഒഴിയുന്ന സമയത്ത് ദുരന്തബാധിതരുടെ മാനസിക ആരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമങ്ങളും പഠനങ്ങളും വേണമെന്ന് ഞാന്‍ ആദ്യ ദിവസം മുതല്‍ പറഞ്ഞല്ലോ. ഇന്നലെ സ്വന്തം വീട് കാണാന്‍ പോയ ആള്‍ ആത്മഹത്യ ചെയ്തത് ഏറ്റവും സങ്കടകരവും ഒഴിവാക്കാമായിരുന്നതും ആയിരുന്നു. ഇങ്ങനെ ഒരു സാഹചര്യം മുന്നില്‍ കണ്ടാണ് വെള്ളമിറങ്ങിയതിന് ശേഷം വീട്ടിലേക്ക് പോകുമ്പോള്‍ ഒരിക്കലും ഒറ്റക്ക് പോകരുതെന്ന് ഞാന്‍ പറഞ്ഞത്.

 

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ മാനസികാരോഗ്യ സ്ഥാപനമായ NIMHANS ന്റെ സഹയാത്തോടെ വിപുലമായ ഒരു മാനസികാരോഗ്യ പദ്ധതി കേരളം തുടങ്ങിവെച്ചിട്ടുണ്ട്. വേറേയും അനവധി ഏജന്‍സികള്‍ ഇക്കാര്യത്തില്‍ ഇടപെടുന്നുണ്ട്. ഇതൊക്കെ ഫലപ്രദമാകണമെങ്കില്‍ ആദ്യം വേണ്ടത്, ഈ ദുരന്തത്തിന് ശേഷം ഇത്തരം മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് നമ്മുടെ സമൂഹം മനസ്സിലാക്കുകയാണ്. എന്താണ് അതിന്റെ പ്രാഥമിക ലക്ഷണങ്ങളെന്ന് എല്ലാവരും അറിയണം. അതിന് ശേഷം നമ്മുടെ ചുറ്റുമുള്ളവരെ മാസങ്ങളോളം ശ്രദ്ധിക്കണം. സ്‌കൂളുകളിലും ഓഫീസുകളിലും ആരാധനാലയങ്ങളിലും ഈ വിഷയം ചര്‍ച്ച ചെയ്യണം. വ്യക്തിപരമായി 'മാനസിക'രോഗത്തിന് ചികില്‍സ തേടാന്‍ നമ്മുടെ സമൂഹത്തിന് ഇപ്പോഴും മടിയാണ്. അതുകൊണ്ട് ആദ്യം വിദഗ്ദ്ധര്‍ ഗ്രൂപ്പുകളായി ആളുകളെ കാണണം.

 

കുട്ടികളുടെ കാര്യത്തില്‍ പൊതുവെ സമൂഹം ജാഗരൂകരാണ്. സ്ത്രീകള്‍ വാസ്തവത്തില്‍ കൂടുതല്‍ മനശക്തി ഉള്ളവരും വിഷമങ്ങള്‍ ഉണ്ടെങ്കില്‍ പുറത്തു കാണിക്കുന്നവരുമാണ്. ദുരന്തശേഷം നമ്മുടെ സാഹചര്യത്തില്‍ പുരുഷന്മാരുടെ കാര്യവും ശ്രദ്ധിക്കപ്പെടണം. ഇക്കാര്യത്തില്‍ പുരുഷന്മാരും സ്വയം ചിന്തിക്കണം. നമുക്ക് പരിചയമില്ലാത്ത അനുഭവങ്ങളുടെ ഇത്തരം സാഹചര്യങ്ങളില്‍ നമ്മളും ദുര്‍ബലരാണെന്ന് ആദ്യം സ്വയം സമ്മതിക്കണം. ദുരന്തത്തിന്റെ ഓര്‍മ്മകളും വ്യക്തിപരമായ ആശങ്കകളും കുടുംബവുമായി പങ്കുവെക്കണം. കരയാന്‍ തോന്നിയാല്‍ കരയണം. മാനസികാരോഗ്യം വീണ്ടെടുക്കാനുള്ള പരിപാടികളില്‍ പങ്കെടുക്കണം. ആവശ്യമെങ്കില്‍ പ്രൊഫഷണല്‍ സഹായം തേടണം. അങ്ങനെ ചെയ്യണമെന്ന് ചുറ്റുമുള്ളവര്‍ പറഞ്ഞാല്‍ 'എനിക്കതിന്റെ ആവശ്യമില്ല' എന്ന് പറയരുത്.

 

ആന വരുമ്പോള്‍ അച്ഛനും അല്പം പേടി ഒക്കെ തോന്നും, അതില്‍ നാണിക്കാന്‍ ഒന്നുമില്ല.

 

 


Image result for murali thummarukudy ഐക്യരാഷ്ട്ര സഭയുടെ പ്രകൃതി വിഭാഗം ദുരന്ത ലഘൂകരണ സംഘത്തിന്റെ മേധാവിയാണ് മുരളി തുമ്മാരുകുടി

 


 

Ad Image