പ്രളയക്കെടുതിയില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കുന്ന കേരളത്തിന് ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് സഹായം പ്രവഹിച്ചുകൊണ്ടിരിക്കെ 'കെച്ചു-വലിയ' സംഭാവന നല്‍കി വിദ്യാര്‍ത്ഥി സഹോദരങ്ങള്‍. 'അണ്ണാറക്കണ്ണനും തന്നാലായത്' എന്ന് വിശേഷിപ്പിച്ച് അച്ഛന്‍ തങ്ങള്‍ക്കു വേണ്ടി മാറ്റിവച്ച ഭൂമിയില്‍നിന്ന് ഒരേക്കര്‍ സ്ഥലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് പയ്യന്നൂര്‍ ഷേണായ് സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ സ്വാഹയും ബ്രഹ്മയും.
സ്‌കൂള്‍ അധികൃതര്‍ക്ക് നല്‍കിയ കത്തിലാണ് ഇവര്‍ ഭൂമി വാഗ്ദാനം ചെയ്യാന്‍ സന്നദ്ധത പ്രകടിപ്പിച്ചത്. അച്ഛന്റെ സമ്മതത്തോടെയാണ് തീരുമാനം. ഈ സംഭവം പുറത്തെത്തിയതോടെ സമൂഹമാധ്യമങ്ങളില്‍ നിന്നുള്‍പ്പെടെ വലിയ അഭിനന്ദന പ്രവാഹമാണ് ഈ കുട്ടികള്‍ക്ക് ലഭിക്കുന്നത്.
സ്വാഹയും ബ്രഹ്മയും നല്‍കിയ കത്തിന്റെ പൂര്‍ണരൂപം
അണ്ണാറക്കണ്ണനും തന്നാലായത് എന്നല്ലേ? നാടിന്റെ ഇന്നത്തെ ദയനീയസ്ഥിതിയില്‍ ഞാനും എന്റെ അനുജന്‍ ബ്രഹ്മയും കൂടി നമ്മുടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കൊച്ചു സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്നു. കൃഷിക്കാരനായ അച്ഛന്‍ ഞങ്ങളുടെ നാളേക്കുവേണ്ടി കരുതിവച്ചിരിക്കുന്ന ഭൂസ്വത്തില്‍നിന്ന് ഒരേക്കര്‍ സ്ഥലം സംഭാവനയായി നല്‍കാന്‍ നിശ്ചയിച്ചു. അച്ഛന്റെ അനുവാദം ഞങ്ങള്‍ വാങ്ങി. ഇനി ഞങ്ങള്‍ എന്താണു വേണ്ടത്?
വിനീത വിധേയര്‍
സ്വാഹയും ബ്രഹ്മയും.