വെള്ളപ്പൊക്കം കഴിഞ്ഞു തിരിച്ചു ചെല്ലുമ്പോള്‍ കുടിവെള്ളത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്താണെന്ന് പലരും ചോദിക്കുന്നുണ്ട്. ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഡോക്ടര്‍മാര്‍ കൈകാര്യം ചെയ്യട്ടെ എന്ന് വിചാരിച്ചിട്ടാണ് ഞാന്‍ അതിനെക്കുറിച്ച് എഴുതാത്തത്.
കിണര്‍ വൃത്തിയാക്കുന്നത് മുതല്‍ കുടി വെള്ളം ടെസ്റ്റ് ചെയ്യുന്നത് വരെയുള്ള വിഷയങ്ങള്‍ ശ്രദ്ധിക്കാനുണ്ട്. കേരളത്തിലെ ഒരു പ്രധാന പ്രശ്‌നം, സാധാരണ വികസിത രാജ്യങ്ങളില്‍ ശരാശരി ചെയ്യേണ്ട കാര്യങ്ങള്‍ ഇവിടെ ചെയ്യണമെന്ന് പറഞ്ഞാല്‍ അതിനുള്ള സൗകര്യങ്ങള്‍ നമുക്കില്ല. കുടിവെള്ളം ടെസ്റ്റ് ചെയ്യണമെന്ന് പറഞ്ഞാല്‍ അടുത്ത നാല് ദിവസത്തിനകം പതിനായിരം കിണറുകളിലെ വെള്ളം ടെസ്റ്റ് ചെയ്യണം. ഇതിന് എളുപ്പത്തിലുള്ള സംവിധാനങ്ങള്‍ ഉണ്ട്. വാസ്തവത്തില്‍ കുറഞ്ഞ ചിലവില്‍ വെള്ളം ശുദ്ധീകരിക്കുകയും വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കുകയും ചെയ്യുന്നതിലെ ലോകത്തിലെ തന്നെ ഏറ്റവും വലിയ അതോറിട്ടി ആയിട്ടുള്ളത് ഐ.ഐ.ടി യിലെ പ്രൊഫസറായ എന്റെ സുഹൃത്ത് ലിജി ആണ്. കേരളത്തിന് വേണ്ടി എന്തും ചെയ്യാന്‍ അവരും സന്നദ്ധയാണ്. അവരുടെ അടുത്ത് പോയി അവരുടെ നിര്‍ദേശങ്ങള്‍ ഒരു വീഡിയോ ആയി എടുക്കുക, ടെസ്റ്റിംഗിന് അഞ്ഞൂറ് പേരെ പരിശീലിപ്പിക്കുക, അന്‍പതിനായിരം ടെസ്റ്റ് കിറ്റ് ഉണ്ടാക്കുക ഇതൊക്കെ വേറെ ആരെങ്കിലും ചെയ്യണം. അങ്ങനെ ചെയ്യാന്‍ കൃത്യമായ ഒരു പദ്ധതിയോടെ സര്‍ക്കാരിനോ സര്‍ക്കാരിന് പുറത്തോ (എഞ്ചിനീയറിങ്ങ് കോളേജ് വിദ്യാര്‍ത്ഥികള്‍, മെഡിക്കല്‍ വിദ്യാര്‍ഥികള്‍, നേഴ്സുമാര്‍ എന്നിങ്ങനെ) ആരെങ്കിലും മുന്നോട്ടു വന്നാല്‍ അടുത്ത ഇരുപത്തി നാല് മണിക്കൂറിനകം നമുക്ക് ഇത് സെറ്റ് അപ്പ് ചെയ്യാം. 'ഇപ്പോള്‍ ശരിയാക്കി തരാം' എന്ന് പറഞ്ഞ് ആരും എന്നെയോ ലിജിയെയോ വിളിക്കരുത്. മറിച്ച് സാങ്കേതിക വിദ്യ കിട്ടിയാല്‍ കേരളത്തിലെ എല്ലാ വാര്‍ഡുകളിലും അവ എത്തിക്കുമെന്ന് ചിന്തിച്ച് ഒരു പ്ലാന്‍ ഉണ്ടാക്കാന്‍ കഴിവുള്ളവര്‍ ഉടന്‍ മുന്നോട്ട് വരൂ. ആദ്യം നല്ല പ്ലാനുമായി വരുന്നവരെ ഞാന്‍ ബന്ധിപ്പിക്കാം.
രണ്ടു കാര്യങ്ങള്‍ തല്‍ക്കാലം പറയാം. വെള്ളപ്പൊക്ക കാലത്തെ പ്രധാന കുടിവെള്ള പ്രശ്‌നം അതിലെ രാസവസ്തുക്കള്‍ അല്ല, വെള്ളം കലങ്ങിയിരിക്കും (ഒരാഴ്ചയോളം). ബാക്റ്റീരിയല്‍ കണ്ടാമിനേഷന്‍ ഉണ്ടായിരിക്കും. ഇത് രണ്ടും എളുപ്പത്തില്‍ ശരിയാക്കാവുന്ന കാര്യങ്ങളാണ്. ഇന്ന് വൈകീട്ട് വരെ ആരും ഈ വിഷയം ഏറ്റെടുത്തില്ലെങ്കില്‍ ഞാന്‍ ഇതിലേക്ക് തിരിച്ചു വരാം.
ഇനി ഞാന്‍ പറയാന്‍ പോകുന്നത് കൂടുതല്‍ കുഴപ്പമുള്ള ജല മലിനീകരണത്തെക്കുറിച്ചാണ്. കേരളത്തില്‍ പൊതുവെ രാസമലിനീകരണം അല്ല, ബയളോജിക്കല്‍ മലിനീകരണം ആകും പ്രധാന പ്രശ്‌നം. പക്ഷെ ഇതിന് ചില അപവാദങ്ങള്‍ ഉണ്ട്.
1. രാസ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന കമ്പനികളുടെ അടുത്ത്, ഉദാഹരണത്തിന് ഉദ്യോഗമണ്ഡലില്‍, ഇടയാറില്‍ ഒക്കെ ഏറെ രാസ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന കമ്പനികളുണ്ട്. പുഴക്കരയിലുള്ള അവിടങ്ങളില്‍ വെള്ളം കയറിയോ എന്നറിയില്ല. (ഞാന്‍ പഠിക്കുന്ന കാലത്ത് dilution is the solution to pollution എന്നത് അംഗീകരിക്കപ്പെട്ട മന്ത്രം ആയിരുന്നു. അങ്ങനെയാണ് കമ്പനികളെല്ലാം പുഴയോരത്ത് സ്ഥാപിക്കപ്പെട്ടത്. ഈ ഫാക്ടറികളില്‍ വെള്ളം കയറിയിട്ടുണ്ടെങ്കില്‍ (ഉണ്ടായിരിക്കണം എന്നാണെന്റെ അനുമാനം), അത് കമ്പനികളുടെ സമീപത്തെക്കും വ്യാപിച്ചിരിക്കണം. രാസമാലിന്യങ്ങളുടെ കുഴപ്പം, അതിനെ മനുഷ്യന്റെ സെന്‍സ് വച്ച് കണ്ടുപിടിക്കാന്‍ പറ്റണം എന്നില്ല. മെര്‍ക്കുറി ഉള്ള വെള്ളത്തിന് നിറമോ മണമോ രുചിയോ മാറ്റം ഉണ്ടാവില്ല. ആ വെള്ളം ഏറെ നാള്‍ കുടിച്ചാല്‍ പലതരം ഗുരുതര രോഗങ്ങള്‍ ഉണ്ടാകും.
കേരളത്തിലെ വലുതും ചെറുതുമായ എല്ലാ കമ്പനികളുടെയും പരിസരത്തുള്ള കിണറുകളിലെ ജലം രാസമാലിന്യം കലര്‍ന്നതാണെന്ന് ചിന്തിച്ചു വേണം നമ്മള്‍ കാര്യം തുടങ്ങാന്‍. ഇതിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ നല്ല കുടിവെള്ളം എത്തിക്കണം. സാധാരണ പറയുന്നതു പോലെ ആലം ഇട്ടു ക്‌ളീന്‍ ആക്കുന്നതും ക്ലോറിന്‍ വിതറി ബാക്ടീരിയയെ കൊല്ലുന്നതും ഇവിടെ ഫലപ്രദമല്ല. ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള കിണറുകളെല്ലാം അടുത്തുള്ള കമ്പനിയിലുള്ള രാസവസ്തുവിന്റെ അംശമുണ്ടോ എന്ന് ടെസ്റ്റ് ചെയ്ത് ഉറപ്പു വരുത്തിയതിന് ശേഷമേ ഈ ഉപയോഗിക്കാവൂ.
ഈ കാര്യങ്ങളിലെ ചിലവുകള്‍ ആ കമ്പനി വഹിക്കണം. ടെസ്റ്റിംഗ് സ്വതന്ത്രമായ ഏജന്‍സി ചെയ്യണം. കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ മധുവിനെയോ മറ്റോ ഇത് കോര്‍ഡിനേറ്റ് ചെയ്യാന്‍ ഏല്‍പ്പിക്കണം. 'ഒരു കുഴപ്പവും ഇല്ല' എന്ന കമ്പനി കണക്കുകളോ 'ആശങ്ക വേണ്ട' എന്ന പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ്/ആരോഗ്യ വകുപ്പ് ആശ്വാസത്തിലോ കാര്യങ്ങള്‍ അവസാനിപ്പിക്കരുത്.
2. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കിണറുകള്‍ - കേരളത്തിലെ ഹൈസ്‌കൂളുകള്‍ ഉള്‍പ്പടെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും രാസ ലബോറട്ടറികള്‍ ഉണ്ട്. അവിടെയൊക്കെ ചെറിയ തോതിലാണെങ്കിലും മാരകങ്ങളായ പല രാസപദാര്‍ത്ഥങ്ങളും ഉണ്ട്. ലബോറട്ടറിയില്‍ വെള്ളം കയറിയിട്ടുണ്ടെങ്കില്‍ അവിടുത്തെ കിണറുകളിലെ വെള്ളം ഉപയോഗിക്കരുത്, ചുറ്റുവട്ടത്ത് നൂറു മീറ്ററിനിനുള്ളിലുള്ള വീട്ടുകാരും ഇക്കാര്യം ശ്രദ്ധിക്കണം.
3. രാസവള സ്റ്റോറുകള്‍, കീടനാശിനി കടകള്‍, കോ-ഓപ്പെറേറ്റിവ് സൊസൈറ്റികള്‍ എന്നിവിടങ്ങളില്‍ രാസവസ്തുക്കളും കീടനാശിനികളും ഉണ്ട്. ഈ സ്ഥലങ്ങളില്‍ വെള്ളം കയറിയിട്ടുണ്ടെങ്കില്‍ അടുത്തുള്ള കിണറുകള്‍ ഉപയോഗിക്കരുത്. ഏതാണ്ട് ഇരുന്നൂറ്റി അന്‍പത് മീറ്റര്‍ ചുറ്റളവിലുള്ളവര്‍ ഇക്കാര്യം ശ്രദ്ധിക്കുക.
4. സൂപ്പര്‍ മാര്‍ക്കറ്റുകള്‍ - ഏതെങ്കിലും സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ വെള്ളം കയറിയിട്ടുണ്ടെങ്കില്‍ അതിലുള്ള സോപ്പ് മുതല്‍ ക്‌ളീനിങ്ങ് ലിക്വിഡ് വരെയുള്ള രാസ വസ്തുക്കള്‍ ചുറ്റിലും പരന്നിട്ടുണ്ടാകും. ചുറ്റുമുള്ള വീടുകളിലെ കിണറുകളും ശ്രദ്ധിക്കേണ്ടതാണ്.
5. വര്‍ക്ക്ഷോപ്പുകളും പെട്രോള്‍ പമ്പുകളും - വെള്ളത്തില്‍ മുങ്ങിക്കിടന്ന വര്‍ക്ക് ഷോപ്പിലും പെട്രോള്‍ പമ്പിലും നിന്ന് പെട്രോളിയം ഉത്പന്നങ്ങള്‍ വെള്ളത്തില്‍ പരക്കാന്‍ സാധ്യതയുണ്ട്. ഒരു ലിറ്റര്‍ പെട്രോള്‍ മതി ഒരു ചതുരശ്ര കിലോമീറ്ററില്‍ എണ്ണപ്പാട ഉണ്ടാക്കാന്‍. എണ്ണപ്പാടകള്‍ കണ്ടാല്‍ ആ വെള്ളം കുടിക്കരുത്.
തിരക്കായതിനാല്‍ ഏതെങ്കിലും കാര്യങ്ങള്‍ വിട്ടുപോയിട്ടുണ്ടാകും. എന്റെ ഗുരുനാഥന്‍ ആയ ഗ്രെഷ്യസ് സാര്‍ ഉള്‍പ്പടെയുള്ളവര്‍ ഇപ്പോള്‍ കേരളത്തിലുണ്ട്. അവര്‍ വിചാരിച്ചാല്‍ വിട്ടുപോയവ ചേര്‍ക്കാന്‍ സാധിക്കും. ആദ്യം തന്നെ മുന്‍ പറഞ്ഞ രീതിയില്‍ എത്ര സ്ഥാപനങ്ങളുണ്ടെന്ന് കണ്ടുപിടിക്കുകയാണ് പ്രധാനം. ക്രൗഡ് സോഴ്‌സിങ് ഉപയോഗിച്ചാല്‍ ഗൂഗിള്‍ എര്‍ത്തില്‍ ഒറ്റ ദിവസം കൊണ്ട് മാപ്പ് ചെയ്‌തെടുക്കാം. കൊച്ചിന്‍ യൂണിവേഴ്‌സിറ്റി, എം ജി യൂണിവേഴ്‌സിറ്റി മുതല്‍ പരിസ്ഥിതി സയന്‍സ് പഠിപ്പിക്കുന്ന കോളേജിലെ കുട്ടികളെ ഉപയോഗിച്ച് ഒരാഴ്ചക്കകം പണി നടത്താം.
ഐക്യരാഷ്ട്ര സഭയുടെ പ്രകൃതി വിഭാഗം ദുരന്ത ലഘൂകരണ സംഘത്തിന്റെ മേധാവിയാണ് മുരളി തുമ്മാരുകുടി