Skip to main content

mohanlal

ദിലീപ് വിഷത്തില്‍ ഡബ്ല്യു.സി.സി.യുമായി ചര്‍ച്ചയ്ക്കു തയാറാണ്. അവരുടെ കത്ത് ലഭിച്ചിട്ടുണ്ട് ആ വഷയങ്ങളെല്ലാം പരിഗണിച്ചുള്ള ചര്‍ച്ച നടത്താം, ഇനിയും എന്തെങ്കിലും ആവശ്യങ്ങളുണ്ടെങ്കില്‍ അതിനെയും സ്വാഗതം ചെയ്യുന്നു.അമ്മയുടെ എക്‌സിക്യൂട്ടീവ് ചേര്‍ന്നശേഷം ഡബ്ല്യുസിസിയുമായി ചര്‍ച്ച നടത്തും. മോഹന്‍ലാല്‍ വ്യക്തമാക്കി. എറണാകുളം പ്രസ്സ് ക്ലബ്ബില്‍ വച്ച് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

 

ജനറല്‍ ബോഡിയില്‍ എല്ലാവരുടെയും തീരുമാനപ്രകാരമാണ് ദിലീപിനെ തിരിച്ചെടുത്തത്. യോഗത്തില്‍ ആ തീരുമാനത്തിനെതിരായി ആരും നിലപാടെടുത്തില്ല. എതിരഭിപ്രായം ഉയര്‍ന്നിരുന്നെങ്കില്‍ തീര്‍ച്ചയായും അത് പരിശോധിക്കുമായിരുന്നു. നിലവില്‍ ദിലീപ് സംഘനയ്ക്ക് പുറത്ത് തന്നെയാണ്. അദ്ദേഹം തെറ്റുകാരനല്ലെന്ന് കോടതി കണ്ടെത്തുകയാണെങ്കില്‍ തിരിച്ചെടുക്കും. നടി ആക്രമണ കേസിലെ അറസ്റ്റിനെ തുടര്‍ന്ന് ദിലീപിനെ സംഘടനയില്‍ നിന്ന് മാറ്റിനിര്‍ത്തുന്ന വിഷയത്തില്‍ താരസംഘടനയായ അമ്മ പിളര്‍പ്പിന്റെ വക്കിലെത്തിയിരുന്നെന്നും മോഹന്‍ലാല്‍ വെളിപ്പെടുത്തി.

 

അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ മാധ്യമങ്ങള്‍ക്ക് വിലക്കു കല്‍പിച്ചതില്‍ മോഹന്‍ലാല്‍ ഖേദം പ്രകടിപ്പിച്ചു. ഇരുപത്തിയഞ്ച് വര്‍ഷം നീണ്ട സംഘടനയുടെ ചരിത്രത്തില്‍ ആദ്യമായാണ് മാധ്യമങ്ങളെ അകറ്റി നിര്‍ത്തേണ്ടി വന്നത്. ആ സംഭവത്തില്‍ വ്യക്തിപരമായി താന്‍ ക്ഷമ ചോദിക്കുകയാണ്, അദ്ദേഹം പറഞ്ഞു.

 

ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ മാത്രമേ സംഘടനയ്ക്കു രാജിക്കത്ത് നല്‍കിയിട്ടുള്ളൂ. ഭാവനയും രമ്യ നമ്പീശനും. രാജി വച്ചവര്‍ തിരിച്ചുവന്നാല്‍ അതു അമ്മ യോഗം ചേര്‍ന്ന് തുടര്‍ നടപടികള്‍ സ്വീകരിക്കും.

 

പുതിയ പ്രസിഡന്റെന്ന നിലയില്‍ അമ്മയില്‍ കുറേ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ താന്‍ ശ്രമിക്കും. സംഘടനയുടെ ബൈലോയില്‍ മാറ്റം വരുത്തേണ്ടത് അനിവാര്യമാണ്. സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കും. ചില അഭിനേതാക്കള്‍ക്ക് സിനിമയില്ലാത്ത അവസ്ഥയുണ്ട് അതില്‍ മാറ്റം വരുത്തണമെന്നാണ് തന്റെ ആഗ്രഹമെന്നും മോഹന്‍ലാല്‍ അറിയിച്ചു