Skip to main content

 mohanlal

 

കേരള സമൂഹം കടന്നു പോകുന്ന ജീര്‍ണ്ണതയുടെ ഒരംശം മാത്രമാണ് നടീനടന്മാരുടെ സംഘടനയായ അമ്മയിലും നടക്കുന്നത്. ആ ജീര്‍ണ്ണതയെ ഇത്രകണ്ട് വര്‍ദ്ധിതമാക്കുന്നതില്‍ മലയാള സിനിമ വഹിച്ച പങ്കും വലുതാണ്. അതിപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു. അതേ ജീര്‍ണ്ണത തന്നെയാണ് രാഷ്ട്രീയത്തിലും മാധ്യമങ്ങളിലും സാധാരണ ജീവിതത്തിലും കാണുന്നത്. ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധത്തിന്റെ തോതു വര്‍ദ്ധിപ്പിച്ച് നന്മയുടെയും ശരിയുടെയും സ്ത്രീവിരുദ്ധതയുടെയും പക്ഷത്തു നില്‍ക്കാനാണ് ഇപ്പോള്‍ എല്ലാവരും മത്സരിച്ചുകൊണ്ടിരിക്കുന്നത്. അതില്‍ മുന്നിട്ടു നില്‍ക്കുന്നത് മാധ്യമങ്ങളാണ്. എന്നാല്‍ ഒറ്റ നടപടികൊണ്ട് എ.ഐ.വൈ.എഫുകാര്‍ എല്ലാവരെയും കടത്തിവെട്ടി-മോഹന്‍ലാലിന്റെ കോലം കത്തിച്ച് ,' മോഹന്‍ലാലിനെ കത്തിച്ചേ' എന്നു മുദ്രാവാക്യം വിളിച്ചുകൊണ്ട്.
        

ജനായത്തസംവിധാനത്തിലെ ഒരു സംഘടനയ്ക്കും ഇത്രയധികം അധമമായ നടപടിയില്‍ ഏര്‍പ്പെടാനകില്ല. ആ ചെയ്തിയുടെ സംസ്‌കാരമില്ലായ്മയെ സാംസ്‌കാരിക വാക്കുകൊണ്ട് വിശേഷിപ്പിക്കാന്‍ തന്നെ കഴിയില്ല. എ.ഐ.വൈ.എഫുകാര്‍ മാത്രം ചെയ്യുന്നതല്ല കോലം കത്തിക്കല്‍. എല്ലാ പാര്‍ട്ടിക്കാരും ഈ കലാപരിപാടിയില്‍ ഏര്‍പ്പെടാറുണ്ട്. ആരുടെയാണോ കോലം കത്തിക്കുന്നത് അവരെ തത്വത്തില്‍ എരിച്ചുകൊല്ലുകതന്നെയാണ് അതിലൂടെ ചെയ്യുന്നത്. അതു ശിക്ഷാര്‍ഹവുമാണ്. എന്നാല്‍ കേരളത്തില്‍ ഇപ്പോള്‍ കൊലപാതകം പോലും സര്‍വ്വസാധാരണമായതുകൊണ്ടും അതുപോലെ കോലം കത്തിക്കലും സാധാരണമായതുകൊണ്ടുമാകാം പോലീസ് അതത്ര ഗൗരവാമായി എടുക്കാത്തത്.        

 

കേരളത്തില്‍ സി.പി.എമ്മുമായുള്ള താരതമ്യത്തില്‍ തങ്ങള്‍ സംസ്‌കാരസമ്പന്നതയും സാമൂഹ്യയുക്തിയും പുലര്‍ത്തുന്നു എന്ന ധാരണ സി.പി.ഐയും യുവജനസംഘടനകളും ഉണ്ടാക്കിയിട്ടുണ്ട്. പാര്‍ട്ടി സെക്രട്ടറി കാനം രാജേന്ദ്രന്‍ അത്തരത്തിലൊരു വ്യക്തിപ്രഭാവം സൃഷ്ടിക്കാനുളള ശ്രമത്തിലുമാണ്. അത്തരം പ്രതിഛായയുടെ തടവിലായിതിന്റെ പ്രതിഫലനം കൂടിയാകാം ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതില്‍ മോഹന്‍ലാലിന്റെ കോലം കത്തിച്ച് സി.പി.ഐയുടെ യുവജന സംഘടന പ്രതിഷേധിക്കാന്‍ കാരണം.

 

മൂന്നര ദശകത്തോളമായി മലയാളിയുടെ ആസ്വാദനശേഷിയെ അതിന്റെ സൂക്ഷ്‌മോത്തരഭാവങ്ങളിലേക്കുയര്‍ത്തിയ നടനാണ് മോഹന്‍ലാല്‍. ഒരുപക്ഷേ ലോകസിനിമയില്‍ തന്നെ ഇത്രയും സര്‍ഗ്ഗധനനായ ഒരു നടനില്ല എന്നു തന്നെ പറയാം. അത്തരമൊരു കലാകാരനാണ് മോഹന്‍ലാല്‍. മോഹന്‍ലാലിനെ നാം അംഗീകരിക്കുന്നത് ആ കലയോടുള്ള ബഹുമാനം കൊണ്ടാണ്. മോഹന്‍ലാലില്‍ നിന്ന് കലാപരമായ സംഭാവന മാത്രമേ പ്രതീക്ഷിക്കാവൂ. അതാണ് പ്രതീക്ഷിക്കേണ്ടതും. അദ്ദേഹത്തിന്റെ കൈവശമുള്ള കലയുടെ ഔന്നത്യമനുസരിച്ച് മോഹന്‍ലാലിന് വ്യക്തിയെന്ന നിലയില്‍ ഉയരാന്‍ കഴിയാറില്ല. അതിന്റെ ഫലമാണ് അദ്ദേഹം മഹാനടനായതിന് ശേഷവും തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങള്‍ സൂചിപ്പിക്കുന്നത്. കഥയുടെ നിലവാരം നിര്‍ണ്ണയിക്കാനും, അതുവഴി തന്റെ ശേഷിയെ നല്ലകഥകളിലൂടെ കടത്തിവിട്ട് സമൂഹത്തിന്റെ ആസ്വാദനത്തിലൂടെ സാംസ്‌കാരികമായ ഔന്നത്യസ്വഭാവമുള്ള സിനിമകള്‍ക്ക് കാരണമാകാനുമുള്ള ശേഷി മോഹന്‍ലാലിനുണ്ട്. എന്നിട്ടും അതിനു കഴിയാത്തത് ആ വ്യക്തിയുടെ പരിമിതിയാണ്. അതിന് അദ്ദേഹത്തെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ആ പരിമിതികൂടി അദ്ദേഹത്തിലെ കലാകാരന്റെ പൂര്‍ണ്ണതയ്ക്ക് ആവശ്യമായിരിക്കും. അത്തരമൊരു കലാകാരന്റെ കോലം കേരളം കത്തിച്ചിട്ട് മോഹന്‍ലാലിനെ കത്തിച്ചേ എന്ന് മുദ്രാവാക്യം വിളിച്ച് സാംസ്‌കാരികതയുടെ ഭാഗത്തു നില്‍ക്കുകയാണെന്ന് പ്രഖ്യാപിക്കുന്ന മൗഢ്യവും ജീര്‍ണ്ണതയുമാണ് മലയാളിയെ ബാധിച്ചിരിക്കുന്നത്.  

 

സിനിമ ജീവിതത്തെയും രാഷ്ട്രീയത്തെയും ബാധിക്കുന്നുണ്ട്. അതു പ്രത്യക്ഷമായിട്ടല്ല. ഉപബോധമനസ്സിനെയാണ് മനുഷ്യന്‍ ഉണര്‍ന്നിരിക്കുമ്പോള്‍ കാണുകയും കേള്‍ക്കുകയുമൊക്കെ ചെയ്യുന്ന കാര്യങ്ങള്‍ സ്വാധീനിക്കുന്നത്. സിനിമയില്‍ നായകന്‍ വില്ലനെ കൊല്ലുന്നത് കാണുമ്പോള്‍ കാണികള്‍ കൈയടിക്കുന്നു. ആ കൈയ്യടിയിലൂടെ മറ്റൊരു കാര്യം കൂടി സംഭവിക്കുന്നു. കൊലപാതകമെന്ന പ്രവൃത്തിയെ കൂടി കൈയ്യടിച്ച് സ്വീകരിക്കല്‍. ആ സംസ്‌കാരം സിനിമയിലൂടെ പ്രചരിപ്പിച്ചതില്‍ മോഹന്‍ലാലിന് മറ്റേത് നടന്മാരെക്കാളും പങ്കുണ്ട്. കാരണം മോഹന്‍ലാലിലൂടെ ഒരു കഥാപാത്രം കാണികളിലേക്ക് പ്രവേശിക്കുന്നതിന്റെ തോത് മറ്റേത് നടന്മാരിലൂടെ പ്രവേശിക്കുന്നതിനേക്കാള്‍ കൂടുതലായിരിക്കും. അത്രയ്ക്കാണ് അദ്ദേഹത്തിന്റെ സംവേദനക്ഷമത. അതുകൊണ്ട് താന്‍ വിതച്ച സംസ്‌കാരത്തിന്റെ  പ്രതിഫലം കൂടിയാണ് മലയാളക്കരയില്‍ തന്റെ കോലം കത്തിക്കപ്പെട്ടതെന്നും മോഹന്‍ലാലിന് മനസ്സിലാക്കാന്‍ ഇതൊരവസരമാണ്.               

 

സ്‌ക്രീനിലെ തിളക്കം എത്രമാത്രമുണ്ടോ അത്രമാത്രം ഇരുണ്ടതാണ് മലയാളസിനിമാലോകത്തിന്റെ പിന്നാമ്പുറമെന്ന് കേരളം സമീപകാലത്തു കണ്ടതാണ്. അത് സിനിമാ ലോകത്തിന്റെ മാത്രം പ്രശ്‌നമല്ല. മലയാളി ജീവിതത്തിന്റെ സമസ്ത മേഖലെയെയും അത് ബാധിച്ചിട്ടുണ്ട്. അതിന്റെ തെളിവാണ് രാഷ്ട്രീയം, സംസ്‌കാരം, ഔദ്യോഗിക സ്ഥാനങ്ങള്‍ എന്നിവയിലെല്ലാം കാണുന്ന ജീര്‍ണ്ണതകള്‍. അവയുമായെല്ലാം ഇന്ന് സിനിമയും സിനിമാതാരങ്ങളും നേരിട്ടു ബന്ധപ്പെട്ട് നീങ്ങുന്നതും യാദൃശ്ചികമല്ല. സി.പി.ഐയുടെ യുവജന സംഘടനയെ മുതിര്‍ന്ന നേതാക്കള്‍ ഉപദേശിക്കുന്നത് നന്നായിരിക്കും. അമ്മ ദിലീപിനെ തിരിച്ചെടുത്തത് ആ സംഘടനയുടെ സംസ്‌കാരത്തിന് തീര്‍ത്തും യോജിച്ച ഒരു നടപടി മാത്രമാണ്. കാഞ്ഞിരത്തില്‍ നിന്ന് കരിക്കു പ്രതീക്ഷിക്കുന്നതു പോലെയാണ്, അമ്മയുടെ ദിലീപിനെ തിരിച്ചെടുക്കലിനെ മാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

 

ദിലീപിനെ തിരിച്ചെടുത്തത് അമ്മയെന്ന സംഘടനയുടെ ജനറല്‍ ബോഡിയാണ്. ആ ജനറല്‍ ബോഡിയുടെ തീരുമാനം ജനായത്ത മര്യാദയനുസരിച്ച് അംഗീകരിക്കുക മാത്രമേ അതിന്റെ പ്രസിഡന്റിന് സാധ്യമാവുകയുള്ളൂ. അപ്പോള്‍ മോഹന്‍ലാലിന്റെ കോലം കത്തിക്കുക വഴി അദ്ദേഹം സേച്ഛാധിപത്യ നിലപാടിലേക്കു മാറണമെന്നാണ് എ.ഐ.വൈ.എഫ് എന്ന യുവജന സംഘടന ആവശ്യപ്പെടുന്നത്. ജനായത്തത്തില്‍ സ്വേച്ഛാധിപത്യം ആവേശപൂര്‍വം കടന്നു വരുന്നതിന് ഒരുങ്ങുന്ന വഴിയും ഇവ്വിധമാണ്. ജനായത്തത്തെ അംഗീകരിക്കുകയും സ്വേച്ഛാധിപത്യത്തെ ആവേശപൂര്‍വ്വം ആശ്ലേഷിക്കുകയും ചെയ്യുന്ന രീതി. ഇന്നിപ്പോള്‍ ഏതാണ്ട് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും സ്ഥിതി ഇങ്ങനെയാണ്. പ്രസ്ഥാനത്തെ വ്യക്തിയില്‍ കാണുന്ന മാനസികാവസ്ഥ വന്നാല്‍ വിരുതന്മാര്‍ക്ക് പ്രസ്ഥാനത്തെയും രാജ്യത്തെയും കൈയിലൊതുക്കാന്‍ എളുപ്പമായി. ഇങ്ങനെയാണ് സ്വേച്ഛാധിപത്യം ഒച്ചയുണ്ടാക്കാതെ ജനായത്തത്തില്‍ ആധിപത്യമുറപ്പിക്കുന്നത്. ആ സ്വാധീനം തന്നെയാണ് ഈ യുവജന പ്രസ്ഥാനത്തെ മോഹന്‍ലാലിന്റെ കോലം കത്തിക്കാന്‍ പ്രേരിപ്പിച്ചത്. ഒരു തീപ്പൊരിയെങ്കിലും ഈ യൗവ്വനത്തില്‍ അവരില്‍ കത്തിയിരുന്നെങ്കില്‍ ഈ നടപടി ഉണ്ടാകില്ലായിരുന്നു. ഈ തെറ്റിന് ജീവനോടെ കത്തിച്ചു കളയുന്ന വധശിക്ഷ വേണമായിരുന്നോ എന്നും ഈ യുവജനപ്രസ്ഥാനത്തിന്റെ നേതാക്കളും പാര്‍ട്ടിനേതാക്കളും ആലോചിക്കേണ്ടതാണ്. തലവെട്ടുന്ന രാജ്യങ്ങളില്‍ പോലുമില്ലാത്ത വധശിക്ഷയാണ് ജീവനോടെ കത്തിക്കല്‍.
      

കുറ്റകരമായ എല്ലാ കൊലപാതകങ്ങളും ഏതെങ്കിലും മനസ്സിലാണ് ആദ്യം നടക്കുന്നത്. അതുകൊണ്ടാണ് ഗൂഢാലോചന തെളിയിക്കപ്പെട്ടാല്‍ അത് ഏറ്റവും വലിയ കുറ്റമാകുന്നത്. അത്തരമൊരു ഗൂഢാലോചനയിലേക്ക് സമൂഹത്തെ അബോധമായി വലിച്ചിഴച്ചിടുന്ന നടപടിയായിരുന്നു മോഹന്‍ലാലിനെ കത്തിച്ചിട്ട് അദ്ദേഹത്തെ കത്തിച്ചേ എന്നു മുദ്രാവാക്യം വിളിച്ചത്. ഇത്തരം അബോധവും അസാംസ്‌കാരികവുമായ സമൂഹത്തില്‍ വാഹനങ്ങളില്‍ യുവതികളും, വീടുകളില്‍ മൂന്നുമാസം പ്രായമുള്ള കുഞ്ഞുങ്ങളും തൊണ്ണൂറ്റഞ്ചു വയസ്സുള്ള മുത്തശ്ശിമാരും ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നതില്‍ തെല്ലും അതിശയമില്ല. അബോധത്തെ ബോധം കൊണ്ടാണ് സമീപിക്കേണ്ടത്. അല്ലാതെ ഭ്രാന്തുകൊണ്ടല്ല. മോഹന്‍ലാലും മലയാളിയായതുകൊണ്ട് അദ്ദേഹത്തിനും മലയാളിയെക്കുറിച്ചുള്ള ചിന്തയില്‍ പങ്കുകൊള്ളാവുന്നതാണ്. ദിലീപിനെ അമ്മയില്‍ എടുത്താലും എടുക്കാതിരുന്നാലും പ്രത്യേകിച്ച് വര്‍ത്തമാനകേരളസമൂഹത്തില്‍ വലിയ മാറ്റമൊന്നുമുണ്ടാകാന്‍ പോകുന്നില്ല. രാജ്യത്തെ സുപ്രീംകോടതി കുറ്റവാളിയെന്ന് പ്രഖ്യാപിച്ച് ശിക്ഷിക്കപ്പെട്ട് ജയിലില്‍ പോയവര്‍പോലും ഇന്ന് ഉന്നത ഔദ്യോഗിക സ്ഥാനങ്ങള്‍ അലങ്കരിക്കുന്ന നാടാണ് കേരളം.