Skip to main content

mohanlal, innocent, idavela babu, media

മലയാള സിനമ മാഫിയാ രൂപം പ്രാപിച്ചിട്ട് നാളുകളേറെയായി. ചിലരുടെ താല്‍പര്യത്തില്‍ മാത്രം മുന്നോട്ടുപോകുന്ന, അധോലോക സമാനമായി നീങ്ങുന്ന ഒരു മേഖലയായി സിനിമ മാറിയിരിക്കുന്നു. സെറ്റില്‍ ചായകൊണ്ടുവരുന്ന ആളെ മുതല്‍, പ്രധാന നടിയെയും സംവിധായകനെയും വരെ  നിശ്ചയിക്കുന്നത് നായകന്മാരാണ് എന്നത് ഭൂരിഭാഗം സിനമകളുടെ കാര്യത്തിലും ശരിയുമാണ്. മഹാനടനായ തിലകന്‍ പോലും സ്വീകരിച്ച നിലപാടിന്റെ പേരില്‍ മാറ്റി നിര്‍ത്തപ്പെട്ടു. അത് പ്രകടമാക്കുന്നത് ജന്മി അടിയാന്‍ സമ്പ്രദായത്തെയാണ്.

 

സിനിമാ അഭിനേതാക്കള്‍ക്ക് താരപരിവേഷം നല്‍കി ആരാധനാപാത്രങ്ങളാക്കിയതില്‍ പ്രേക്ഷകരേക്കാള്‍ കൂടുതല്‍ പങ്ക് ഇവിടുത്തെ മാധ്യമങ്ങള്‍ക്കും രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കുമാണ്. പല മാധ്യമങ്ങളും താരങ്ങള്‍ക്ക് വേണ്ടി പ്രത്യേക ഷോകള്‍ വരെ സംഘടിപ്പിക്കുന്നു. എത്ര നല്ല പ്രകടനം മറ്റ് നടീനടന്മാരില്‍ നിന്നുണ്ടായാലും ചാനല്‍ അവാര്‍ഡ് നിശകളില്‍ ആവര്‍ത്തിക്കപ്പെടുക സ്ഥിരം പേരുകളായിരിക്കും. അതിനൊപ്പം അവരെ അമാനുഷരാക്കുന്ന വിധമുള്ള സ്‌കിറ്റുകളും പ്രത്യേക പ്രകടനങ്ങളും. എന്നിട്ട് അതിലെ പ്രസക്തഭാഗങ്ങള്‍ ഇടവിട്ട് ഇടവിട്ട് കാണിച്ച് ആ പരിപടി കാണാതിരുന്നാല്‍ എന്തോ വലിയ നഷ്ടം സംഭവിക്കും എന്ന തരത്തിലേക്ക് പ്രക്ഷകരെയെത്തിക്കുകയും ചെയ്യും.

 

ആഘോഷ ദിവസങ്ങളില്‍ ഈ താരങ്ങളില്ലാതെ ഒരു ചാനലുകളും മാധ്യമങ്ങളും പ്രത്യക്ഷപ്പെടാറില്ല. അവരുടെ ഓണമാണ് ഓണമെന്നും, അവരുടെ ക്രിസ്തുമസാണ് ക്രിസതുമസെന്ന തരത്തിലുമാണ് അവതരണങ്ങള്‍. സിനിമാ വാര്‍ത്തയെന്ന പേരില്‍ കൊടുക്കുന്ന മിക്ക കാര്യങ്ങളും മാധ്യമങ്ങളെ പി.ആര്‍ ഏജന്‍സിക്ക് തുല്യമക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികളാകട്ടെ തങ്ങളുടെ തിരഞ്ഞെടുപ്പ് പ്രചാരണ വേളകളിലും പദ്ധതി പ്രഖ്യാപനങ്ങളിലും താരങ്ങളെ ഒഴിവാക്കാറില്ല. അതിപ്പോള്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പോലും പ്രകടമായി വരുന്നു. മാറി മാറി വരുന്ന സര്‍ക്കാരുകള്‍ പല പദ്ധതികളുടെയും ബ്രാന്‍ഡ് അംബാസിഡര്‍മാരായി താരങ്ങളെത്തന്നെയാണ് തിരഞ്ഞെടുക്കുന്നത്.

 

ഇന്നിപ്പോള്‍ മലയാള സിനിമയിലെ നടീനടന്മാരുടെ സംഘടനയായ അമ്മയുടെ, ദിലീപിനെ തിരിച്ചെടുക്കല്‍ തീരുമാനത്തിനെതിരെ  ഘോരഘോരം പ്രതിഷേധിക്കുന്ന രാഷ്ട്രീയ നേതാക്കളും ചര്‍ച്ച നയിക്കുന്ന മാധ്യമങ്ങളും താരങ്ങളെ അവരുടെ ജനപ്രീതി മുതലെടുത്ത് സ്വന്തം വളര്‍ച്ചയ്ക്കും പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കും വേണ്ടി ഉപയോഗിച്ചവരാണ്. ഈ പ്രശ്‌നത്തെയും അതിനുവേണ്ടിത്തന്നെയാണ് പലരും കൈകാര്യം ചെയ്യുന്നത്. എന്നതുകൊണ്ട് താരങ്ങള്‍ വിമര്‍ശനത്തിനതീതരല്ല എന്ന് അര്‍ത്ഥമാക്കുന്നില്ല. ഒരു വശത്ത് വിമര്‍ശനവും മറുവശത്ത് മുതലെടുപ്പും നടത്തുന്നത് ജനായത്ത സമൂഹത്തില്‍ ഭൂഷണമായ നടപടിയല്ല. തങ്ങളുടെ വിമര്‍ശനങ്ങള്‍ നല്ലത് മുന്നില്‍ കണ്ടുകൊണ്ടുള്ളതാണെന്ന വാദം അംഗീകരിക്കപ്പെടണമെങ്കില്‍ രണ്ടുവള്ളത്തിലും കാല്‍ചവിട്ടി ജനങ്ങളെ വിഢികളാക്കുന്ന നടപടി രാഷ്ട്രീയ-മാധ്യമ പ്രവര്‍ത്തകര്‍ അവസാനിപ്പിക്കണം. എന്നിട്ട് മലയാള സിനിമയെ കഴിവിന്റെയും കലയുടെയും നൂതന ആശയങ്ങളുടെയും വിളനിലമാക്കാനുള്ള സമഗ്ര ശ്രമങ്ങളുണ്ടാകണം. അല്ലാത്തപക്ഷം ഈ വിഷയം കൂടുതല്‍ സങ്കീര്‍ണമാകും, ഒരിക്കലും നേരെയാകാത്ത വിധം.