പോലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദ്ദിച്ചെന്ന കേസില്‍ എ.ഡി.ജി.പി സുദേഷ് കുമാറിന്റെ മകള്‍ സ്‌നിഗ്ധ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചേക്കുമെന്ന് സൂചന. സുദേഷ് കുമാറിനൊപ്പം ഇവര്‍ കൊച്ചിയിലെത്തി അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി. അറസ്റ്റിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു എന്ന സൂചനയെ തുടര്‍ന്നാണ് ഈ നീക്കം.
സ്‌നിഗ്ധയുടെ പരാതിയിന്മേല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നെങ്കിലും ഗവാസ്‌കറെ അടുത്ത മാസം 4 വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. കേസിലെ അന്വേഷണ രേഖകളെല്ലാം സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചിരുന്നു.
അതിനിടെ കേസിലെ ആശുപത്രി രേഖയും എ.ഡി.ജി.പിയുടെ മകളുടെ മൊഴിയും രണ്ടുതരത്തിലാണെന്ന വിവരം പുറത്ത് വന്നിട്ടുണ്ട്.
ഗവാസ്‌കര്‍ ഔദ്യോഗികവാഹനത്തിന്റെ ടയര്‍ കാലിലൂടെ കയറ്റിയെന്നാണ് മകള്‍ പരാതി നല്‍കിയപ്പോള്‍ കൊടുത്ത മൊഴി. എന്നാല്‍ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോള്‍ കാലില്‍ ഓട്ടോ ഇടിച്ചെന്നാണ് പറഞ്ഞിരിക്കുന്നത്.
കേസില്‍ ഇന്ന് എ.ഡി.ജി.പി.യുടെയും ഭാര്യയുടെയും മകളുടെയും മൊഴി ഇന്ന് ക്രൈംബ്രാഞ്ച് അന്വേഷണസംഘം രേഖപ്പെടുത്തും.