കണ്ണൂരിലെ യുത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട കേസില്‍ പൊലീസ് അന്വേഷണം തുടരാമെന്ന് സുപ്രീംകോടതി.സി.ബി.ഐ അന്വേഷണത്തിനുള്ള സ്റ്റേ നീക്കണമെന്ന ഷുഹൈബിന്റെ കുടുംബത്തിന്റെ ആവശ്യം കോടതി തള്ളി. കേസില്‍ പോലീസിന് കുറ്റപത്രം സമര്‍പ്പിക്കുന്നതിന് തടസങ്ങളില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
അതേസമയം, സി.ബി.ഐ അന്വേഷണത്തില്‍ നിലപാടറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതി നോട്ടിസ് അയയ്ക്കുകയും ചെയ്തു. രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്തുന്നവര്‍ വിഡ്ഢികളാണെന്നും സുപ്രീംകോടതി പറഞ്ഞു.
ഷുഹൈബ് വധക്കേസ് പ്രതികള്‍ക്ക് സി.പി.എം നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്നും അതിനാല്‍ സി.ബി.ഐ അന്വേഷണം വേണമെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലിനെത്തുടര്‍ന്നു ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് ഷുഹൈബിന്റെ കുടുംബം സുപ്രീം കോടതിയെ സമീപിച്ചത്.
പോലീസ് അന്വേഷണം ശരിയായ ദിശയിലല്ലെന്നും തെളിവുകള്‍ നശിപ്പിക്കപ്പെടും കേസ് സി.ബി.ഐക്ക് കൈമാറണമെന്നുമാണ് ഷുഹൈബിന്റെ മാതാപിതാക്കള്‍ ഹര്‍ജിയില്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ കപില്‍ സിബലാണ് ഷുഹൈബിന്റെ കുടുംബത്തിനു വേണ്ടി ഹാജരായത്.