Representational image
സലിം. അരൂര്‍ സ്വദേശിയാണ്. ഒരു ടാക്‌സി സര്‍വ്വീസ് ഏജന്‍സിയില്‍ ഡ്രൈവറായി തൊഴിലെടുക്കുന്നു. ഏറെ നാള്‍ സൗദിയിലായിരുന്നു. കഥകളി സംഗീതത്തിലും ഗിത്താര്‍ വായനയിലും തല്‍പ്പരനാണ്. ഇപ്പോള്‍ പ്രാരബ്ധം കാരണം ഒന്നിലും കൈവയ്ക്കാന്‍ പറ്റുന്നില്ല. രാത്രി നേരത്തെ എത്തിയാല്‍ കഥകളിയാശാനൊപ്പം കുറച്ചു സമയം ചെലവഴിക്കും. പറ്റുന്ന സമയങ്ങളിലൊക്കെ പള്ളിയില്‍ പോകുന്ന മുസല്‍മാന്‍. കോഴിക്കോടു വരെയുള്ള യാത്രയ്ക്കിടയില്‍ സലിം തന്റെ സൗദി അനുഭവം പങ്കിട്ടു. വീട് പണി ബാക്കി കിടക്കുന്നതിനാലും കുറേ സാമ്പത്തിക ബാധ്യത ഉള്ളതിനാലും വീണ്ടും ഗള്‍ഫില്‍ തൊഴിലിനു വേണ്ടി അഭിമുഖങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ സൗദിയിലെ തന്റെ പഴയ ബോസ്സിനെ ഒന്നു വിളിച്ചാല്‍ ജോലി ഉറപ്പാണ്. ഒരു കൊല്ലത്തിനകം എല്ലാ ബാധ്യതകളും തീര്‍ക്കാം. പക്ഷേ സലിം വിളിക്കുന്നില്ല. തീരെ ഗതികെട്ടാല്‍ മാത്രമേ വിളിക്കൂ എന്നാണ് പറയുന്നത്. എങ്കിലും അവിടേക്ക് പോകുന്ന കാര്യമോര്‍ക്കുമ്പോള്‍ അടിവയറ്റില്‍ നിന്നൊരു ആന്തലാണത്രെ. കാരണം ജോലിക്കു ചേര്‍ന്നു കഴിഞ്ഞാല്‍ രണ്ടു കൊല്ലം കഴിയാതെ നാട്ടില്‍ വരാന്‍ പറ്റില്ല. പതിനാലും എട്ടും വയസ്സുള്ള രണ്ടു പെണ്‍കുട്ടികളാണ് സലിമിന്. എത്ര ഇരുട്ടി വീട്ടില്‍ ചെന്നാലും അവരെഴുന്നേറ്റു വരും, തന്നോട് സംസാരിക്കും, എന്നിട്ടേ ഉറങ്ങുകയുളളൂ. അങ്ങനെയുള്ള കുട്ടികളെ രണ്ടു കൊല്ലം കാണാന്‍ കഴിയില്ലെന്നതും, വിചാരിക്കുമ്പോള്‍ തിരികെ വരാന്‍ പറ്റാത്ത സാഹചര്യത്തെക്കുറിച്ചും ആലോചിക്കുമ്പോഴാണ് സലിമിന് സൗദിയിലേക്ക് പോകാന്‍ തോന്നാത്തത്.
സൗദിയില്‍ അവിടുത്തെ രാജകുമാരിയുടെ(എന്നുവെച്ചാല്‍ രാജാവിന്റെ സഹോദരി) സെക്രട്ടറിയുടെ ഡ്രൈവറായിരുന്നു സലിം. അഞ്ചു പേരാണ് രാജകുമാരിയുടെ കൊട്ടാരത്തില്‍. എഴുപതു വയസ്സായ രാജകുമാരി. അവരുടെ മകന്‍, ഭാര്യ, അവരുടെ മകന്‍, രാജകുമാരിയുടെ മകള്‍. ഈ അഞ്ചു പേര്‍ക്കു കൂടി നൂറ്റിത്തൊണ്ണൂറ് ജീവനക്കാരാണുള്ളത്. എല്ലാവരുടെയും താമസം കൊട്ടാരവളപ്പില്‍ തന്നെ. എപ്പോള്‍ വിളിച്ചാലും തയ്യാറായിരിക്കണം. ഭക്ഷണവും സകല ചെലവും കൊട്ടാരത്തിന്റേതാണ്. അതിനാല്‍ കിട്ടുന്ന ശമ്പളം മുഴുവന്‍ സമ്പാദ്യം. നാട്ടിലേക്കയക്കാം. തനിക്ക് ഏതാണ്ട് പതിനായിരത്തോളം റിയാല്‍ പ്രതിമാസം കിട്ടുമായിരുന്നുവെന്ന് സലിം പറയുന്നു. ലബനോന്‍ കാരനായ തന്റെ ബോസ്സ് മിക്ക ദിവസവും പ്രത്യേകിച്ച് കാര്യമൊന്നുമില്ലാതെ സന്തോഷം വരുമ്പോള്‍ കാശു കൊടുത്തുകൊണ്ടിരിക്കും. എഴുപതുവയസ്സുകാരനായ അദ്ദേഹം അവിവാഹിതനാണ്. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം രണ്ടോ മൂന്നോ ദിവസത്തേക്കു നാട്ടിലേക്കു പോകും. കൊട്ടാരത്തിലെ എല്ലാ കാര്യവും ഇദ്ദേഹം വഴിയാണ് നീങ്ങുന്നത്. വളരെ സ്വാത്വികനായ മനുഷ്യന്‍.
ഈ സ്വാത്വികനായ മനുഷ്യന്‍ ചെയ്യേണ്ടി വരുന്നതു മുഴുവന്‍ തോന്ന്യാസങ്ങള്‍ക്ക് ചിട്ടവട്ടം ഒരുക്കലാണെന്നാണ് സലിം പറയുന്നത്. രാജകുമാരിയുടെ മകന്റെ ലീലാവിലാസമാണ് അതില്‍ പ്രധാനം. രാജകുമാരിയുടെ ഭര്‍ത്താവ് മരിച്ചു പോയി. വാപ്പയുടെ തോന്ന്യാസവുമായി തട്ടിച്ചു നോക്കുമ്പോള്‍ മകന്റേത് പരിമിതമാണെന്നാണ് സലിമിന്റെ അഭിപ്രായം. രാജാവിന്റെ ഉറ്റ ബന്ധുവായതിനാലാണ് പുതിയ കിരീടാവകാശി വന്നിട്ടും ഇവരെ തൊടാതിരുന്നത്. മകന്‍ ഉച്ചയ്ക്കാണ് എഴുന്നേല്‍ക്കുന്നത്. അത് മിക്ക രാജകുടുംബാംഗങ്ങളും അങ്ങനെ തന്നെയാണത്രെ. മകന്‍ ദിവസവും വൈകുന്നേരം കൂട്ടുകാരുമൊത്ത് ഒരു മണിക്കൂര്‍ ഡ്രൈവ് ചെയ്താല്‍ എത്തുന്ന കൊട്ടാരസദൃശമായ സ്ഥലത്തേക്കു പോകും. ദിവസവും മൂന്നു യുവതികളെ ഇയാള്‍ക്ക് വേണം. അവരുമായി ആട്ടവും പാട്ടും കഴിഞ്ഞാല്‍, അതില്‍ ഒരു യുവതിയുമായി ഇയാള്‍ കതകടയ്ക്കും. മറ്റു രണ്ടു യുവതികളെ ഇയാളുടെ കൂട്ടുകാരും ഉപയോഗിക്കും. ഒരു ദിവസം ഇവരുടെ വേതനത്തിന് മാത്രമായി ഇരുപത്തിയ്യായിരം റിയാല്‍ വേണം. പലപ്പോഴും ഈ കാശ് താന്‍ കൈകാര്യം ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും സലിം പറയുന്നു.
പിന്നെ ചില ദിവസങ്ങളില്‍ കൊട്ടാരത്തിനുള്ളിലെ ഏതെങ്കിലും ജീവനക്കാരികളെ താല്‍പ്പര്യം തോന്നിയാല്‍ അവരും ഇയാളുടെ കൊട്ടാരത്തിലെത്തണം. ഇയാള്‍ താമസിക്കുന്ന കൊട്ടാരത്തില്‍ നിന്ന് അര കിലോമീറ്റര്‍ അകലെയുള്ള അതേ കോമ്പൗണ്ടിലെ മറ്റൊരു കൊട്ടാരത്തിലാണ് ഇയാളുടെ ഭാര്യയും മകനും താമസിക്കുന്നത്. അവിടേക്ക് ചിലപ്പോള്‍ ആഴ്ചയില്‍ ഒരു ദിവസം ഇയാള്‍ പോയെന്നിരിക്കും. അവരും അവരുടെയിഷ്ടംപോലെയാണ് ജീവിക്കുന്നത്. അവര്‍ ഇടയ്ക്കിടയ്ക്ക് പരിവാരങ്ങളുമായി ദുബായിലേക്കു പോകും. ഇയാളുടെ രീതികളെക്കുറിച്ചൊക്കെ അവര്‍ക്കുമറിയാം. ഇവരും ദുബായില്‍ പോകുന്നതെന്തിനാണെന്ന് അയാള്‍ക്കും അറിയാമായിരിക്കുമെന്നും സലിം പറയുന്നു. അവര്‍ കൊട്ടാര വളപ്പില്‍ ചിലപ്പോള്‍ ബിക്കിനിയിലൊക്കെയായിരിക്കും നടക്കുക. പക്ഷേ ആരും നോക്കാന്‍ പാടില്ല. നോക്കിക്കഴിഞ്ഞാല്‍ അവന്റെ കാര്യം പോക്കാ. അടുത്ത നിമിഷം തന്നെ ടിക്കറ്റുമായി എയര്‍പോര്‍ട്ടിലെത്തിച്ചിരിക്കും.
ജോലിയില്‍ നിന്നു പറഞ്ഞു വിടുന്നതിന് നിസ്സാര കാര്യം മതി. ചിലപ്പോള്‍ ജോലിക്കാര്‍ നാലഞ്ചുപേര്‍ ഒന്നിച്ചു നിന്നു സംസാരിക്കുന്നതു കാണാം. അപ്പോള്‍ ഊഹിച്ചോണം കൂടെയുള്ളവരിലാരെയോ പറഞ്ഞുവിട്ടുവെന്ന്. അത് കണ്ടിട്ട് ആരെയാണ് പറഞ്ഞു വിട്ടതെന്നോ എന്തിനാണ് പറഞ്ഞു വിട്ടതെന്നോ ഒന്നും അന്വേഷിക്കാന്‍ പാടില്ല. നമ്മള്‍ മലയാളികളുടെ രക്തം ചിലപ്പോള്‍ വല്ലാതെ തിളച്ചു പോകും. പക്ഷേ അതൊക്കെ ഒതുക്കി നടന്നുകൊള്ളണം. എന്തു പറഞ്ഞാലും ഉന്മേഷത്തോടെ ചെയ്‌തോണം. അങ്ങനെയാണെങ്കില്‍ സൗകര്യമാ. അവര്‍ക്ക് അല്‍പ്പം സന്തോഷം തോന്നിയാല്‍ ഉടന്‍ സമ്മാനമായി നമുക്ക് കാശു കിട്ടും. അത് അവിടുത്തെ നൂറ്റിത്തൊണ്ണൂറു പേര്‍ക്കും കിട്ടും. താന്‍ നാട്ടിലേക്ക് പോരുന്നതിനു മുന്‍പ് രാജകുമാരി ആശുപത്രിയിലായി. മിലിട്ടറിയുടെ ആശുപത്രിയിലാണ് ചികിത്സ. ആശുപത്രിയുടെ ഒരു നില മുഴുവന്‍ അവര്‍ക്കായി ഒഴിപ്പിക്കും. അന്ന് എന്തോ ചെറിയ അസുഖമായിരുന്നു. അവര്‍ ആശുപത്രിയിലായതിന്റെ പേരില്‍ അന്ന് എല്ലാവര്‍ക്കും അഞ്ഞുറ് റിയാല്‍ കൊടുത്തു. അവരുടെ സുഖപ്രാപ്തിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍. അതുപോലെ കൂടെ യാത്ര ചെയ്തുകഴിഞ്ഞാലും നല്ല കോളാ. ഒരാള്‍ ദുബായില്‍ പോവുകയാണെങ്കിലും മിക്കവാറും മുപ്പത് പേരെങ്കിലും സംഘത്തിലുണ്ടാകും.
ഈ മകനാണെങ്കില്‍ ഒരു ജോലിയും ഇല്ല. ഇല്ലാത്തതല്ല. എടുക്കാത്തതാ. ഒരു കൈ നിറയെ ഗുളികളാണ് കഴിക്കുന്നത്. പഠിച്ചതൊക്കെ അമേരിക്കയിലാ. എല്ലാ വര്‍ഷവും ഇവര്‍ മൂന്നു മാസം സൗദിക്കു പുറത്തായിരിക്കും. മിക്കവാറും അമേരിക്കയിലേക്കാവും പോവുക. ആ സമയത്ത് നമുക്ക് നാട്ടിലക്ക് വരാമെന്നു വിചാരിച്ചാല്‍ നടക്കില്ല. കാരണം ഇവര്‍ ഏതു നിമിഷവും യാത്ര അവസാനിപ്പിച്ച് തിരികെ വരാം. ഇവരുടെ കൂടെ പോകുന്നത് വന്‍ സംഘവുമായിരിക്കും. അവര്‍ക്കൊക്കെ നല്ല കോളാണ്. മിലിട്ടറി എയര്‍ബേസില്‍ നിന്നാണ് ഇവര്‍ വിമാനം കയറുന്നത്. അവിടെയാണ് വന്നിറങ്ങുന്നതും. ഈ വരവിലാണ് ഇവര്‍ ഒരു വര്‍ഷത്തേക്കാവശ്യമുള്ള മദ്യം മുഴുവന്‍ കൊണ്ടു വരുന്നത്.
രാജകുമാരിയുട മകന്‍ ഇങ്ങനെയൊക്കയാണെങ്കിലും വളരെ സോഷ്യലാണ്. ചിലപ്പോള്‍ നമ്മുടെ മുറികളിലൊക്കെ വരും. നമ്മള്‍ ഭക്ഷണം കഴിക്കുകയാണെങ്കില്‍ അതില്‍ നിന്നെടുത്തു കഴിച്ചെന്നിരിക്കും. ക്രൂരതകളൊക്കെ കുറവാണ്. അയാള്‍ക്ക് അടിച്ചുപൊളിക്കണം. അത്രയേ ഉള്ളൂ. പിന്നെ ലോകത്തുള്ള എല്ലാ ചാനലുകളും അവിടെ ലഭ്യമാ. സെക്‌സ് മാത്രമുള്ള ചാനലുമുണ്ട്. അത് ഞങ്ങളുടെ താമസസ്ഥലത്തേക്കും ലഭ്യമാക്കാന്‍ രാജകുമാരന്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്. ' ഇതൊക്കെ കാണുമ്പോള്‍ നാം അറിയാതെ ഓര്‍ത്തുപോകും, ഇവരല്ലേ തിരുഗേഹങ്ങളുടെ കാവല്‍ക്കാര്‍' സലിം ആത്മഗതം പോലെ പറഞ്ഞു. രാജകുടുംബാംഗങ്ങളുടെ ഈ ജീവിതരീതിയെപ്പറ്റി എല്ലാവര്‍ക്കുമറിയാം. അതറിയാമെന്നുള്ളത് രാജകുടുംബാംഗങ്ങള്‍ക്കുമറിയാം.
(തുടരും)
അറബ് വത്കരണം 1: സൗദി അറേബ്യയും കേരളത്തിലെ അറബ് വത്കരണവും
https://www.lifeglint.com/content/youniquedoyen/18032604/saudi-arabia-a…