Skip to main content

mercy-killing

സുപ്രീം കോടതിയുടെ സമീപകാല വിധികള്‍ വിശേഷിച്ചും ഭരണഘടനാ ബഞ്ചിന്റേതിന് ചില പൊതുസ്വഭാവം പ്രകടമാകുന്നുണ്ട്, സന്നദ്ധ സംഘടനകളുടെയും ആക്ടിവിസ്റ്റുകളുടെയും സമീപനം. ഇതൊക്കെ സംഭവിക്കുന്നത് പൊതുതാല്‍പ്പര്യ ഹര്‍ജികളിലൂടെ മാത്രം ലോകം അറിയുന്ന സന്നദ്ധ സംഘടനകളുടെ പരാതിയിന്മേലുള്ള തീര്‍പ്പുകളിലൂടെയാണ്. ഇത്തരം സന്നദ്ധ സംഘടനകളില്‍ നല്ലൊരു ശതമാനവും വിദേശ സഹായങ്ങള്‍ കൈപ്പറ്റുന്നവയുമാണ്. ചൂഷണാധിഷ്ടിത കമ്പോളത്തിന് അനുസൃതമായ സാഹചര്യം സാംസ്‌കാരികമായും നിയമപരമായും പരുവപ്പെടുത്തിയെടുക്കുക എന്നതാണ് ഈ സന്നദ്ധ സംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന ശക്തികളുടെ താല്‍പ്പര്യം. പ്രത്യക്ഷത്തില്‍ പുരോഗമനമെന്നും, മനുഷ്യ സ്‌നേഹവും പൗരാവകാശവും ഉയര്‍ത്തിപ്പിടിക്കുന്നുവെന്നും തോന്നുന്ന വിഷയങ്ങളുമായാണ് ഇത്തരം സന്നദ്ധ സംഘടനകള്‍ ഹര്‍ജികളുമായി എത്തുന്നത്. ഇതിലൂടെയാണ് അതിവിദഗ്ധമായി ഒരു പ്രദേശത്തിന്റെ സംസ്‌കാരത്തെ തകര്‍ക്കുക. പക്ഷേ ഇത് നാം തിരിച്ചറിയുന്നത് തകര്‍ച്ച പൂര്‍ണമായതിന് ശേഷമായിരിക്കും.
         

 

ഇതിനുള്ള ഒടുവിലത്തെ ഉദാഹരണമാണ് വെള്ളിയാഴ്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായുള്ള ഭരണഘടനാ ബെഞ്ച് ഇന്ത്യയില്‍ ദയാവധം അനുവദിച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവ്. കോമണ്‍ കോസ് എന്ന സന്നദ്ധ സംഘടന ദയാവധം ആവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഈ വിധി വന്നിട്ടുള്ളത്. ഇത് ഇന്ത്യയെപ്പോലൊരു രാജ്യത്ത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകും. പ്രകൃതി നിര്‍വഹിക്കേണ്ട ചുമതലയായതു കാരണമാണ് ദയാവധം എന്ന പാശ്ചാത്യ രീതി ഇതുവരെ ഇന്ത്യയില്‍ അനുവദിക്കപ്പെടാതിരുന്നത്. ഇത് ഈ രാജ്യത്തിന്റെ സംസ്‌കൃതിയുടെ വേരില്‍ ആരുമറിയാതെ വെട്ടിയ വെട്ടാണ്. പ്രകൃതിയും അതിന്റെ സ്വഭാവവും തമ്മില്‍ പ്രത്യക്ഷത്തിലല്ലാതെ എന്നാല്‍ അതിശക്തമായി ശ്രുതി ചേര്‍ന്നു നില്‍ക്കുന്നതാണ് ഇന്ത്യന്‍ ഭരണഘടന. ആ ഭരണഘടനയുടെ ആത്മാവറിയുമ്പോഴാണ് ഇന്ത്യയില്‍ വധശിക്ഷ അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത ശക്തമാകുന്നത്.
        

 

സന്നദ്ധ സംഘടനകളുടെയും ഐക്യരാഷ്ട്രസഭയുടെയും, അതുപോലുള്ള അന്താരാഷ്ട്ര വേദികള്‍ മുന്നോട്ടുവയ്ക്കുന്ന നയങ്ങളും സമീപനങ്ങളും സ്വീകരിച്ചതിലൂടെയാണ് ഇന്ത്യന്‍ ഭരണഘടന പുസ്തകമായി മാത്രം ചുരുങ്ങിപ്പോകുന്നത്. നിയമവാഴ്ച(Rule of law) നടപ്പില്‍ വരാത്ത സാഹചര്യം ഉണ്ടാക്കുക എന്നതാണ് ഇതിന്റെ പിന്നിലെ ലക്ഷ്യം. ഉദാത്തമായ ഭരണഘടനയും കുപ്രസിദ്ധിയാര്‍ജ്ജിച്ച നിയമവാഴ്ചയുമാണ് ഇന്ന് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. നിയമവാഴ്ച നടപ്പിലാവില്ലെങ്കില്‍ ഭരണഘടന നിര്‍ജ്ജീവമാണ്.

        

 

മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളിലും മാനദണ്ഡമനുസരിച്ച് ഭരണഘടനാ ബെഞ്ചിന്റെ വിധിപ്രകാരം ദയാവധം നടത്താം. സമ്പന്ന വിഭാഗത്തിന് തങ്ങളുടെ ജീവന്‍ നീട്ടിക്കിട്ടുന്നതിനുള്ള അവസരമാണ് ഈ വിധിയിലൂടെ തുറക്കപ്പെടുന്നത്. സന്നദ്ധ സംഘടനകളുടെ ഫലമായും ലോകാരോഗ്യ സംഘടനയുടെ ഫലമായും ഇപ്പോള്‍ അവയവദാനം സര്‍വ്വസാധാരണമായിട്ടുണ്ട്. അവയവദാനത്തിനും പാലിക്കപ്പെടാന്‍ കര്‍ശന മാനദണ്ഡങ്ങളുണ്ട്. എന്നാല്‍ നാമമാത്രമായിപ്പോലും അവയിന്ന് പാലിക്കപ്പെടുന്നില്ല. ആ ശ്രേണിയിലേക്കുള്ള കുതിച്ചു ചാട്ടമായിരിക്കും ദയാവധാനുമതിയിലൂടെ സംഭവിക്കാന്‍ പോവുക. ഏതെല്ലാം മാനങ്ങള്‍ ആ തട്ടിപ്പ് മേഖല ആര്‍ജിക്കുമെന്ന് കണ്ടറിയാം. സുപ്രീം കോടതി ചീഫ് ജസ്റ്റിസ്സിന്റെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെട്ടു നില്‍ക്കുന്ന വര്‍ത്തമാനകാലസാഹചര്യത്തില്‍ ഈ വിധി ഒട്ടേറെ ചോദ്യങ്ങളുയര്‍ത്തുന്നുണ്ട്. നിശബ്ദമായിട്ടാണെങ്കിലും.

 

 

 

Tags