Skip to main content

 s-durga

വിവാദങ്ങള്‍ക്കൊടുവില്‍ സനല്‍കുമാര്‍ ശശിധരന്റെ എസ് ദുര്‍ഗ റിലീസിനൊരുങ്ങുന്നു. കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് ഉപാധികളോടെ ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കി. ടൈറ്റില്‍ കാര്‍ഡില്‍ എസ് ദുര്‍ഗ എന്നതിനൊപ്പം മറ്റ് ചിഹ്നങ്ങളൊന്നും പാടില്ലെന്നാണ് പ്രധാന നിര്‍ദേശം.

 

നേരത്തെ സെക്‌സി ദുര്‍ഗ എന്ന് പേരിട്ട ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ കടുംപിടുത്തം കാരണം ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റെ പേര് മാറ്റമെന്ന ആവശ്യം ഉണ്ടായപ്പോള്‍ സെക്‌സി എന്നവാക്കിലെ S എന്ന അക്ഷരം മാത്രം നിലനിര്‍ത്തി ബാക്കി മൂന്ന് അക്ഷരങ്ങള്‍ക്ക് മുകളില്‍ വെട്ടിനെ സൂചിപ്പിക്കുന്ന ചിഹ്നം ചേര്‍ത്തതിനെ തുടര്‍ന്നായിരുന്നു സെന്‍സര്‍ബോര്‍ഡ് നടപടി.

 

ചിത്രം പരമാവധി തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ ശ്രമിക്കുമെന്നും ഇത് നടന്നില്ലെങ്കില്‍ സമാന്തരമായ ഒരു വിതരണ സംവിധാനത്തിനുവേണ്ടി ശ്രമിക്കുന്നുണ്ടെന്നും സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. സിനിമാപ്രേമികളോട് ചിത്രം പ്രദര്‍ശിപ്പിക്കുവാന്‍ ആവശ്യമായ പിന്തുണയും സഹായവും സനല്‍കുമാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.