Skip to main content

adaar-love-locus-priya-p-varrier

പേടി എന്നത് അജ്ഞതയുടെ സന്താനമാണ്. പേടിയാണ് സകലവിധ വൃത്തികേടുകള്‍ക്കും, കൊള്ളരുതായ്മകള്‍ക്കും അക്രമത്തിനും കാരണമാകുന്നത്. അത് മതത്തിന്റെ പേരിലായാലും, പാര്‍ട്ടിയുടെ പേരിലായാലും. വെറും പേടിച്ചു തൂറികളാണ് വികാരം വ്രണപ്പെട്ടേ എന്ന് നിലവിളിച്ചു കൊണ്ട് മോങ്ങുന്നതും, വ്രണപ്പെടുത്തിയെന്ന് കരുതപ്പെടുന്നവര്‍ക്ക് നേരെ ആയുധം എടുക്കുന്നതും. മറ്റൊരാളുടെ നിലനില്‍പ്പ് തനിക്ക് ഭീഷണിയാണെന്ന ശങ്കത്വത്തില്‍ നിന്നാണ് വാക്കു കൊണ്ടാണെങ്കിലും ആയുധം കൊണ്ടാണെങ്കിലും മറ്റൊരാളെ ആക്രമിക്കുന്നത്.

 

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന 'ഒരു അഡാറ് ലവ്' എന്ന സിനിമയിലെ നായിക പ്രിയ പ്രകാശ് വാര്യരുടെ കണ്ണില്‍ നിന്നും ചുണ്ടില്‍ നിന്നും പുറപ്പെട്ടതും ആയുധം തന്നെയാണ്. പക്ഷേ അത് കരിമ്പിന്‍ വില്ലില്‍ നിന്ന് തൊടുക്കപ്പെട്ട പൂവിന്റെ അസ്ത്രങ്ങളായിരുന്നു. അതുകൊണ്ടാണ് ഒരു രാത്രികൊണ്ട് ലക്ഷങ്ങളും കോടികളും പ്രിയയുടെ ആരാധകരായി എത്തിയത്. ആ ചേഷ്ടകളെ സിനിമ എന്ന കലയിലൂടെ വിന്യസിച്ചപ്പോള്‍ ആണ് ആ മാന്ത്രികത സംഭവിച്ചത്. അതാണ് കലയുടെ ശക്തി. ഈ ശക്തി എവിടെ കണ്ടുകഴിഞ്ഞാലും ശങ്കത്വം വിറച്ച് തുടങ്ങും, ആ വിറയലാണ് മത തീവ്രവാദത്തിന്റെ ആധാര കാരണം.

 

ഒരു കണ്ണിറുക്ക് കൊണ്ട് മുറിവേല്‍ക്കപ്പെടുന്നതാണ് മതമെങ്കില്‍, ആ മതത്തിന്റെ ശക്തി എന്താണ്. ശക്തിയുള്ളതിനേ സംരക്ഷണം നല്‍കാന്‍ കഴിയുകയുള്ളൂ. മതങ്ങള്‍ക്ക് ജീര്‍ണതകള്‍ ഉണ്ടെങ്കിലും അവ ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ അവശേഷിക്കുന്നതിനാലാണ് ലോകത്തെ ഭൂരിഭാഗം ജനങ്ങളും, ഒന്നല്ലെങ്കില്‍ മറ്റൊരു മതത്തില്‍ ആശ്രയം കണ്ടെത്തുന്നത്. എല്ലാ മതങ്ങളിലും ശക്തി നിക്ഷിപ്തവുമാണ്, അത് കാണുന്നില്ലെന്ന് മാത്രം. എല്ലാ മതങ്ങളിലെയും ശങ്കത്വം ബാധിച്ചവര്‍ തന്നെയാണ് മതത്തിന്റെ പേരില്‍ തീവ്രവാദത്തിനിറങ്ങുന്നത്. ന്യൂനപക്ഷത്തിന്റെ  പേരിലായാലും ഭൂരിപക്ഷത്തിന്റെ പേരിലായാലും തീവ്രവാദം ശങ്കത്വപ്രകടനം തന്നെയാണ് .

ഒരു കലാസൃഷ്ടി ഒരു മതത്തെ മുറിവേല്‍പ്പിക്കുന്നു എങ്കില്‍ ആ കലാസൃഷ്ടിയുടെ മുന്‍പില്‍ ആ മതം ഏത്ര ചെറുതായി പോകുന്നു എന്ന് ഈ വികാരം ഉയര്‍ത്തിപ്പിടിക്കുന്ന വികാര ജീവികള്‍ ഓര്‍ക്കേണ്ടതാണ്. ഇത് അതാത് മതത്തെ ഇകഴ്ത്തി കാട്ടുന്നതിന് മാത്രമേ സഹായകമാവുകയുള്ളൂ.