Skip to main content
ന്യൂഡല്‍ഹി

സി.ബി.ഐക്കു സ്വയം ഭരണാവകാശം നല്‍കുന്നത് സംബദ്ധിച്ച നിര്‍ദേശങ്ങളടങ്ങിയ സത്യവാങ്മൂലം കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. സി.ബി.ഐ ഡയറക്ടറെ തിരഞ്ഞെടുക്കാന്‍ പ്രധാനമന്ത്രി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവരുള്‍പ്പെട്ട കൊളീജിയത്തിനായിരിക്കും അധികാരം. മാത്രമല്ല സി.ബി.ഐ ഡയറക്ടറെ നീക്കാനുള്ള അധികാരം രാഷ്ട്രപതിക്ക് മാത്രമായിരിക്കും. മന്ത്രിതല സമിതിയുടെ ശുപർശകളാണ് 41 പേജുകളുള്ള റിപ്പോർട്ടിലുള്ളതെന്ന് കേന്ദ്രം കോടതിയിൽ വ്യക്തമാക്കി.

 

അഴിമതി, ക്രിമിനല്‍ കേസുകള്‍ അന്വേഷിച്ച പരിചയമുള്ള ഐ.പി.എസ് ഉദ്യോഗസ്ഥരെയായിരിക്കും സി.ബി.ഐ ഡയറക്ടറായി നിയമിക്കുക. രണ്ടു വര്‍ഷത്തേയ്ക്കായിരിക്കും നിയമനം. മാത്രമല്ല സി.ബി.ഐയുടെ കേസ് അന്വേഷണത്തില്‍ യാതൊരു തരത്തിലുള്ള രാഷ്ട്രീയ കൈകടത്തലും കേന്ദ്ര സര്‍ക്കാര്‍ നടത്തില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

 

കല്‍ക്കരിപ്പാടം ഇടപാടു കേസിലെ കുറ്റപത്രം ഏപ്രിലില്‍ കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പ് കേന്ദ്ര നിയമമന്ത്രി അശ്വിനികുമാറിനെ കാണിച്ചതിന് സി.ബി.ഐയെ സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ്‌ സി.ബി.ഐക്കു കൂടുതല്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കുന്നത് സംബദ്ധിച്ച് കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

Tags