Skip to main content

 kochi-accident-jayasurya

സംഭവങ്ങളെ കാണാന്‍ കഴിയും. അതുകാണ്ട് അതിന് വ്യക്തത ഉണ്ടാകും. ആ വ്യക്തത ശീലമായി കഴിഞ്ഞാല്‍ എല്ലാത്തിനെയും അതേപോലെ കാണാമെന്ന് തോന്നുന്ന അവസ്ഥയുണ്ടാകും. അതുപോലെ കാണാത്തതിനെ അവ്യക്തമായി ചിത്രീകരിക്കുന്ന സ്വഭാവവും സ്വാഭാവികമായി മനുഷ്യനിലുണ്ടാകും. എന്നാല്‍ അവ്യക്തമായി മനുഷ്യനില്‍ അവശേഷിക്കുന്ന ഘടകങ്ങളാണ് വ്യക്തമായ സംഭവങ്ങളെ സൃഷ്ടിക്കുന്നത്. അത് ചെറിയ പ്രവൃത്തിയാണെങ്കിലും വലിയ പ്രവൃത്തിയാണങ്കിലും. മൂന്നാം നിലയില്‍ നിന്ന് വീണ് ചോര വാര്‍ന്ന് കിടന്ന വ്യക്തിയെ ആരും സഹായിക്കാന്‍ മുന്നോട്ട് വരാതിരുന്നത്, അവ്യക്തവും എന്നാല്‍ മലയാളിയില്‍ ശക്തവുമായി സ്വാധീനം ചെലുത്തിയിരിക്കുന്ന ഒരു സ്വഭാവ ഘടകമാണ്, അതാണ് പേടി. എല്ലാ വൃത്തികേടുകളുടെയും വൈകൃതങ്ങളുടെയും ആധാരമായി പ്രവൃത്തിക്കുന്നത് പേടിയാണ്. ജനായത്തം തത്വത്തില്‍ ധൈര്യത്തിന്റേതാണ്. എന്നാല്‍ നമ്മുടെ ജനായത്തം പേടിയിലാണ് ഉരുണ്ടുകൊണ്ടിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍  വലിയ അലമുറയാണ് മൂന്നാം നിലയില്‍ നിന്ന് വീണ വ്യക്തിയെ സഹായിക്കാത്തതിന്റെ പേരില്‍. ഈ അലമുറയെല്ലാം തന്നെ പേടിയുടെ പ്രതിഫലനമാണ്, സംശയം വേണ്ട. സമൂഹമാധ്യമങ്ങളില്‍ ഇടപെടുന്ന എല്ലാവരും തന്നെ വിരല്‍ ചൂണ്ടുന്നത് മറ്റൊരാള്‍ ചെയ്യാത്തതിനെ കുറിച്ചാണ്. സ്വയം ചെയ്യേണ്ട ഉത്തരവാദിത്വം ഓര്‍ക്കാന്‍ കഴിയാത്തതിന്റെ കാരണവും പേടിയാണ്. ഈ പേടി പല തലങ്ങളിലാണ് പ്രവൃത്തിക്കുന്നത്.

 

നടന്‍ ജയസൂര്യ പറഞ്ഞിരിക്കുന്നത് സ്വന്തം ആളുകള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ നമ്മള്‍ നോക്കി നില്‍ക്കാറില്ല, ആ സമീപനം മറ്റുള്ളവരുടെ കാര്യത്തിലും ആവശ്യമാണ് എന്നാണ്, പ്രത്യേകിച്ച് യുവാക്കള്‍. എന്നാല്‍ പ്രകൃതിക്ക് നാശമുണ്ടാകുന്ന വിധം കായല്‍ കൈയേറ്റം നടത്തിയെന്ന കേസിലുള്‍പ്പെട്ട വ്യക്തിയാണ് ജയസൂര്യ. അത് ധാര്‍മികമായി പ്രകൃതിയോടുള്ള വെല്ലുവിളിയും നാട്ടിലെ നിയമവ്യവസ്ഥയെ നിഷേധിക്കലുമാണ്. ഇത് ചെയ്തതിന്റെ അടിസ്ഥാനവും പേടി തന്നെ. തനിക്ക് അത്രകൂടി സ്ഥലം ലഭ്യമല്ല എങ്കില്‍ സുഖം നഷ്ടപ്പെടുമെന്നുള്ള പേടി. ആ പേടിയില്‍ നിന്ന് മോചിതമാകാനുള്ള ആക്രമണമാണ് ആ കൈയേറ്റത്തില്‍ നിഴലിക്കുന്നത്. അത് പേടികൊണ്ടാണെന്ന് അറിയുന്നില്ലെന്ന് മാത്രം.

 

ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന താരോപദേശ പംക്തി എല്ലാ ദിവസവും പ്രമുഖ ചാനലില്‍ വാര്‍ത്തക്ക് മുമ്പ് മോഹന്‍ലാല്‍ അവതരിപ്പിക്കാറുണ്ട്. ജനുവരി മൂന്നാം വാരത്തിലെ പംക്തിയില്‍, സ്‌കൂള്‍ കുട്ടികളോട് വഴിയില്‍ നിന്ന് ലിഫ്റ്റ് ചോദിച്ച്  പരിചയമില്ലാത്തവരുടെ വാഹനത്തില്‍ കയറരുതെന്നായിരുന്നു ഉപദേശം. അതിന് അകമ്പടിയായി കാട്ടിയ ദൃശ്യങ്ങള്‍, അങ്ങനെ കയറിയ ഒരു കുട്ടി കാറിലുണ്ടായിരുന്നവരിലൂടെ മയക്കുമരുന്നിന് അടിമയാകുന്നതാണ്. റോഡരികിലെ സ്ഥിരം കാഴ്ചയാണ് കുട്ടികള്‍ വാഹനങ്ങള്‍ക്ക് കൈകാണിക്കുന്നതും, അവരെ കയറ്റിക്കൊണ്ട് വാഹന ഉടമകള്‍ പോകുന്നതും. ഇതൊരു പാരസ്പര്യത്തിന്റെയും പരസപര വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയുമൊക്കെ നിരത്തിലെ ഉദാരണമാണ്. അങ്ങനെയുള്ള കുട്ടികളില്‍ സംശയവും പേടിയും നിക്ഷേപിക്കാന്‍ പര്യാപ്തമാണ് മോഹന്‍ലാലിലൂടെ പ്രചരിച്ച ആ നിര്‍ദേശം. ഇത് രക്ഷിതാക്കള്‍ കുട്ടികളോട് ആവര്‍ത്തിക്കാനാണിട. പരസ്പര വിശ്വാസവും, സ്‌നേഹവും ശുഭാപ്തി വിശ്വാസവും എല്ലാം വിതക്കപ്പെടാന്‍ പര്യാപ്തമായി ഇളകി കിടക്കുന്ന വിളനിലമാണ് കൗമാരം. ആ നിലത്തിലേക്കാണ് സംശയത്തിന്റെയും പേടിയുടെയും വിത്തുകള്‍ വിതയ്ക്കപ്പെടുന്നത്. അത് വിതയ്ക്കുന്നത് മോഹന്‍ലാല്‍ ആകുമ്പോള്‍, കിളിര്‍ക്കലിന്റെയും തഴക്കലിന്റെയും ശക്തികൂടും. രക്ഷിതാക്കളിലും പൊതു സമൂഹത്തിലും ഒക്കെ അത് വ്യാപിക്കും. അത് അപരനെ പേടിയോടെ വീക്ഷിച്ച്, അതിലൂടെ സ്വയംരക്ഷ ഉറപ്പിക്കാനുള്ള മാനസിക ഘടന രൂഢമൂലമായി, വ്യക്തിയെ തന്നിലേക്ക് മാത്രം ചുരുക്കുന്ന പ്രതിഭാസം സംഭവിക്കും.

 

തറയില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന ഒരു വ്യക്തിയെ സഹായിക്കാന്‍ പോയാല്‍ അത് നിയമപരമായ നൂലാമാലകളിലേക്ക് നയിക്കപ്പെടുമോ എന്ന പേടി തന്നെയാണ് പലരെയും ആ വ്യക്തിയെ സഹായിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചത്. അത്തരം നൂലാമാലകളില്‍ പെടില്ല എന്ന ഉറപ്പ് കൊണ്ടാകാം ഒടുവില്‍ അഭിഭാഷകയായ സ്ത്രീ മുന്നോട്ട് വന്ന് ആ വ്യക്തിയെ ആശുപത്രിയിലാക്കാന്‍ നേതൃത്വംകൊടുത്തത്. സമൂഹമാധ്യമങ്ങളിലൂടെ ആരവം ഉയര്‍ത്തുന്നവരിലും ജയസൂര്യയിലും ഉണ്ടായ അനുകമ്പ, സംഭവം നേരില്‍ കണ്ടുനിന്ന എല്ലാവരിലും ഉണ്ടായിട്ടുണ്ടാകും, അതിനെ പേടി മറയ്ക്കുകയാണ് ഉണ്ടായത്. പേടിയാണ് ജനായത്തിന്റെ ഏറ്റവും വലിയ ശത്രു.  ആ ശത്രുവിന്റെ മര്‍ദനമേറ്റ് ചലനശേഷി നഷ്ടപ്പെട്ട അവസ്ഥയിലാണ് നമ്മുടെ ജനായത്തം ഇപ്പോള്‍. ആശുപത്രിയില്‍ കഴിയുന്ന ആ വ്യക്തി അപകടനില തരണംചെയ്ത് ആരോഗ്യം പ്രാപിക്കട്ടെ എന്ന് നമുക്ക് പ്രതീക്ഷിക്കാം. നമ്മുടെ ജനായത്തത്തിന്റെയും ജീവന്‍ നഷ്ടപ്പെട്ടിട്ടില്ല, അതും ആരോഗ്യത്തിലേക്ക് തിരിച്ച് വരട്ടെ എന്ന് പതീക്ഷിക്കാം. ആ പ്രതീക്ഷ ഒരടിയെങ്കിലും മുന്നോട്ട് നീങ്ങുന്നുണ്ടെങ്കില്‍ പേടി എന്ന ഘടകം പിന്നിലേക്ക് മാറണം. സമൂഹമാധ്യമങ്ങളിലെ ഈ ആരവം അതിലേക്കാണ് വിരല്‍ ചൂണ്ടേണ്ടത്. അല്ലെങ്കില്‍ ഒറ്റപ്പെട്ട സംഭവങ്ങളില്‍ മഹാ കൂട്ടായ്മ സൃഷ്ടിച്ച്, പേടിയുടെ ധൈര്യപ്രകടനത്തിനുള്ള വേദി മാത്രമായി സമൂഹമാധ്യമങ്ങള്‍ ചരുങ്ങും.