സി.ബി.ഐ പ്രത്യേക ജഡ്ജി ബി.എച്ച് ലോയയുടെ മരണവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും സുപ്രീംകോടതിയിലേക്ക് മാറ്റാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.മറ്റൊരു കോടതിയും ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട ഹര്‍ജി സ്വീകരിക്കരുതെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. ലോയയുടെ മരണം ഗൗരവമുള്ള വിഷയമാണെന്നും അതിനിടയാക്കിയ സാഹചര്യം പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി.
സൊറാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ചിരുന്ന ജഡ്ജി ബിഎച്ച് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസ് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പരിഗണിക്കവെയാണ് പുതിയ തീരുമാനം ഉണ്ടായത്. ചീഫ് ജസ്റ്റിസിനു പുറമെ ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, എ.എം.ഖന്‍വില്‍ക്കര്‍ എന്നിവരാണ് ബെഞ്ചിലുണ്ടായിരുന്നത്. ഇതെ തുടര്‍ന്ന് മുംബൈ ഹൈക്കോടതിയിലുള്ള രണ്ടു ഹര്‍ജികളും സുപ്രീം കോടതിയിലേക്കു മാറ്റി. കേസ് അടുത്ത മാസം രണ്ടിന് പരിഗണിക്കും.
ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ പ്രതിയായിരുന്ന സൊറാബുദ്ദീന്‍ ഷെയ്ഖ് ഏറ്റുമുട്ടല്‍ കേസിന്റെ വാദം കേള്‍ക്കുന്നതിനിടയിലാണു 2014 ഡിസംബര്‍ ഒന്നിന് ജസ്റ്റിസ് ബി.എച്ച്. ലോയ മരണപ്പെട്ടത്.