മുത്തച്ഛന്റെ കൂടെ ഒറ്റയ്ക്ക് ചെറുമകളെ നിര്‍ത്താന്‍ ധൈര്യമില്ലാത്ത മകന്റെ ഭാര്യ. രണ്ടു വയസ്സുള്ള കുഞ്ഞുങ്ങളെ ആരെങ്കിലും താലോലിക്കുന്നതു കണ്ടാല്‍ പീഡന ശ്രമമാണോ എന്ന് കണ്ടു നില്‍ക്കുന്നവരില്‍ സംശയം ജനിപ്പിക്കുന്ന കാലാവസ്ഥ. രണ്ടു പെണ്‍കുട്ടികള്‍ ഒന്നിച്ചു നടന്നലോ അവരുടെ സൗഹൃദം ദൃഢമോ ആണെങ്കില്‍ അവര്‍ സ്വവര്‍ഗ്ഗ രതിക്കാരാണെന്ന ധാരണ പരക്കുന്ന സാഹചര്യം.പതിന്നാലു വയസ്സുള്ള സ്വന്തം ആങ്ങളയില്‍ നിന്ന് ഗര്‍ഭിണിയായ പന്ത്രണ്ടു വയസ്സുകാരി.അതേ പോലെ പതിനാലുകാരനില്‍ നിന്ന് ഗര്‍ഭിണിയായ അയല്‍പക്ക ഫഌറ്റിലെ പെണ്‍കുട്ടി. നടിയെ ക്രൂരമായി പീഡിപ്പിച്ച കേസ്സില്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലില്‍ കഴിയുന്ന ' ജനപ്രിയ നായകന്‍ ദിലീപ്' . ഏറ്റവുമൊടുവില്‍ ചാലക്കുടിയിലെ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവ് കൊല ചെയ്യപ്പെട്ട കേസ്സില്‍ പങ്കാളിത്തമുണ്ടെന്ന് പോലീസ് സംശയിക്കുന്ന അഡ്വ.സി . പി .ഉദയഭാനു.
ഇതെല്ലാം സൂചിപ്പിക്കുന്നത് മലയാളി അകപ്പെട്ടിരിക്കുന്ന വിഷമവൃത്തത്തിന്റെ ഒരു പരിഛേദമാണ്.ഇതിന്റെ ഫലമായി മലയാളി നേരിടുന്ന ഗുരുതരമായ പ്രതിസന്ധി വിശ്വാസ നഷ്ടമാണ്. അതേ സമയം എപ്പോഴും പരസ്യവാചകത്തിലൂടെ മലയാളി കേള്‍ക്കുകയും ചെയ്യുന്നു' വിശ്വാസമല്ലേ എല്ലാം'. സംഗതി ശരിയാണ്. വിശ്വാസം തന്നെയാണ് എല്ലാം. അങ്ങനെയെങ്കില്‍ മലയാളിക്ക് എല്ലാം നഷ്ടമായിരിക്കുന്നുവെന്ന് സമീപകാല സംഭവങ്ങള്‍ വിളിച്ചറിയിക്കുന്നു. ഏറെക്കാലമായി ചാനലുകളിലൂടെ പ്രത്യക്ഷപ്പെടുന്ന വിശ്വാസ്യതയുളള മുഖവും വാക്കുമായിരുന്നു അഡ്വ. സി.പി.ഉദയഭാനുവിന്റേത്. ഉദയഭാനുവിന്റെ സ്വരത്തിന് മിതത്വത്തിന്റെ സ്വീകാര്യതയുണ്ടായിരുന്നു. ഏത്ര തീവ്രമായ യുദ്ധസമാനമായ പോരാട്ട ചര്‍ച്ചയിലും സമചിത്തത വിടാതെ വൈകാരികതയ്ക്ക് അടിപ്പെടാതെ കാര്യമാത്രപ്രസക്തമായി വിഷയത്തിന്റെ നൈതിക-നിയമവശങ്ങള്‍ അവതരിപ്പിക്കുന്ന വ്യക്തി എന്ന നിലയിലായിരുന്നു സി പി ഉദയഭാനു ആര്‍ജ്ജിച്ചെടുത്ത പ്രതിഛായ.
ഈ പ്രതിഛായ ലഭ്യമാക്കിയ സ്വീകാര്യതയാണ് ജനകീയമായി ശ്രദ്ധിക്കപ്പെട്ട ഒട്ടേറെ കേസ്സുകളില്‍ ഉദയഭാനു പബ്ലിക് പ്രോസിക്യൂട്ടറായത്. നെഹ്രു കോളേജിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു മരിച്ച കേസ്സിലും പബ്ലിക് പ്രോസിക്യൂട്ടറായി ഉദയഭാനു വേണമെന്ന ബന്ധുക്കളുടെ ആവശ്യം ഉയരാന്‍ കാരണവും ഉദയഭാനുവിന്റെ നിയമപാണ്ഡിത്യത്തോടൊപ്പം അഭിഭാഷകനെന്ന ശേഷിയുമാണ്. മാത്രമല്ല ഇദ്ദേഹം ഇടതുപക്ഷത്തിന്റെ നിശബ്ദനായ സഹയാത്രികന്‍ എന്ന ഖ്യാതിയും നേടിയെടുത്തിട്ടുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ മൃദുവായ യുക്തികളിലൂടെ മുഖ്യമന്ത്രിയെ ന്യായീകരിക്കുന്നത് പലപ്പോഴും ശ്രദ്ധേയമായിരുന്നു. ജിഷ്ണുവിന്റെ മരണത്തെത്തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളില്‍ സര്‍ക്കാരിന്റെ പ്രതിഛായ വല്ലാതെ മോശമായപ്പോള്‍ സര്‍ക്കാരുമായി മാധ്യസ്ഥം വഹിച്ച് സര്‍ക്കാരിന്റെ മുഖം രക്ഷിച്ചതും ഉദയഭാനുവായിരുന്നു. എന്നിരുന്നാലും അതിനെല്ലാമപ്പുറത്തുള്ള പ്രതിഛായയാണ് ചാനല്‍ ചര്‍ച്ചകളിലൂടെ ഉദയഭാനുവിന് ലഭ്യമായിരുന്നത്. ഉദയഭാനു എന്ന വിഗ്രഹം ഉടഞ്ഞതൊടൊപ്പം മലയാളിയുടെ മനസ്സില്‍ ഉടഞ്ഞത് വിശ്വാസ്യത എന്ന ഘടകത്തിന്റെ ഉടച്ചില്‍ കൂടിയാണ്.
മലയാളിസമൂഹം നേരിടുന്ന മുഖ്യ പ്രതിസന്ധി ആരെ വിശ്വസിക്കാം. രാഷ്ട്രീയ രംഗത്തെ അഴിമതിയെ തുടര്‍ന്ന് രാഷ്ട്രീയക്കാരുടെ വാക്കുകളിലുള്ള വിശ്വാസ്യത നഷ്ടമായിട്ട് നാളേറെയായി. ഏതു വിഷയം ഉണ്ടായാലും ഏതു നേതാവും എന്തായിരിക്കും പ്രതികരണമായി പറയുക എന്നത് പ്രേക്ഷകര്‍ക്കും വായനക്കാര്‍ക്കും പോലും അറിയാവുന്നതാണ്. അഭിഭാഷകര്‍ ഉള്‍പ്പെട്ട ഒട്ടേറെ അനഭിലഷണീയമായ സംഭവങ്ങള്‍ സമീപകാലത്ത് സംഭവിക്കുകയുണ്ടായി. മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മില്‍ നിലനില്‍ക്കുന്ന ഏറ്റുമുട്ടല്‍ ഇനിയും അവസാനിച്ചിട്ടില്ല. അതുപൊലെ മാധ്യമങ്ങളുടെ നിലനില്‍പ്പു തന്നെ വിശ്വാസ്യത എന്ന ഒറ്റ ഘടകത്തിലാണ്. അതും വെല്ലുവിളി നേരിട്ടു തുടങ്ങിയിട്ട് നാളേറെയായി. മംഗളം ചാനല്‍ തുടങ്ങിയ ദിവസം അന്നത്തെ ഗതാഗതവകുപ്പു മന്ത്രി എ.കെ.ശശീന്ദ്രനെതിരെ ലൈംഗിക ചൂഷണ കേസ്സിന്റെ സ്‌കൂപ്പുമായെത്തി അതു പൊളിഞ്ഞത് ആ വിശ്വാസ്യതയുടെ മേല്‍ ഏറ്റ വലിയ ആഘാതങ്ങളിലൊന്നായിരുന്നു.
മാധ്യമങ്ങള്‍ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുന്ന വ്യക്തികളുടെ വിശ്വാസ്യത നഷ്ടമാകുന്നതിലൂടെ മാധ്യമങ്ങളുടെ വിശ്വാസ്യതയും നഷ്ടപ്പെടുന്നുണ്ട്. അവതരിപ്പിക്കപ്പെടുന്ന വ്യക്തികള്‍ യോഗ്യരാണോ അല്ലയോ എന്നു തീരുമാനിക്കുന്നത് മാധ്യമങ്ങളാണ്. ആ തീരുമാനത്തില്‍ മിക്കപ്പോഴും മാധ്യമങ്ങള്‍ക്ക് തെറ്റും അപരാധവും പറ്റുന്നു. ആര്‍.ബാലകൃഷ്ണപിള്ളയ്ക്കും പി.സി ജോര്‍ജ്ജിനുമൊക്കെ കിട്ടുന്ന മാധ്യമപ്രാധാന്യം മാധ്യമങ്ങളുടെ വിവേചനശേഷി നഷ്ടമായിരിക്കുന്നു എന്ന് ഉദ്‌ഘോഷിക്കുന്നതാണ്. അതോടൊപ്പം മനുഷ്യബന്ധങ്ങളുടെ അതിസൂക്ഷ്മഘടകങ്ങളെ ബാധിക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലുള്ള ഉത്തരവാദിത്വം പ്രേക്ഷകരെ കൂട്ടുമെന്ന കാരണത്താല്‍ ചാനലുകള്‍ മറക്കുന്നത് ഒട്ടും അച്ചടക്കമില്ലാത്ത മാധ്യമപരിസ്ഥിതി സൃഷ്ടിക്കപ്പെടുന്നതിന് കാരണമായിട്ടുണ്ട്.
എന്തായാലും ആര്‍ക്ക് ആരെ വിശ്വസിക്കാന്‍ കഴിയും എന്നുള്ള വലിയ ചോദ്യമാണ് ഇപ്പോള്‍ മലയാളിയുടെ മുന്നില്‍ ഉയരുന്നത്. ഇത് വ്യക്തിബന്ധങ്ങളെയും സാമൂഹികമായ ഇടപെടലുകളെയും വളരെ വിനാശകരമായ രീതിയില്‍ ബാധിച്ചു തുടങ്ങിയിരിക്കുന്നു.സംശയരോഗം എന്നത് വലിയ മാനസികരോഗമായി മലയാളിയില്‍ മാറിയിരിക്കുന്നതിന്റെ തെളിവുകള്‍ അനുദിനമെന്നോണം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. കേരളത്തില്‍ നടക്കുന്ന കുറ്റകൃത്യങ്ങളിലേക്കും കുടുംബകോടതിയില്‍ കുന്നുകൂടുന്ന കേസ്സുകളിലേക്കും നോക്കിയാല്‍ അതു മനസ്സിലാകും. വിശ്വാസ നഷ്ടമെന്ന അവസ്ഥയുടെ ഫലമാണ് ഇതെല്ലാം.