മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ രാജ്യവ്യാപക പ്രതിഷേധം ഉയര്‍ന്നപ്പോഴും മൗനം പാലിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തുറന്നടിച്ച് നടന്‍ പ്രകാശ് രാജ്. ബംഗളൂരുവില്‍ ഡിവൈഎഫ്‌ഐയുടെ 11ാമത് സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പ്രസംഗിക്കവേയാണ് മോദിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രകാശ് രാജ് രംഗത്തെത്തിയത്. മോദി മൗനം തുടര്‍ന്നാല്‍ തനിക്ക് കിട്ടിയ ദേശീയ അവാര്‍ഡുകള്‍ തിരിച്ചുനല്‍കുമെന്നും പ്രകാശ് രാജ് പറഞ്ഞു.
ഗൗരിയുടെ കൊലയാളികളെ പിടികൂടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാല്‍ അതിനേക്കാള്‍ അസ്വസ്ഥമാക്കുന്ന കാര്യം അവരുടെ മരണം ചിലര്‍ ആഘോഷിക്കുന്നു എന്നാണ്. ഗൗരിയുടെ കൊലയാളികളെ നമുക്ക് കാണാന്‍ കഴിയുന്നുണ്ടാവില്ല. എന്നാല്‍ എന്നാല്‍ ആരാണ് വിഷം പരത്തുന്നത് എന്ന് നമുക്കറിയാം. പ്രധാനമന്ത്രി ഫോളോ ചെയ്യുന്നവര്‍ അക്കൂട്ടത്തിലുണ്ട്. ഇത്തരം കാര്യങ്ങളോട് കണ്ണടക്കുകയാണ് പ്രധാനമന്ത്രി.
നല്ല ദിനങ്ങള്‍ വരാന്‍ പോകുന്നു എന്നൊന്നും പറഞ്ഞ് എന്റടുത്തേക്ക് വരണ്ട. ഞാന്‍ അത്യാവശ്യം അറിയപ്പെടുന്നൊരു നടനാണ്. നിങ്ങള്‍ അഭിനയിക്കുന്നത് കണ്ടാല്‍ എനിക്ക് മനസിലാവില്ലെന്ന് കരുതിയോ. എന്താണ് സത്യം, എന്താണ് അഭിനയം എന്ന് എനിക്ക് കൃത്യമായി മനസിലാകും. അങ്ങനെയുള്ള എന്നെ നിങ്ങള്‍ ചെറുതായി കാണരുത് പ്രകാശ് രാജ് പറഞ്ഞു. ഉത്തര്‍ പ്രദേശില്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയാണോ ക്ഷേത്രത്തിലെ പൂജാരിയാണോ എന്ന് തിരിച്ചറിയാനാവുന്നില്ലെന്നും പ്രകാശ് രാജ് പറഞ്ഞു.