എന്തൊക്കെ സ്വപ്നങ്ങളായിരുന്നു! അക്രമങ്ങൾ ഇല്ലാത്ത, അനീതികൾ ഇല്ലാത്ത, അഭിവൃദ്ധിയുടെ മാത്രം അലങ്കാരങ്ങൾ അണിയുന്ന ദില്ലി. നടക്കാതെ പോയ സുന്ദര സ്വപ്നങ്ങൾ! ആം ആദ്മി പാർട്ടി എന്ന രാഷ്ട്രീയ സങ്കൽപ്പത്തിൽ വിശ്വസിച്ച പൊതുജനം തികഞ്ഞ ആശങ്കയിൽ കുടുങ്ങി നിൽക്കുകയാണ്. ഇനി എന്തു ചെയ്യണം എന്നറിയാതെ...
രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾ അധികാരം കിട്ടും വരെ മാത്രം ഉപയോഗിക്കാനുള്ള മാന്ത്രിക വടി ആണെന്ന് ഒരിക്കൽ കൂടി തെളിയിക്കാനുള്ള ശ്രമത്തിലാണ് ആം ആദ്മി പാർട്ടി. പഞ്ചാബിലും ഗോവയിലും തോറ്റു തുന്നം പാടിയത് എന്തുകൊണ്ടാണെന്ന് ഇതുവരെ അവർക്കു തിരിച്ചറിയാൻ കഴിഞിട്ടില്ല. വോട്ടിങ് യന്ത്രത്തിലെ തകരാറു മാത്രമാണോ അതിനു കാരണം?
എല്ലാ രാഷ്ട്രീയക്കാരും അധികാരം കിട്ടിയാൽ പിന്നെ ഒരുപോലെ ആണ് എന്ന സങ്കൽപ്പത്തെ സമൂഹ മനസ്സിൽ ഊട്ടി ഉറപ്പിക്കാൻ ആം ആദ്മി പാർട്ടിക്ക് കഴിഞിട്ടുണ്ട്. അനീതിക്കും അക്രമത്തിനും എതിരെ ഘോര ഘോരം പ്രസംഗിച്ചവർ തന്നെ അത് ചെയ്യുന്നത് കാണുമ്പോൾ പൊതുജനം കഴുതകൾ ആണെന്ന സത്യം തിരിച്ചറിയപ്പെടുന്നു!
ആം ആദ്മി പാർട്ടിയുടെ ഭാവി എന്താണ് എന്ന് ഇപ്പോൾ ചോദിച്ചാൽ അതിനൊരു ഉത്തരം പറയാൻ ആരും ഒന്ന് അറച്ചു നിന്നു എന്ന് വരാം. അതിനു ഒരേ ഒരു കാരണമേ ഉള്ളു. പാർട്ടിക്ക് വേണ്ടി നന്മയുള്ള നേതാക്കളെ എവിടെ നിന്നും കണ്ടെത്തിയെടുക്കും? പരസ്പരം ചെളി വാരി എറിയാൻ അവസരം കാത്തു നിൽക്കുന്ന രാഷ്ട്രീയ നേതാക്കൾ മാത്രമുള്ള നാടായി മാറുകയാണോ ഇന്ത്യ?
പറയുന്നതും ചെയ്യുന്നതും ഒന്നാകണം എന്ന ചിന്ത രാഷ്ട്രീയ നേതാക്കളിൽ തിരിച്ചു വരുന്ന കാലം കാത്തിരിക്കുകയാണ് പൊതുജനം. അതിനുള്ള ക്ഷമ ആർജിക്കുവാൻ അവർക്കാകുമോ എന്ന് കാത്തിരുന്നു തന്നെ കാണണം.
സാധാരണ ജനങ്ങൾക്കു വേണ്ടി സാധാരണ ജനങ്ങൾ നയിക്കുന്ന പാർട്ടി എന്നും പറഞ്ഞു തുടങ്ങിയ ഒരു രാഷ്ട്രീയ പ്രസ്ഥനമാണ് ആം ആദ്മി പാർട്ടി. അധികാരം കയ്യിൽ കിട്ടിയപ്പോൾ എല്ലാം എത്ര പെട്ടെന്നാണ് മാറിപ്പോയത്! തുടക്കത്തിൽ ഏതു കാര്യത്തിനും ജനങ്ങളുടെ അഭിപ്രായം ചോദിച്ചിരുന്ന പാർട്ടിക്ക് പിന്നെ പിന്നെ അതിനുള്ള സമയം ഇല്ലാതെ ആയി. അത് മന:പൂർവം ആയിരുന്നു എന്ന് ജനങ്ങൾ ഇന്ന് തിരിച്ചറിയുന്നു. അതിനുള്ള ശിക്ഷ ഡൽഹി മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ അവർ ആം ആദ്മി പാർട്ടിക്ക് കൊടുക്കുകയും ചെയ്തു.
അരവിന്ദ് കെജ്‌രിവാളിന്റെ പാർലമെന്ററി വ്യാമോഹങ്ങളിൽ ഒന്നായ പ്രധാനമന്ത്രി പദം ഇനി അദ്ദേഹത്തിന്ന് അപ്രാപ്യമാണെന്ന സത്യം എല്ലാവരും തിരിച്ചറിയുന്നുണ്ട്. അദ്ദേഹത്തിന്റെ ആത്മമിത്രങ്ങൾക്കു പോലും അതിലൊരു സംശയവും ഇല്ല!
ആം ആദ്മി പാർട്ടി ദില്ലിയിൽ നല്ല കാര്യങ്ങൾ ഒന്നും ചെയ്തിട്ടില്ല എന്ന് ആരും പറയുന്നില്ല. പലതും അവർ ചെയ്തിട്ടുണ്ട്. അത് അധികാരം കിട്ടിയാൽ ഏതു രാഷ്ട്രീയ പാർട്ടിക്കും ചെയ്യാവുന്ന കാര്യങ്ങൾ ആണ് എന്ന് മാത്രം. തനതായ രീതിയിൽ ആം ആദ്മി പാർട്ടി ഒന്നും ചെയ്തിട്ടില്ല എന്നതാണ് സത്യം. പലതും അവർക്കു ചെയ്യാമായിരുന്നു. കേന്ദ്ര സർക്കാരിന്റെ സഹകരണക്കുറവ് മറയായി പിടിച്ചു അവർ തങ്ങൾക്കു ചെയ്യാൻ കഴിയുമായിരുന്ന പലതും ചെയ്യാൻ ശ്രമിച്ചില്ല. ജനങ്ങളോട് ചെയ്ത വാഗ്ദാനങ്ങൾ എല്ലാം വെള്ളത്തിൽ വരച്ച വരകൾ മാത്രമായി!
മെല്ലെ മെല്ലെ ആം ആദ്മി പാർട്ടി പൊതുജനങ്ങളിൽ നിന്ന് അകന്നകന്നു പോയി. അണ്ണാ ഹസാരെ എന്ന നല്ല മനുഷ്യന്റെ നിഴൽ പറ്റി നിന്ന് രാഷ്ട്രീയം കൊണ്ടാടാൻ ഇറങ്ങിത്തിരിച്ച വ്യക്തിത്വങ്ങളോട് ജനങ്ങൾക്ക് പുച്ഛം തോന്നാൻ തുടങ്ങി.
ആം ആദ്മി പാർട്ടിയുടെ രാഷ്ട്രീയ ഭാവി എന്താണെന്നു ഇനിയും നിങ്ങൾ ചോദിക്കരുത്. അതിനൊരു ഉത്തരം പറയാൻ ആർക്കും താല്പര്യവും ഇല്ല!
Wirenews.in എഡിറ്റര്‍-ഇന്‍-ചീഫ് ആണ് ഷാജന്‍.