Skip to main content

ഗുഡ്ഗാവ്: ഛത്തിസ്‌ഗഡില്‍ മാവോവാദി ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്ന കോണ്‍ഗ്രസ് നേതാവ് വി.സി. ശുക്ല അന്തരിച്ചു. ഗുഡ്ഗാവിലെ മെദാന്ത ആശുപത്രിയില്‍ ചൊവാഴ്ചയാണ് മരണം സംഭവിച്ചത്.

 

മെയ്‌ 25-ന് കോണ്‍ഗ്രസ് നേതാക്കളുടെ വാഹനവ്യൂഹത്തിന് നേര്‍ക്ക് മാവോവാദികള്‍ നടത്തിയ ആക്രമണത്തില്‍ 84-കാരനായ ശുക്ലയുടെ വയറ്റില്‍ മൂന്നുതവണ വെടിയേറ്റിരുന്നു. ആക്രമണത്തില്‍ മുന്‍മന്ത്രി മഹേന്ദ്ര കര്‍മ, കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നന്ദകുമാര്‍ പട്ടേല്‍ എന്നിവരടക്കം 27 പേര്‍ കൊല്ലപ്പെട്ടു.

 

സ്വാതന്ത്ര്യ സമര സേനാനിയും മധ്യ പ്രദേശിന്റെ ആദ്യ മുഖ്യമന്ത്രിയും ആയിരുന്ന രവി ശങ്കര്‍ ശുക്ലയുടെ മകനായ വിദ്യാ ചരണ്‍ ശുക്ല 1957-ലാണ് ആദ്യമായി ലോക്സഭയില്‍ എത്തുന്നത്. ഇന്ദിരാ ഗാന്ധിയുടെ കീഴില്‍ വിവര-പ്രക്ഷേപണ വകുപ്പിന്റെ മന്ത്രിയായിരുന്ന അദ്ദേഹം അടിയന്തരാവസ്ഥ കാലത്ത് സെന്‍സറിംഗ് അടക്കമുള്ള വിവാദാത്മകമായ നടപടികള്‍ക്ക് നേതൃത്വം കൊടുത്തു.

 

എണ്‍പതുകളുടെ ഒടുവില്‍ കോണ്‍ഗ്രസ് വിട്ട ശുക്ല വി.പി സിങ്ങ്, ചന്ദ്രശേഖര്‍ മന്ത്രിസഭകളില്‍ അംഗമായിരുന്നു. പിന്നീട് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയ അദ്ദേഹം നരസിംഹ റാവു മന്ത്രിസഭയിലും പ്രവര്‍ത്തിച്ചു.