Skip to main content

 

ടോമിച്ചൻ മുളകുപ്പാടത്തിന്റെ കാഴ്ചപ്പാടിൽ പറയുകയാണെങ്കിൽ പുലിമുരുകൻ ഉഗ്രൻ സിനിമ. ഉഗ്രനെന്നു പറഞ്ഞാലും പോരാ ഉഗ്രോഗ്രൻ. ഇപ്പോഴും നിറഞ്ഞ സദസ്സിൽ മോണിംഗ് ഷോ ഉൾപ്പടെ തീയറ്ററുകളെ വിറപ്പിക്കുന്നുണ്ട് പുലിമുരുകൻ. പുലിമുരുകന്റെ നിർമ്മാതാവാണ് ടോമിച്ചൻ മുളകുപ്പാടം. സിനിമ തുടങ്ങുന്നതിനു മുൻപു തന്നെ മോഹൻ ലാൽ ഫാൻസ് അസ്സോസിയേഷൻകാരായിരിക്കണം, ആരവം കൊണ്ട് തീയറ്റർ നിറയ്ക്കുന്നുമുണ്ട്. ആ നിലയ്ക്ക് ഫാൻസുകാർക്കും പുലിമുരുകൻ ക്ഷ പിടിച്ചിട്ടുണ്ടാകും. എന്നാൽ ഒരു സാധാരണ കാഴ്ചക്കാരനെ സംബന്ധിച്ചിടത്തോളം മോഹൻ ലാലിനെക്കൊണ്ട് ഇത്തിരി വലിയ മീശ വയ്പ്പിച്ചിട്ട് പിരിച്ചു കാണിപ്പിക്കുന്ന, മോഹൻ ലാലിന്റെ പുതുതായി എന്തെങ്കിലും ഭാവമോ ഭാവുകത്വമോ കാണാനില്ലാത്ത ഇടിപ്പടം.

 

ലോകോത്തര നടൻ തന്നെയാണ് മോഹൻ ലാൽ അതിന് സംശയമില്ല. താനൊരു തികഞ്ഞ അഭിനേതാവ് എന്ന് സ്വന്തം ബ്ലോഗില്‍/നെ വിശേഷിപ്പിക്കേണ്ട ആവശ്യം പോലും മോഹൻ ലാലിനില്ലായിരുന്നു. അഭിനയത്തിനു വേണ്ടിയെടുത്ത ജന്മം തന്നെയാണ് മോഹൻ ലാലിന്റേത്. ഒരു നടനെന്ന നിലയിൽ അദ്ദേഹത്തിന്റെ അനുഭവ സമ്പത്തും ചെറുതല്ല. സർഗധനനായ നടനെന്ന നിലയിൽ അദ്ദേഹത്തിന്റെ അനുഭവവും കൂടി ചേർത്തു വച്ച് അദ്ദേഹത്തിനു തന്നെ തിരിഞ്ഞു നോക്കുമ്പോൾ സംതൃപ്തി നൽകുന്ന സിനിമകൾ ചെയ്യാനുള്ള അവസ്ഥയിലാണിന്ന് മോഹൻ ലാൽ. മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയാണ് പുലിമുരുകൻ. ഇത്രയും സർഗ്ഗാത്മകതയുള്ള മോഹൻ ലാൽ മലയാള സിനിമയുടെ നിർമ്മാണ ചരിത്രത്തിൽ ഒരിടം നേടുന്ന സിനിമയിൽ അഭിനയിക്കുമ്പോൾ അൽപ്പവും കൂടി കാമ്പുള്ള, കഥയുള്ള സിനിമ തെരഞ്ഞെടുക്കേണ്ടതായിരുന്നു. ഹോളിവുഡ്ഡ് സിനിമയുടെ നിലവാരത്തിലേക്ക് സാങ്കേതികമായി കുറച്ചൊക്കെ പുലിമുരുകൻ മലയാള സിനിമയെ ഉയർത്തിയിട്ടുണ്ടാകും. എന്നാൽ ഇതിവൃത്തത്തിന്റെ കാര്യത്തിൽ തികഞ്ഞ പരാജയം തന്നെയായിപ്പോയി ഈ ചിത്രം. ഇവിടെയാണ് സ്ഫടികം ഇപ്പോഴും ആസ്വാദ്യമാകുന്നത്. മുഴുനീള ഇടിയും ലാലിസം ആഘോഷിക്കുകയും ചെയ്യുന്ന സിനിമയാണ് സ്ഫടികം. എന്നാൽ  ആ രംഗങ്ങളെ കഥയുമായി ചേർത്തു കൊണ്ടുപോകുന്നു. കഥയാകട്ടെ അതിശക്തവും. സ്ഫടികത്തിലെ ആക്ഷൻ രംഗങ്ങളുടെ അടുത്തു പോലും കാണികളെ പുലിമുരുകനിലെ ആക്ഷൻ എത്തിക്കുന്നില്ല. ആക്ഷൻ രംഗങ്ങളിൽ സാങ്കേതികത്വം മുഴച്ചു നിൽക്കുകയും ചെയ്യുന്നുണ്ട്.

 

ബാഹുബലിയുടെ സ്റ്റണ്ട് രംഗങ്ങൾ തയ്യാറാക്കിയ പീറ്റർ ഹെയിനെ സംബന്ധിച്ച് പുലിമുരുകൻ വിജയം തന്നെയായിരിക്കും. കാരണം അദ്ദേഹത്തിന്റെ വിരുതുകൾ നന്നായി പ്രയോഗിക്കാൻ അവസരമൊരുക്കിയിട്ടുണ്ട്. ലാലിസ(എന്തിനെയും മീശ പിരിച്ച് താളാത്മകതയോടെ ഇടിച്ചു നിരപ്പാക്കുന്ന മോഹൻ ലാൽ സാന്നിദ്ധ്യം)ത്തെ അവതരിപ്പിക്കുന്നതിലും മോഹൻ ലാലിന്റെ വന്നിരിക്കുന്ന അനേകം പടങ്ങളിലെ ആവർത്തനം തന്നെയാണ്. പുലിയെ നേരിടണമെങ്കിൽ അതൊരുത്തനെക്കൊണ്ടേ സാധിക്കുകയുള്ളു എന്ന് ആവർത്തിച്ചു കേൾക്കേണ്ടിവരുന്ന വാചകങ്ങൾ അരോചകത്വത്തിന്റെ കൊടിമുടികയറ്റമാണ്.

 

പടം ഏറെ നാൾ തീയറ്റുകളിൽ ഓടിയെന്നിരിക്കും. അത്രയ്ക്ക് ഹിംസയെ സ്‌നേഹിക്കുന്ന സമൂഹമായി മലയാളി സമൂഹം മാറിയിരിക്കുന്ന പശ്ചാത്തലത്തിൽ. എന്നിരുന്നാലും, മോഹൻ ലാലിനോടു തന്നെ താനഭിനയിച്ച അമ്പതു നല്ല ചിത്രങ്ങളെ തെരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടാൽ അതിൽ അദ്ദേഹം പോലും പുലിമുരുകനെ ഉൾപ്പെടുത്തില്ലെന്നുറപ്പാണ്. അത്രയ്ക്ക് അതിമനോഹരമായ ഭാവുകത്വത്തിലേക്ക് കൂട്ടിക്കൊണ്ടു പോയ സിനിമകൾ ഈ നടൻ അഭിനയിച്ചതായുണ്ട്.

 

ഇടക്കാലത്ത് ശരീരം വല്ലാതെ തടിച്ച മോഹൻ ലാലിനെ പോലും പ്രേക്ഷകർ ഒരു വിഷമവുമില്ലാതെ സ്വീകരിച്ചിരുന്നു. കാരണം അഭിനയത്തിന്റെ മികവ് ഒന്നുകൊണ്ടു മാത്രം. ഏതു കഥാപാത്രത്തെ കൊടുത്താലും അതിന്റെ ഭാവപ്പകർച്ചയുടെ കാര്യത്തിൽ ലാലിലൂടെ അത് ഉദാത്തമാകും. ഇടക്കാലത്തുണ്ടായ ശരീരം ലാലിന്റെ പഴയ അവസ്ഥയിലേക്ക് കൊണ്ടു വരുന്നതിന് അദ്ദേഹത്തിന് കഴിഞ്ഞിട്ടുള്ളത് ഒരു വലിയ നേട്ടമാണ്. ആ നേട്ടം ലാലെന്ന നടനെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണ്. ആ സാഹചര്യത്തിൽ നടനായ ലാലിന്റെ ഉയർച്ച കാണാനാണ് മലയാളി ആഗ്രഹിക്കുന്നത്. നടനെന്ന ലാലിന്റെ ഉയർച്ചയെന്നത് മലയാളിയുടെ ഭാവുകത്വത്തിന്റെ പടികയറ്റം കൂടിയാണ്. അതിനിയും ലാലിൽ നിന്നുണ്ടാകാവുന്നതേ ഉള്ളു. ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

 

കഥയിലേക്കും മറ്റു കാര്യങ്ങളിലേക്കും പോയിട്ട് കാര്യമില്ല. ഷാജി കുമാറിന്റെ ക്യാമറ കാടിനെയും കാടിന്റെ വന്യതയെയും പകർത്തുന്നതിൽ വിജയിച്ചിട്ടുണ്ട്. വൈശാഖിന്റെ സംവിധാനത്തേക്കാൾ കാണികൾക്ക് പീറ്റർ ഹെയിന്റെ സംവിധാനമാണ് അനുഭവപ്പെടുന്നത്. ബോക്‌സാപ്പീസ്സിൽ വൻ വിജയത്തിന്റെ കാര്യത്തിൽ പുലിയായ പുലിമുരുകൻ അൽപ്പം വ്യത്യസ്തത പ്രതീക്ഷിച്ചവരെ സംബന്ധിച്ചിടത്തോളം എലിമുരുകനായിപ്പോയി.